Breaking News

Trending right now:
Description
 
Dec 13, 2013

ഉപരോധ സമരത്തിനെതിരേ പ്രതികരിച്ച വീട്ടമ്മയ്‌ക്ക്‌ അഞ്ചുലക്ഷം രൂപാ പാരിതോഷികം

image എല്‍ഡിഎഫിന്റെ ക്ലിഫ്‌ ഹൗസ്‌ ഉപരോധ സമരത്തിനെതിരേ പ്രതികരിച്ച തിരുവനന്തപുരത്തെ വീട്ടമ്മ സന്ധ്യയ്‌ക്ക്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി അഞ്ച്‌ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തി സമരം ചെയ്‌തത നടപടിക്കെതിരേ പ്രതികരിച്ചതിനാണ്‌ പാരിതോഷികം. തനിക്ക്‌ കഴിയാത്തത്‌ മറ്റൊരാള്‍ ചെയ്‌തതില്‍ സന്തോഷമുണ്ടന്നും കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി പറഞ്ഞു. വഴി തടയല്‍ സമരങ്ങളും ഹര്‍ത്താലുകളും ഏത്‌ പാര്‍ട്ടി നടത്തിയാലും തടയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന്‌ പറഞ്ഞ്‌ സമരത്തില്‍ പങ്കെടുത്ത സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കേരള കോണ്‍ഗ്രസ്‌ നേതാവ്‌ സുരേന്ദ്രന്‍പിള്ള എന്നിവര്‍ക്ക്‌ നേരെ ഇന്നലെ വീട്ടമ്മ പരസ്യമായി തട്ടികയറിയത്‌ ഏറെ ശ്രദ്ധ നേടിയിരുന്നു. ക്ലിഫ്‌ ഹൗസ്‌ ഉപരോധ സമരത്തിനെത്തിയ ഇടതു മുന്നണി പ്രവര്‍ത്തകരെ പൊലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ ദേവസ്വം ബോര്‍ഡ്‌ ജംഗ്‌ഷനില്‍ തടഞ്ഞു. തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. രാവിലെ 10.30 ഓടെ സ്ഥലത്ത്‌ എത്തിയ വീട്ടമ്മയ്‌ക്ക്‌ സ്‌കൂട്ടറുമായി പോകാന്‍ കഴിയാതെ വന്നതോടെയാണ്‌ നേതാക്കള്‍ക്കെതിരേ തിരിഞ്ഞത്‌. തുടര്‍ച്ചയായ നാലാം ദിവസമായിരുന്നു ഇടതു മുന്നണിയുടെ ഇന്നലത്തെ ക്ലിഫ്‌ ഹൗസ്‌ ഉപരോധ സമരം.