Breaking News

Trending right now:
Description
 
Dec 12, 2013

കേജ്രിവാള്‍ ശ്രമിച്ചാല്‍ നാടുനന്നാവില്ലെന്നു പറഞ്ഞ മലയാളികള്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേരാന്‍ ഇപ്പോള്‍ ക്യൂ നില്‍ക്കുന്നു

ഇ.എസ്‌. ജിജിമോള്‍
image   More than one Lakh Young People in Kerala Plan to Join Aam Admi Party 

"ഓ, നമ്മുടെ നാട്‌ നന്നാവില്ലെന്നേ. ഒരു കേജ്രിവാള്‍ ശ്രമിച്ചാലൊന്നും അതിനു മാറ്റം വരുത്താനും പറ്റില്ല..." എന്ന്‌ ഉറപ്പിച്ചുപറഞ്ഞ മലയാളിയുടെ മാനസികാവസ്ഥയില്‍ ആണിയടിച്ചുക്കൊണ്ടാണ്‌ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ്‌ ഫലം വന്നത്‌. ആംആദ്‌മി എന്ന വെറും ഒരു വര്‍ഷം പ്രായമുള്ള പാര്‍ട്ടി ആറു മാസം ആഞ്ഞുപിടിച്ചതോടെ പഴക്കവും തഴക്കവും പാരമ്പര്യവും ചെന്ന വമ്പന്‍മാരെ കട പുഴക്കിയപ്പോള്‍ അതിന്റെ തരംഗം ഏറ്റവും അധികം സ്‌പര്‍ശിച്ചത്‌ കേരളത്തെയാണ്‌.

ആംആദ്‌മി പാര്‍ട്ടിക്ക്‌ കേരളത്തില്‍ ഡല്‍ഹി തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്‌ മുമ്പ്‌ ഉണ്ടായിരുന്നത്‌ വെറും ആറായിരം മെമ്പര്‍ഷിപ്പായിരുന്നു. രണ്ടു ദിവസം കൊണ്ട്‌ മെമ്പര്‍ഷിപ്പ്‌ ഒരു ലക്ഷത്തിന്‌ മുകളില്‍ പോയിട്ടുണ്ടെന്നാണ്‌ ആംആദ്‌മിയുടെ അനൗദ്യോഗിക കണക്ക്‌. രാഷ്ട്രീയത്തോട്‌ മുഖം തിരിച്ചുനിന്ന്‌ ചെറുപ്പക്കാരാണ്‌ ഈ മാറ്റത്തിന്‌ മുന്നില്‍നില്‍ക്കുന്നതെന്നതാണ്‌ ഏറ്റവും പ്രതീക്ഷ നല്‌കുന്നത്‌.

രണ്ടു ദിവസം കൊണ്ട്‌ ആളുകള്‍ ഇടിച്ചുകയറിയതോടെ ആംആദ്‌മിയുടെ ഔദ്യോഗിക സൈറ്റ്‌ ഹാങ്ങായിരുന്നു. ആംആദ്‌മിയുടെ ഔദ്യോഗിക ഫെയ്‌സ്‌ ബുക്ക്‌ പേജില്‍ ഡല്‍ഹി ഫലം വരുന്നതിന്‌ മുമ്പ്‌ ഉണ്ടായിരുന്ന ലൈക്ക്‌്‌ മുപ്പതിനായിരം രണ്ടു ദിവസം കൊണ്ട്‌ പേജിലെ ലൈക്കുകള്‍ 73,000 പേര്‍.

ഓരോ ദിവസവും ആംആദ്‌മിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അറിയുവാന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിളിക്കുന്നു. സമാധാന വിപ്ലവത്തിലൂടെ കേരള രാഷ്ട്രീയത്തെ ശുദ്ധമാക്കണെമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഏറെയാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ വിളികള്‍. 



പത്തുജില്ലകളില്‍ ആംആദ്‌മി പാര്‍ട്ടിയുടെ ഘടകങ്ങള്‍ നിലവില്‍ വന്നു കഴിഞ്ഞു. ജില്ലയിലെ സംഘാടകരെ തേടിപ്പിടിച്ച്‌ ആംആദ്‌മിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശുഷ്‌കാന്തിയോടെ ജനം പഠിച്ചു തുടങ്ങിയത്‌ പ്രതീക്ഷയോടെയാണ്‌.

വ്യവസ്ഥാപിത മാധ്യമങ്ങളുടെ അഭിപ്രായങ്ങളോട്‌ പ്രതികരിക്കാനാവാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ വ്യക്തിപൂജകളോട്‌ സമരസപ്പെടാതെ അഭിപ്രായങ്ങള്‍ തുറന്നു പറയുവാന്‍ ഡിജിറ്റല്‍ മീഡിയയും സോഷ്യല്‍ മീഡിയയും അവസരം ഒരുക്കുന്നു. അതു തന്നെയാണ്‌ ആംആദ്‌മിയുടെ ശക്തിയുമെന്ന്‌ ആം ആദ്‌മി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ആം ആദ്‌മിയുടെ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ കൈകാര്യം ചെയ്യുകയും ചെയ്യുന്ന നിജില്‍ ഗ്ലോബല്‍മലയാളത്തോട്‌ വ്യക്തമാക്കി. ഫെയ്‌സ്‌ബുക്കില്‍ ആം ആദ്‌മിയുടെ പേജില്‍ എത്തുന്ന 98 ശതമാനം പേരും പറയുന്നത്‌ ഒരേ കാര്യമാണ്‌, "നിങ്ങള്‍ മറ്റു പാര്‍ട്ടികളെപ്പോലെ ആവരുത്‌."

മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളില്‍ ജനം അസംതൃപ്‌തരാണെന്ന്‌ ആംആദ്‌മിയുടെ അംഗത്വത്തിനായി അപേക്ഷിക്കുന്നവരുടെ വാക്കുകളില്‍ നിന്ന്‌ വ്യക്തമാണ്‌. അതിനാല്‍ തന്നെ കേരളത്തില്‍ ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ആംആദ്‌മി മത്സരിക്കണമോയെന്ന്‌ തീരുമാനിക്കേണ്ടതും ജനങ്ങള്‍ തന്നെയാണെന്ന്‌ ആംആദ്‌മിയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതായത്‌ ഹൈക്കമാന്‍ഡും അണികളും ഇവിടെ ഇല്ല. രാജ്യത്തിന്റെ ഉന്നതിക്കായി ഒരുമയോടെ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ജനാധിപത്യമാണ്‌ ആംആദ്‌മിയുടെ ലക്ഷ്യം.

ജന്‍ലോക്‌പാല്‍ നടപ്പായാല്‍ രാജ്യത്തെ അഴിമതിയുടെ 60% കുറയും, സ്വരാജ്‌ നടപ്പാക്കുക തുടങ്ങിയ വ്യക്തമായ ലക്ഷ്യവും ജനകീയവും സുതാര്യവുമായ ഭരണവുമാണ്‌ ആംആദ്‌മി ജനങ്ങളുടെ മുമ്പില്‍ വയ്‌ക്കുന്നത്‌.

ഓരോ രാഷ്ട്രീയ പാര്‍ട്ടിക്കും ആത്മപരിശോധനയ്‌ക്ക്‌ അവസരം ഒരുക്കുകയാണ്‌ ആംആദ്‌മി. ഫെയ്‌സ്‌ബുക്ക്‌ പേജിലെ ലൈക്കുകളെ എഴുതി തള്ളാതെ തിരിച്ചറിയുക ജനങ്ങളുടെ ആത്മരോഷത്തിന്റെ തീക്കനല്‍.

RSVP: globalmalayalam@gmail.com