Breaking News

Trending right now:
Description
 
Dec 08, 2013

ഡല്‍ഹിയിലെ ചൂലുവിപ്ലവം: കേരളത്തിലെ പാര്‍ട്ടികള്‍ക്ക്‌ നല്‌കുന്ന മുന്നറിയിപ്പ്‌

ജിജി മോള്‍ ഇ.എസ്‌
image
ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്റെ കോണ്‍ഗ്രസും ബിജെപിയും ആംആദ്‌മി പാര്‍ട്ടിയെ അത്ര കണ്ടു മുഖവിലയ്‌ക്കെടുത്തിരുന്നില്ല. സോഷ്യല്‍ മീഡിയയിലെ പിള്ളാരു കളിയല്ല രാഷ്ട്രീയത്തിന്റെ അടവുകളെന്ന അഹങ്കാരമായിരുന്നു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനും ബിജെപിക്കും. എഴുതിത്തതള്ളാതെയും പരിഗണിക്കാതെയും ആംആദ്‌മിയുടെ ശക്തിയെ കുറച്ചു കാണിക്കാനാണ്‌ മുഖ്യ പാര്‍ട്ടികള്‍ ശ്രമിച്ചത്‌. എന്നാല്‍ കോണ്‍ഗ്രസിനെ നിലം പരിശാക്കിയും ബിജെപിക്ക്‌ വെല്ലുവിളി ഉയര്‍ത്തിയും ആംആദ്‌മി
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തട്ടകത്തില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. രാഹുലും മോഡിയും എന്ന വ്യക്തി പ്രഭാവങ്ങളല്ല ആവശ്യമെന്നു പറഞ്ഞുകൊണ്ടാണ്‌ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതികരിച്ചത്‌.

അഴിമതിയും കെടുകാര്യസ്ഥതയും തങ്ങളുടെ അവകാശമാണെന്നും അതു കുടുംബക്കാര്യമാണെന്നും പ്രഖ്യാപിച്ച പാര്‍ട്ടികളോട്‌ ആംആദ്‌മി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന സന്ധിയില്ലാത്ത സമരമാണ്‌ ഈ വിജയത്തിനു പിന്നില്‍.

സരിത മുതല്‍ ടി.പി ചന്ദ്രശേഖര്‍ വരെയുള്ള വിഷയങ്ങളില്‍ കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അസ്വസ്‌ഥരാണ്‌. രാജി വയ്‌ക്കാതെ ഭരണത്തില്‍ കടിച്ചു തൂങ്ങി ഒറ്റയാള്‍ നാടകം നടത്തുന്ന ഉമ്മന്‍ ചാണ്ടിയോടും തൊഴിലാളി പ്രബുദ്ധത മേനി പറയുകയും ധാര്‍ഷ്ട്യത്തിനു കൈയ്യും കാലും വച്ചപോലെ പെരുമാറുകയും ചെയ്യുന്ന ഇടതു പാര്‍ട്ടികള്‍ക്കും ഡല്‍ഹി മുന്നറിയിപ്പാണ്‌.

പാര്‍ട്ടി നേതൃത്വം പരസ്‌പരം സന്ധിചെയ്‌ത്‌ അഴിമതിയുടെ നാണം പരസ്‌പരം കൈപൊത്തി മറയ്‌ക്കുമ്പോള്‍ ജനങ്ങള്‍ പുതിയ നേതൃത്വത്തിനായി ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണ്‌ ആംആദ്‌മിയുടെ വിജയം. ഏതെങ്കിലും ജാതിയെയോ പ്രത്യേക സമുദായത്തെയോ അല്ല ഈ പാര്‍ട്ടി മുന്നില്‍ നിറുത്തിയത്‌. അരാഷ്ട്രീയവാദികളായി മാറിക്കൊണ്ടിരിക്കുന്ന മധ്യവര്‍ത്തികളെയാണ്‌ ആംആദ്‌മി കൂടെ നിറുത്തിയത്‌.

തൊഴിലാളികള്‍ ഇന്ന്‌ കേരളത്തില്‍ ചൂഷണ വര്‍ഗമല്ല, മറിച്ച്‌ ചൂഷകരായിരിക്കുന്നു. ഇടത്തരക്കാരായ കര്‍ഷകരും വ്യാപാരികളും ജോലിക്കാരുമാണ്‌ കേരളത്തിലെ ഭൂരിപക്ഷ ജനതയും. അവരുടെ വികാരങ്ങളും ആവശ്യങ്ങളും പാര്‍ട്ടികള്‍ ചൂണ്ടുന്ന പലകകളില്‍ കാണിക്കുന്നവയല്ലാ എന്ന്‌ ഇടതു പാര്‍ട്ടികള്‍ക്ക്‌ കഴിഞ്ഞ കുറെ നാളായി മനസിലായി കാണും.

സരിത വിഷയത്തില്‍ സമരത്തിന്‌ ഇറങ്ങിയ പാര്‍ട്ടി പാതിയില്‍ സമരം നിറുത്തിയതിന്‌ ഏറ്റവും അധികം വിമര്‍ശനം നേരിട്ടത്‌ സോഷ്യല്‍ മീഡയിയില്‍ നിന്നാണ്‌.

സരിതയും കവിതയും ഫയാസും തീര്‍ത്ത കളങ്കം കോണ്‍ഗ്രസിനെ ജന മനസില്‍ നിന്ന്‌ പിഴുതെറിഞ്ഞിരിക്കുന്നു.

ജനങ്ങളുടെ പക്ഷത്തു നില്‍ക്കാതെ കണ്ണു മൂടി കെട്ടി ചെവി പൊത്തി നില്‍ക്കുന്ന പാര്‍ട്ടി വിധേയരായ വോട്ടര്‍മാരുടെ കാലം കഴിഞ്ഞുവെന്ന തിരിച്ചറിവാണ്‌ കേരളത്തിലെ രാഷ്ട്രീയത്തിന്‌ വേണ്ടത്‌. ആംആദ്‌മി കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കിയത്‌ കേരള രാഷ്ട്രീയം കുറച്ചു കാണാതെ സ്വയം വിലയിരുത്താന്‍ തയാറാകണം.

ജനസമ്പര്‍ക്കമെന്ന പിച്ചച്ചട്ടിയല്ല തങ്ങള്‍ക്ക്‌ ആവശ്യമെന്ന്‌ ജനം ഓരോ ജില്ലയിലെയും സമ്പര്‍ക്കം കഴിയുമ്പോഴും പറയുന്നുണ്ടെന്ന്‌ തിരിച്ചറിയുക. ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്ന ഗിമ്മിക്കുകള്‍ ഉപേക്ഷിക്കാം. അതാണ്‌ കോണ്‍ഗ്രസിനു നല്ലത്‌.

പ്ലീനത്തിലെ വിലയിരുത്തല്‍ പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍ പിണറായി അറിയുക കേരളത്തിലും ജനം മനസില്‍ കുറ്റിചൂല്‍ കൈയില്‍ എടുത്തു കഴിഞ്ഞു.