Breaking News

Trending right now:
Description
 
Dec 08, 2013

കൊച്ചു കേജ്രിവാള്‍ കന്നിയങ്കത്തില്‍ 5523 വോട്ടിന്‌ ഷീലാ ദീക്ഷിതിനെ മലര്‍ത്തിയടിച്ചു

ഇ.എസ്‌. ജിജിമോള്‍
image ന്യൂഡല്‍ഹിയില്‍ നാലാംവട്ടവും ഭരണം പിടിക്കാന്‍ ആഗ്രഹിച്ച ഷീലാ ദീക്ഷിതിനെ കമഴ്‌ത്തിയടിച്ച്‌ ആം ആദ്‌മി പാര്‍ട്ടിയുടെ അരവിന്ദ്‌ കേജ്രിവാള്‍ കറുത്ത കുതിരയായി. പരാജയം സമ്മതിച്ച്‌ ഷീല ദീക്ഷിത്‌ മുഖ്യമന്ത്രി പദം രാജിവച്ചു. മൂന്നുതവണയായി പതിനഞ്ചുതവണയാണ്‌ ഷീല ഡല്‍ഹി ഭരിച്ചത്‌.

സോഷ്യല്‍ മീഡിയ സൃഷ്ടിച്ച വെള്ളത്തിലെ കുമിളയാണ്‌ എഎപി എന്ന്‌ ആക്ഷേപിച്ചവര്‍ക്ക്‌ കനത്ത തിരിച്ചടിയുമായാണ്‌ കേജ്രിവാള്‍ ഡല്‍ഹി മണ്ഡലത്തില്‍ വിജയം നേടിയത്‌. സ്‌ത്രീസുരക്ഷയും വിലക്കയറ്റവും ചര്‍ച്ച ചെയ്‌ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നാരായവേര്‌ അറക്കാന്‍ എഎപിക്ക്‌ കഴിഞ്ഞു. മുന്നിലെത്തിയെങ്കിലും ഭരണം പിടിക്കാന്‍ കഴിഞ്ഞേക്കില്ല എന്നതാണ്‌ എഎപി നേരിടാന്‍ പോകുന്ന ഗതികേട്‌. മറ്റ്‌ പാര്‍ട്ടികള്‍ക്ക്‌ പിന്തുണ നല്‌കാന്‍ തയാറല്ലെന്ന്‌ നേരത്തെ തന്നെ കേജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ ഭരണം പിടിച്ച്‌ മറ്റ്‌ സംസ്ഥാനങ്ങളില്‍ വേരുകള്‍ ആഴ്‌ത്താമെന്നായിരുന്നു എഎപിയുടെ മനസിലിരുപ്പ്‌.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോണ്‍ഗ്രസിനെ മൂക്കുകുത്തിക്കാനും മോഡി തരംഗം അവകാശപ്പെടുന്ന ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളംകുടിപ്പിക്കാനും കേജ്രിവാളിനും സംഘത്തിനുമായി. ഡല്‍ഹിയില്‍ അഴിമതിക്കെതിരേ ആഞ്ഞടിക്കാന്‍ കുറ്റിച്ചൂല്‍ ചിഹ്നമായി സ്വീകരിച്ച ആം ആദ്‌മി പാര്‍ട്ടിക്ക്‌ യുവാക്കളുടെ സര്‍വാത്മനായുള്ള പിന്തുണയാണുണ്ടായത്‌.

മാധ്യമസൃഷ്ടിയെന്നും അരാഷ്ട്രീയവാദികളുടെ കൂട്ടമെന്നും ആക്ഷേപിച്ച്‌ ഇതൊന്നും വോട്ടാകില്ലെന്ന്‌ പറഞ്ഞവര്‍ക്ക്‌ കനത്ത തിരിച്ചടിയാണ്‌ ആംആദ്‌മി പാര്‍ട്ടിയുടെ വിജയം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ആം ആദ്‌മി പാര്‍ട്ടിയെ ഒരു രാഷ്ട്രീയ ശക്തിയായി പരിഗണിച്ചിരുന്നേയില്ല എന്നതാണ്‌ സത്യം.