Breaking News

Trending right now:
Description
 
Dec 07, 2013

അവര്‍ക്ക്‌ ജയില്‍ചാടാന്‍ തോന്നി, അപ്പോള്‍ ഞാനവര്‍ക്ക്‌ കുഴയ്‌ക്കാന്‍ ചപ്പാത്തിമാവ്‌ കൊടുത്തു

E.S. Gigimol
image കള്ളനെയും കവര്‍ച്ചക്കാരനെയും സ്‌നേഹിച്ച യേശു ക്രിസ്‌തുവിന്‌ കുരിശുമരണമാണെങ്കില്‍ കള്ളന്മരുടെ വിശുദ്ധി തിരിച്ചറിഞ്ഞ പാവം ഒരു ഡിജിപിയ്‌ക്ക്‌ നഷ്ടമായത്‌ ഒരു കസേരയാണ്‌. അതില്‍ ഈ പാവം ഡിജിപിക്ക്‌ ഒരു ദുഃഖവുമില്ല. കാരണം യേശുക്രിസ്‌തു പണ്ട്‌ ഒരു ഉപമ പറഞ്ഞിരുന്നു നൂറ്‌ ആടുള്ളവന്റെ ഒരാട്‌ നഷ്ടപ്പെട്ടു പോയാല്‍ നൂറിനെ ഉപേക്ഷിച്ചും നഷ്ടപ്പെട്ടവനെ കണ്ടുപിടിക്കണമെന്ന്‌. യേശുവിന്റെ വചസുകള്‍ ശിരസാ വഹിച്ച ഒരു നല്ല ഒരു ഡിജിപിയാണ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌. അങ്ങനെ നഷ്ടപ്പെട്ട ആടുകളെ കണ്ടെത്തുവാനാണ്‌ അലക്‌സാണ്ടര്‍ ജേക്കബ്‌ എന്ന ഇടയന്‍ ജയില്‍ ഡിജിപിയായത്‌.

കഴിഞ്ഞ ഏഴു വര്‍ഷം കൊണ്ട്‌ കള്ളന്മാരെ നന്നാക്കി അവര്‍ക്ക്‌ ചപ്പാത്തിയും ചിക്കന്‍ നല്‌കി ജയിലില്‍ നിന്നു ഒരവസരം കിട്ടിയാല്‍ ജയില്‍ ചാടി പോലും പാപം ചെയ്യാന്‍ തോന്നാത്തവരാക്കി മാറ്റിയ പാവം ജയില്‍ ഡിജിപിയെയാണ്‌ നിഷ്‌കരുണം ജനങ്ങള്‍ കല്ലെറിയുന്നത്‌. തട്ടുകടയിലെ ചിക്കന്‍ വറക്കുന്ന മണവും ചപ്പാത്തിയുടെ രുചിയും ജയില്‍ മതിലുകളില്‍ കൂടി അകത്തുകടന്നാല്‍ ചാടാന്‍ പ്രലോഭനം തോന്നരുതെന്ന്‌ ഡിജിപിക്ക്‌ തോന്നി. അതുകൊണ്ടെന്താ ജയില്‍ചാട്ടം എന്ന വാക്ക്‌ തന്നെ കള്ളന്മാരുടെ നിഘണ്ടുവിലില്ല. ഒന്നുംരണ്ടുമല്ല 21 കോടി രൂപയാണ്‌ ചപ്പാത്തിയും ചിക്കനും വിറ്റ്‌ ഖജനാവിലേയ്‌ക്ക്‌ മുതല്‍ കൂട്ടിയത്‌. 

Tasty:Cine actor Sanusha offering a piece of the ‘Malabar Freedom’ chapatti to municipal chairperson M.C. Sreeja during the sales inauguration at Kannur Central Prison on Saturday. –PHOTO: S.K. MOHAN

അവര്‍ക്ക്‌ ജയില്‍ചാടാന്‍ തോന്നി, ഞാനവര്‍ക്ക്‌ കുഴയ്‌ക്കാന്‍ ചപ്പാത്തിമാവ്‌ കൊടുത്തു. അവര്‍ പാപം ചെയ്യാതിരിക്കാന്‍ കറിക്കരിയാനും ചിക്കന്റെ പപ്പുപറിക്കാനും ഉപദേശിച്ചു എന്ന മട്ടിലാണ്‌ ഇപ്പോള്‍ ജയിലിലെ കാര്യങ്ങള്‍. മട്ടന്‌ വില കേറിയതില്‍പിന്നെ അതിന്‌ എന്നാ ടേയ്‌സ്റ്റാണെന്ന്‌ അറിയാത്തവര്‍ നാട്ടില്‍ കഴിയുമ്പോഴും ജയിലില്‍ ആഴ്‌ചയിലൊന്ന്‌ മട്ടന്‍കറിയാണെന്നത്‌ അധികമാരും അറിയേണ്ട. വൈഫൈയില്ലാതെ എന്തു ജീവിതം എന്ന്‌ ജയിലിലുള്ളവര്‍ക്ക്‌ തോന്നരുത്‌. ഇന്ന്‌ ഏതു കൊച്ചുകുട്ടിക്കുപോലും ഇമ്മാതിരി സൗകര്യങ്ങളില്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌. രാവിലെ എഴുന്നേറ്റ്‌ പല്ലുതേച്ചില്ലെങ്കിലും ഫേയ്‌സ്‌ബുക്കിലെ ടൈംലൈന്‍ അപ്‌ഡേറ്റ്‌ ചെയ്യണമെന്നുള്ളവര്‍ക്ക്‌ ജയിലിലാണെന്നു കരുതി ഇതെല്ലാം ഉപേക്ഷിക്കാന്‍ കഴിയുമോ? വല്ലപ്പോഴും 8 എംപി കാമറയില്‍ നല്ലൊരു പടമെടുത്ത്‌ ബ്ലൂടൂത്തില്‍ പറപ്പിച്ചു രസിക്കുന്നതും മുഖപ്പുസ്‌തകത്തിലിട്ട്‌ നാട്ടുകാരെ അസൂയപ്പെടുത്തുന്നതും കുറ്റമാണോ? നാട്ടില്‍ തുണിയില്ലാതെ നടക്കുന്നതാണ്‌ കുറ്റം, ജയിലില്‍ തുണിയുടുത്തു നടക്കുന്നതും. അതില്‍, ബെര്‍മുഡ എന്ന മുട്ടറ്റംകാല്‍സ്രായിയെന്താ ഗോസായിയുടേതാണോ ഇത്ര പുകിലുണ്ടാക്കാന്‍. 


ഇതിനൊക്കെപ്പുറമെ ജയില്‍ നരകമാണെന്നും പാപികളുടെ സങ്കേതമാണെന്നും പറഞ്ഞു നടക്കുന്നവരെ ബോധവല്‍ക്കരിക്കാനും ജയില്‍പാതയില്‍ കൊണ്ടുവരാനുമാണ്‌ ഇദ്ദേഹം ശാലോം ടിവിയില്‍ ജയില്‍വചസുകള്‍ എന്ന പരിപാടി നടത്തുന്നത്‌്‌. ഇനി ടിവി ഇല്ലാത്തവര്‍ക്കായി വചന പ്രഘോഷണ ക്ലാസുകള്‍.

അങ്ങനെയുള്ള ദൈവസ്‌നേഹിയായ ഡിജിപി മതവിദ്വേഷികളായ സിപിഎമ്മുമായി കൂട്ടുകൂടി എന്നാണ്‌ ഒരു കൂട്ടം മാധ്യമ സീസറുകള്‍ പറഞ്ഞു നടന്ന്‌ അദ്ദേഹത്തെ വിചാരണ ചെയ്‌തത്‌.

ഇന്ന്‌ ഈ രക്തത്തില്‍ എനിക്ക്‌ പങ്കില്ലെന്നു പറഞ്ഞു തിരുവഞ്ചൂര്‍ കൈ കഴുകിയപ്പോള്‍ ജയിലിലെ സകല പാപികളുടെയും പാപവും പാവം ഡിജിപി ഏറ്റു വാങ്ങി.

പാപികളെ നശിപ്പിക്കാനല്ല അവരെ നന്മയുള്ള മനുഷ്യനാക്കുവാനും സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനുമാണ്‌ സത്യത്തില്‍ ഡിജിപി അവര്‍ക്ക്‌ ആധുനിക സൗകര്യങ്ങള്‍ അനുവദിച്ചത്‌. മര്‍ദ്ദനം അവരെ കൂടുതല്‍ നശിപ്പിക്കും പാപത്തിന്റെ വഴിയെ അവരെ നയിക്കും ഇതു മനസിലാക്കിയാണ്‌ ഫെയ്‌സ്‌ബുക്ക്‌ അടക്കമുള്ള സോഷ്യല്‍ മീഡിയ അനുവദിച്ചത്‌. ഒരു തരം സൈക്കോളിക്കല്‍ അപ്രോച്ച്‌. അവരുടെ പാപങ്ങളാണ്‌ അവന്‍ ശിരസില്‍ വഹിച്ചത്‌. അവരുടെ വേദനകളാണ്‌ അവന്‍ ചുമന്നത്‌.