Breaking News

Trending right now:
Description
 
Dec 07, 2013

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അടുത്ത കാലത്തെ പരിഹാസ്യമായ പ്രധാന ചെയ്തികളും പ്രസ്താവനകളും ഇങ്ങനെ. സര്‍ക്കാര്‍ പിന്തുണയില്ലാത്ത ഉദ്യോഗസ്ഥനല്ലാതെ ഇതു സാധ്യമല്ല.

വീലേഴ്‌സ് കേരള
image ഹെല്‍മറ്റ്: പരിഹാസ്യത
അവസാനിക്കുന്നില്ല!

നിയമവിരുദ്ധമായ ഓരോരോ കാര്യങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
പ്രവര്‍ത്തിച്ചു കൂട്ടിയിട്ടും അതു നിയന്ത്രിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍
കണ്ടമട്ടു കാണിക്കാതിരിക്കുകയാണ്. പോലീസിനെതിരേ അതിരൂക്ഷമായ
പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നു ആവര്‍ത്തിച്ചുണ്ടായിട്ടും
തരിമ്പും പോലും വക വയ്ക്കാത്ത സര്‍ക്കാര്‍ ആയ സ്ഥിതിക്ക് ജനങ്ങള്‍ ഭരണം
അവസാനിക്കും വരെ അസംബന്ധതകള്‍ അനുഭവിക്കുകയേ ഗതിയുള്ളു.
പ്രതിപക്ഷത്തിനാണെങ്കില്‍ ഇങ്ങനെയുള്ള ജനപ്രിയ കാര്യങ്ങളില്‍
താത്പര്യമില്ലതാനും. അവരുടെ മുന്‍ഗണനകള്‍ വേറെയാണ്.

കള്ളന്മാരേയും കൊള്ളക്കാരെയും ഗുണ്ടകളേയും അഴിമതിവീരന്മാരേയും
പിടികൂടാന്‍ ഉശിരു കാട്ടാത്ത പോലീസ് അന്യര്‍ക്കു മാനസ്സികമായോ
ശാരീരികമായോ ഒരു തരത്തിലും ദോഷമുണ്ടാക്കാത്ത ഹെല്‍മറ്റ്,
സീറ്റ്‌ബെല്‍റ്റ്, സണ്‍ഫിലിം അയുക്ത നിയമങ്ങളില്‍
കടിച്ചുതൂങ്ങിക്കിടക്കുന്നത് സര്‍ക്കാരിന്റെ അറിവോടെയും സര്‍ക്കാര്‍
ധൂര്‍ത്തിനു ചെലവഴിക്കാനായി നിഷ്പ്രയാസം പിഴപ്പണമൂറ്റാനുമാണെന്നു
ആര്‍ക്കാണറിയാത്തത്. ജനങ്ങളുടെ രക്ഷയ്ക്കും സുരക്ഷിതത്ത്വത്തിനും
ചെയ്യേണ്ട ഒരു കാര്യവും ചെയ്യാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ വഴിയേ പോകുന്ന
ഡ്രൈവര്‍മാരെയെല്ലാം നിന്ന നില്പ്പില്‍ കൊലപാതകികളേക്കാളും അധമരായ
കുറ്റവാളികളാക്കുന്നതും ആ രീതിയില്‍ വളരെ മോശമായി അവരോടു പെരുമാറുന്നതും! ഹെല്‍മറ്റ് തലയിലുണ്ടെങ്കില്‍ ടയര്‍ കയറിയിറങ്ങിയാലും മരിക്കില്ലെന്ന് ഉറപ്പ്. അതു പ്രസിദ്ധീകരിച്ച ദൈ്വവാരികയെങ്കിലും ബോധം പ്രകടിപ്പിക്കണമായിരുന്നു!

 മന്ത്രിമാരുടെ വാഹനങ്ങള്‍ക്കു വേഗപ്പൂട്ടിടും!. ഉടനേ നടക്കാത്ത കാര്യമെന്നു അറിഞ്ഞുകൊണ്ടു, എല്ലാവരും നിയമത്തിനു വിധേയരാണെന്നു കാണിക്കാന്‍ ഒരു പ്രസ്താവനാവേല! അതു വേണ്ടതുതന്നെയെന്നു വോട്ടര്‍മാരായ ജനങ്ങളായ ജനങ്ങളെല്ലാം പറയും. പക്ഷേ, മുറത്തില്‍ കയറി കൊത്താന്‍ തുടങ്ങിയാല്‍ വിടുമോ? ജനപ്രതിനിധികള്‍ കണ്ണുരുട്ടിയപ്പോള്‍ പൂട്ട് കാണാനില്ല.

 ഹെല്‍മറ്റില്ലാതെ പോകുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. കോടതിയില്‍ കേസു വന്നപ്പോള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും കീഴുദ്യോഗസ്ഥരാണ് അതു ചെയ്യുന്നതെന്നും! സ്വന്തം കാര്യം തുലാസിലായപ്പോള്‍ കൂടെ കൂട്ടു നിന്നവരെ മറന്നു!! എന്നാല്‍ ചെയ്യാത്ത കുറ്റങ്ങള്‍ കൂടി ചേര്‍ത്ത് കീഴുദ്യോഗസ്ഥര്‍ കേസുകള്‍ മൂപ്പിച്ചുകൊണ്ടിരിക്കുന്നു.

 സിനിമയില്‍ അഭിനയിക്കുന്നവരെ ഹെല്‍മറ്റ് വപ്പിച്ചില്ലെങ്കില്‍ സംവിധായകനേയും നിര്‍മ്മാതാവിനേയും പൊക്കി അകത്തിടും. അങ്ങനെയായാല്‍ ബലാല്‍സംഗം, സംഘട്ടനം, കൊലപാതകം, കത്തിക്കുത്ത്, വെടിവയ്പ്പ് എല്ലാം സിനിമയില്‍ ഇല്ലാതായി സമൂഹം നിര്‍മ്മലമാകുമല്ലോ എന്നു ജനം ആശ്വസിച്ചു. എന്നാല്‍ അവനവന്റെ പണി മാത്രം ചെയ്താല്‍ മതിയെന്നു ശക്തമായ മറുപടി സിനിമാ രംഗത്തു നിന്നു വന്നതോടെ അതു കേസിലേ അവസാനിക്കൂ എന്നു തോന്നുന്നു.

 കാറുകളിലെ കര്‍ട്ടന്‍ എടുത്തു മാറ്റും, രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഏതു നിയമത്തിലാണു കര്‍ട്ടന്‍ നിരോധിക്കപ്പെട്ടിട്ടുള്ളതെന്നു അറിയാത്തതിനാലാകണം മന്ത്രിമാരും ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം (പോലീസ് ഉദ്യോഗസ്ഥര്‍ പോലും!) കര്‍ട്ടന്റെ മറയത്താണ് വ്യാപകമായും സുഖമായും ഓടിക്കൊണ്ടിരിക്കുന്നത്. അക്കൂട്ടര്‍ക്കു സര്‍ക്കാര്‍ ചെലവിലായതു കാരണം ഫിലിമോ കര്‍ട്ടനോ എന്തു തന്നെയായാലും തോന്നുമ്പോഴെല്ലാം പിടിപ്പിക്കുകയോ എടുത്തു മാറ്റുകയോ ചെയ്യാം. കാശ് വിയര്‍ത്തുണ്ടാക്കിയതല്ലാത്തതിനാല്‍ ആര്‍ക്കെന്തു ചേതം? പക്ഷേ, സാധാരണക്കാരന് വെയിലു കൊള്ളാതെ പോകണമെങ്കിലും കുഞ്ഞിനു പാലുകൊടുക്കണമെങ്കിലും കണ്ണാടിക്കിടയില്‍ പത്രക്കടലാസോ തോര്‍ത്തോ തിരുകണം!