Breaking News

Trending right now:
Description
 
Oct 24, 2012

നടുവുവേദനയും കാരണങ്ങളും

image ജീവിതശൈലിയിലെ പ്രത്യേകതകള്‍ പകര്‍ന്നു നല്‌കുന്ന രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ നടുവു വേദന. ഇരിപ്പിലെ പ്രത്യേകതകള്‍, ദീര്‍ഘനേരം ഒരേ ഇരുപ്പില്‍ തുടരേണ്ടി വരിക എന്നിങ്ങനെ ആധുനിക ജീവിതത്തില്‍ നടുവുവേദനയുടെ കാരണങ്ങള്‍ ഒട്ടേറെയാണ്‌. ആവശ്യമായ വ്യായാമം ഇല്ലാതെ വരുന്നതും ശാസ്‌ത്രീയ രീതി അനുവര്‍ത്തിക്കാതെ ഭാരമെടുക്കുക, കുനിഞ്ഞു നിന്ന്‌ ജോലി കള്‍ ചെയ്യുക, ദീര്‍ഘനേരം ഇരിപ്പിനെക്കുറിച്ചോ ശരീരത്തിന്റെ സ്ഥിതിയെക്കുറിച്ചോ ശ്രദ്ധയില്ലാതെ ചടഞ്ഞുകൂടി ടിവിയും മറ്റും കാണുക എന്നിവയെല്ലാം നടുവുവേദന വിടാതെ പിന്തുടരുന്നതിനു കാരണമാകാം.

നടുവുവേദന ഏറ്റവുമധികം കണ്ടുവരുന്നത്‌ സ്‌ത്രീകളിലാണ്‌. കുറഞ്ഞത്‌ 41 ശതമാനം സ്‌ത്രീകളിലെങ്കിലും നടുവുവേദനയുണ്ടെന്നാണ്‌ കണക്ക്‌. നടുവുവേദനയുള്ള എണ്‍പതു ശതമാനം സ്‌ത്രീകളിലും ഒരു വര്‍ഷമായി തുടരുന്ന കഴുത്തുവേദനയുടെ ബാക്കിയായാണ്‌ നടുവുവേദന ആരംഭിക്കുന്നത്‌.

എല്ലാ പ്രായത്തിലുള്ളവരെയും നടുവുവേദന പിടികൂടാം. ചെറുപ്രായത്തില്‍ അതായത്‌ 16 മുതല്‍ 24 വരെയുള്ള പ്രായത്തില്‍ നടുവുവേദന വരുന്നവരുടെ എണ്ണം കൂടിവരികയാണെന്ന്‌ കണക്കുകള്‍ കാണിക്കുന്നു. നടുവുവേദനയുള്ള സ്‌ത്രീകളില്‍ പകുതിപ്പേരും 45-64 വയസ്‌ പ്രായത്തിലുളളവരാണ്‌. പുരുഷന്മാരെ അപേക്ഷിച്ച്‌ നടുവുവേദന ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നത്‌ സ്‌ത്രീകളിലാണെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. പെട്ടെന്നുളള നടുവുവേദന, കുറഞ്ഞ കാലത്തേയ്‌ക്ക്‌ വരുന്നത്‌ പുരുഷന്മാരിലാണ്‌.

ഒരേ അവസ്ഥയില്‍ അനങ്ങാതെ ഇരുന്നാല്‍ നടുവ്‌ വേദനയ്‌ക്ക്‌ സാധ്യത കൂടുതലാണ്‌. നടുവ്‌ അനങ്ങാതെ ഇരിക്കുന്ന അവസരങ്ങളിലൊക്കെ നടുവിന്‌ കൃത്യമായ താങ്ങ്‌ ആവശ്യമുണ്ട്‌. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ നടുവു വേദന ഒഴിവാക്കാനാകും.

നടുവു വേദനയുടെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. ഏറ്റവും പ്രധാനപ്പെട്ട കാരണം തെറ്റായ ഇരിപ്പും കിടപ്പുമാണ്‌. ദീര്‍ഘകാലത്തേയ്‌ക്ക്‌ നില്‌ക്കേണ്ടി വരിക, കുനിയേണ്ടി വരിക എന്നിവ നടുവു വേദനയ്‌ക്ക്‌ കാരണമാകാം. നടുവിന്‌ വേണ്ടത്ര താങ്ങ്‌ തരാത്ത രീതിയിലുള്ള ഇരിപ്പിടങ്ങള്‍ നടുവുവേദന വരുത്തും. ഭാരമേറിയ വസ്‌തുക്കള്‍ ഉയര്‍ത്തേണ്ടി വരിക, തൂക്കിപ്പിടിച്ചു നടക്കേണ്ടി വരിക എന്നിവയും വേദനയുണ്ടാക്കാം. പ്രത്യേകിച്ച്‌, ശരിയായ രീതിയിലല്ല ഭാരമുയര്‍ത്തുന്നതെങ്കില്‍. വീഴ്‌ചയാണ്‌ നടുവുവേദനയുണ്ടാകാനുള്ള മറ്റു പ്രധാന കാരണങ്ങളിലൊന്ന്‌.

മുപ്പത്തിമൂന്ന്‌ ചെറിയ എല്ലുകള്‍ അഥവാ കശേരുക്കള്‍ ചേര്‍ന്നതാണ്‌ നട്ടെല്ല്‌. ഇവയെ ബന്ധിപ്പിച്ച്‌ ഡിസ്‌ക്കുകള്‍ ഉണ്ട്‌. നടുവുവേദന ഉണ്ടായാല്‍ ശാരീരികമായി ചലനാത്‌കമായിരിക്കുക എന്നത്‌ പ്രധാനമാണ്‌. അതായത്‌ വേദന ഒഴിവാക്കാന്‍ നടുവ്‌ ഇളക്കാതെ നോക്കുന്നത്‌ വേദന കുറയ്‌ക്കാന്‍ കാരണമാകുന്നില്ല. ചെറിയ തോതിലുള്ള നടുവുവേദനകള്‍ ഏതാണ്ട്‌ ആറ്‌ ആഴ്‌ചകള്‍ക്കുള്ളില്‍ സുഖം പ്രാപിക്കും.

നാഡികളിലെ വേദനയാണ്‌ പലരിലും നടുവുവേദനയായി കാണപ്പെടുന്നത്‌. ഡിസ്‌ക്കിന്റെ സ്ഥാനമാറ്റമോ മറ്റ്‌ തകരാറുകളോ ആകാം ഇതിനു കാരണം. ഡിസ്‌ക്കിന്റെ സ്ഥാനം തെറ്റല്‍ മൂലം നാഡികളിലൂണ്ടാകുന്ന വേദന കാലുകളിലേയ്‌ക്കും കണങ്കാലിലേയ്‌ക്കും പാദങ്ങളിലേയ്‌ക്കും പടരാം. ഹോട്ട്‌ വാട്ടര്‍ ബാഗോ ഐസ്‌ പായ്‌ക്കോ നടുവുവേദനയ്‌ക്ക്‌ ആശ്വാസം തരും. ശരീരത്തിലേയ്‌ക്ക്‌ ഐസ്‌ നേരിട്ട്‌ വയ്‌ക്കാതിരിക്കുക.

ഷോക്ക്‌ അബ്‌സോര്‍ബര്‍ എന്ന നിലയിലാണ്‌ ഡിസ്‌ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌. ജെല്ലി പോലെയുള്ള വസ്‌തുവിന്‌ പുറമേ കട്ടിയുള്ള എന്നാല്‍ ഇലാസ്‌തികതയുള്ള പുറംകൂട്‌ എന്ന രീതിയിലാണ്‌ ഡിസ്‌ക്ക്‌ സൃഷ്‌ടിച്ചിരിക്കുന്നത്‌. പുറംകൂടിന്‌ എന്തെങ്കിലും ക്ഷതം സംഭവിച്ചാല്‍ ഉള്ളിലെ വസ്‌തുക്കള്‍ പുറത്തേയ്‌ക്ക്‌ വരാന്‍ ഇടയാക്കും. പ്രൊലാപ്‌സ്‌ഡ്‌ ഡിസ്‌ക്ക്‌ എന്ന അവസ്ഥയ്‌ക്കു കാരണമിതാണ്‌.

പുറംവേദന തടയാന്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കായികവ്യായാമം ചെയ്യുക, നടുവിന്‌ നന്നായി താങ്ങ്‌ നല്‌കുന്ന കസേരകള്‍ മാത്രം ഉപയോഗിക്കുക. കാല്‍പ്പാദം തറയ്‌ക്ക്‌ സമാന്തരമായി വയ്‌ക്കാന്‍ ശ്രദ്ധിക്കുക. ആവശ്യത്തിന്‌ ദൃഡതയുള്ള കിടക്കയില്‍ മാത്രം കിടന്നുറങ്ങുക. കൂനിക്കൂടി ഇരിക്കാതിരിക്കുക. നടക്കുമ്പോള്‍ നിവര്‍ന്നു നടക്കുക. കിടക്കവിരികളും മറ്റും വിരിക്കേണ്ടി വരുമ്പോള്‍ കുനിയുന്നതിനു പകരം മുട്ടില്‍നിന്ന്‌ വിരികള്‍ ശരിയാക്കുക. വസ്‌ത്രങ്ങള്‍ തേയ്‌ക്കുന്ന മേശ നിങ്ങളുടെ അരയ്‌ക്കൊപ്പം ഉയരമുള്ളതാണെന്ന്‌ ഉറപ്പുവരുത്തുക. ഉയരം കുറഞ്ഞ തേപ്പുമേശ ഉപയോഗിച്ചാല്‍ നടുവുവേദന ഉണ്ടാകാം. പൂന്തോട്ടത്തിലും മറ്റും കുഴി കുഴിക്കേണ്ടിവരിക, മണ്ണു മാന്തുക, കള പറിക്കുക എന്നിവ നടുവുവേദനയ്‌ക്ക്‌ കാരണമാകാം. ശരിയായ രീതിയിലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ ഇത്‌ പരിഹരിക്കാം. കഴിവുള്ളിടത്തോളം ഭാരവസ്‌തുക്കള്‍ ഉയര്‍ത്താതിരിക്കുക. ഉയര്‍ത്തുമ്പോള്‍ നടുവല്ല വളയ്‌ക്കേണ്ടത്‌, കാലുകളാണ്‌. തറയില്‍ കാലുകള്‍ ചവിട്ടി ഉറപ്പിച്ചശേഷം മുട്ടുകള്‍ വളച്ച്‌ ഭാരവസ്‌തുവിനോട്‌ ഏറ്റവും ചേര്‍ന്നുനിന്ന്‌ പതിയെ ഉയര്‍ത്തുക.

സ്‌ത്രീകളില്‍ ആര്‍ത്തവസമയത്ത്‌ നടുവുവേദന കൂടുതലായി കണ്ടുവരുന്നു. ഗര്‍ഭിണികളിലും കൊച്ചുകുട്ടികളിലുള്ള അമ്മമാരിലും നടുവുവേദന വര്‍ദ്ധിക്കാന്‍ കാരണമാകാം. 40 മുതല്‍ 60 ശതമാനം വരെ സ്‌ത്രീകളില്‍ ഗര്‍ഭകാലത്ത്‌ നടുവുവേദന ഉണ്ടാകുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. ഹോര്‍മോണുകളുടെ മാറ്റവും ഇതിനു കാരണമാകുന്നുണ്ട്‌.

ഹൈഹീല്‍ഡ്‌ ചെരുപ്പുകള്‍ നടുവുവേദനയ്‌ക്ക്‌ കാരണമാകാം. ഇറുകിപ്പിടിച്ച വസ്‌ത്രങ്ങള്‍ ശരീരം ശരിയായ രീതിയില്‍ ചലിക്കുന്നതിനു തടസമാകുകയും നടുവുവേദനയ്‌ക്ക്‌ കാരണമാകുകയും ചെയ്യാം.

നടപ്പ്‌ നടുവിനുള്ള നല്ല വ്യായാമമാണ്‌. നീന്തല്‍ ആണ്‌ ഏറ്റവും മികച്ച വ്യായാമം. എക്‌സര്‍സൈസ്‌ ബൈക്ക്‌ ഉപയോഗിക്കുന്നതും നല്ലതാണ്‌. പുകവലി നടുവിലേയ്‌ക്കുള്ള രക്തചംക്രമണത്തെ കുറയ്‌ക്കും. അതുകൊണ്ടുതന്നെ പുകവലി ഉപേക്ഷിക്കുന്നത്‌ നടുവുവേദന കുറയ്‌ക്കാന്‍ കാരണമാകാം.

കിടക്ക എത്രമാത്രം മികച്ചതാണെന്നും നിങ്ങളുടെ ശരീരത്തിന്‌ യോജിച്ചതാണെന്നും ഉറപ്പുവരുത്തണം. പുറം ചേര്‍ത്തുവച്ച്‌ കിടക്കുമ്പോള്‍ കൈപ്പത്തി കിടക്കയോട്‌ ചേര്‍ത്തുപിടിച്ച്‌ നടുവിന്റെ ഭാഗത്തേയ്‌ക്ക്‌ തിരുകിനോക്കുക. വലിയൊരു വിടവ്‌ ഉണ്ടെങ്കില്‍ നിങ്ങളുടെ കിടക്കയ്‌ക്ക്‌ കട്ടി കൂടുതലാണ്‌. നടുവിന്‌ താങ്ങ്‌ നല്‌കാന്‍ കിടക്കയ്‌ക്ക്‌ കഴിയുന്നില്ലെന്നു മനസിലാക്കാം. കൈപ്പത്തി കടക്കാന്‍ പ്രയാസമാണെങ്കില്‍ കിടക്ക വളരെ മൃദുവാണെന്നു മനസിലാക്കാം. വലിയ ബുദ്ധിമുട്ടില്ലാതെ നടുവിന്റെ ഭാഗത്തേയ്‌ക്ക്‌ കൈപ്പത്തി കടത്താന്‍ പറ്റുന്നുണ്ടെങ്കില്‍ കിടക്ക നടുവിന്‌ നന്നായി താങ്ങ്‌ നല്‌കുന്നുവെന്ന്‌ കാണാം.