Breaking News

Trending right now:
Description
 
Dec 05, 2013

വനിതാ മാധ്യമപ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുന്നു; പലതും പുറത്തുവരുന്നില്ലെന്ന്‌ സര്‍വേ

image തൊഴിലിടങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട്‌ പത്രമാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ പത്രപ്രവര്‍ത്തകര്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ചുള്ള സര്‍വേയില്‍ പുറത്തുവന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍. വാഷിംഗ്‌ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ്‌ മീഡിയ ഫൗണ്ടേഷനും ലണ്ടനിലെ ഇന്റര്‍നാഷണല്‍ ന്യൂസ്‌ സേഫ്‌റ്റി ഇന്‍സ്റ്റിറ്റിയൂട്ടും ചേര്‍ന്നാണ്‌ സര്‍വേ നടത്തിയത്‌. കഴിഞ്ഞ ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 882 വനിതാ മാധ്യമപ്രവര്‍ത്തകരില്‍ നിന്ന്‌ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്‌. വാര്‍ത്താ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ പത്രപ്രവര്‍ത്തകര്‍ക്ക്‌ തൊഴില്‍ സ്ഥാപനങ്ങളില്‍ നിന്ന്‌ വലിയ തോതില്‍ പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ്‌ കണ്ടെത്തല്‍. പത്രസ്ഥാപനങ്ങളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട്‌ നടക്കുന്ന ആദ്യ സര്‍വേയാണിത്‌.

സഹപ്രവര്‍ത്തകരില്‍ നിന്ന്‌ മൂന്നില്‍ രണ്ടു വനിതാ പത്രപ്രവര്‍ത്തകര്‍ക്കും മോശമായ പെരുമാറ്റം, പീഡനം, ഭീഷണി തുടങ്ങിയവ നേരിടേണ്ടി വരുന്നുണ്ടെന്നാണ്‌ സര്‍വേയില്‍ പറയുന്നത്‌. മേലധികാരിയില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമാണ്‌ അധികവും ഭീഷണിയും അധിക്ഷേപവും നേരിടേണ്ടി വരുന്നതെന്നും പഠനത്തില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 882 വനിതകളില്‍ പകുതിയിലധികവും പേര്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഇത്തരം മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വരുന്നവര്‍ സംഭവം പുറത്തു പറയാനോ പരാതിപ്പെടാനോ തയാറാകാറില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. മാനസികമായി വലിയ ആഘാതം സംഭവത്തെത്തുടര്‍ന്ന്‌ ഉണ്ടാകുകയും ചെയ്യുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 82 ശതമാനം റിപ്പോര്‍ട്ടര്‍മാരാണ്‌. ഇതില്‍ 49 ശതമാനം പത്രങ്ങളിലും 21 ശതമാനം ടിവിയിലും 16 ശതമാനം റേഡിയോയിലും ജോലി ചെയ്യുന്നവരാണ്‌. ഏഷ്യാ പസഫിക്‌ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്‌ 29 ശതമാനം പേരും. വടക്കേ അമേരിക്കയില്‍ നിന്ന്‌ 21 ശതമാനം, യൂറോപ്പില്‍ നിന്ന്‌ 19 ശതമാനം, ആഫ്രിക്കയില്‍ നിന്ന്‌ 13 ശതമാനം, ലാറ്റിന്‍-തെക്കന്‍ അമേരിക്കയില്‍ നിന്ന്‌ 11 ശതമാനം, അറബ്‌ രാജ്യങ്ങളില്‍ നിന്ന്‌ 5 ശതമാനം എന്നിങ്ങനെയാണ്‌ സര്‍വേയില്‍ പങ്കെടുത്തവരുടെ കണക്കുകള്‍. യുനെസ്‌കോയുടെയും ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെയും സഹകരണത്തോടെയാണ്‌ സര്‍വേ നടത്തിയത്‌.