Breaking News

Trending right now:
Description
 
Dec 04, 2013

നാലുവര്‍ഷത്തിനുള്ളില്‍ തനിയെ ഓടുന്ന കാര്‍ സ്വീഡന്‍ നിരത്തുകളിലെത്തും

image സ്വീഡന്‍ ഗോഥന്‍ബര്‍ഗ്‌ നഗരത്തില്‍ 2017 ഓടെ തനിയെ ഓടുന്ന കാറുകള്‍ നിരത്തിലിറങ്ങും. ആദ്യ ഘട്ടത്തില്‍ 100 സ്വയം നിയന്ത്രിക്കുന്ന കാറുകളാണ്‌ പുറത്തിറങ്ങുക. വോള്‍വോയാണ്‌ സ്വീഡിഷ്‌ നിരത്തുകളില്‍ അത്‌ഭുതം സൃഷ്‌ടിക്കാനൊരുങ്ങുന്നത്‌. ഇതിന്റെ പൈലറ്റ്‌ പ്രൊജക്‌ടിനായുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. ഡ്രൈവ്‌ മീ എന്നു പേരിട്ട പദ്ധതി വോള്‍വോ കാര്‍ ഗ്രൂപ്പിനോടൊപ്പം സ്വീഡിഷ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ അഡ്‌മിനിസ്‌ട്രേഷന്‍, സ്വീഡിഷ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഏജന്‍സി, ലിന്‍ഥോള്‍മെന്‍ സയന്‍സ്‌ പാര്‍ക്ക്‌, ഗോഥന്‍ബര്‍ഗ്‌ നഗര മന്ത്രാലയം എന്നിവയുടെയും സഹകരണത്തോടെയാണ്‌ നടപ്പാക്കുന്നത്‌. സ്വീഡനിലെ വര്‍ധിക്കുന്ന കാര്‍ അപകടങ്ങള്‍ കുറയ്‌ക്കുവാനാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ വോള്‍വോയുടെ സാങ്കേതിക വിദഗ്‌ധന്‍ വ്യക്തമാക്കുന്നു. വോള്‍വോയുടെ എക്‌സ്‌ സി 90 മോഡല്‍ കാറിലാണ്‌ അത്യാധുനിക സാങ്കേതിക വിദ്യ പ്രായോഗികമാക്കുന്നത്‌. സ്‌കേലബിള്‍ പ്രൊഡക്‌ട്‌ ആര്‍ക്കിട്ടെക്‌ടര്‍ എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചാണ്‌ തനിയെ ഓടുന്ന കാറുകള്‍ നിരത്തിലിറക്കുന്നത്‌. നഗരത്തിലെ റോഡുകളുടെ സ്ഥിതി അനുസരിച്ചും ട്രാഫിക്‌ ബ്ലോക്കുകളില്‍ വേഗത നിയന്ത്രിച്ചും കാര്‍ പ്രവര്‍ത്തിക്കും. പ്രധാന കമ്പനികളുടെ ഭാഗങ്ങളും സോഫ്‌റ്റ്‌വെയറുകളും കമ്പനി പ്രയോജനപ്പെടുത്തും. സ്റ്റിയറിംഗ്‌, ബ്രേക്ക്‌, മോട്ടോര്‍ നിയന്ത്രണം തുടങ്ങിയവയൊക്കെ വോള്‍വോ സ്വന്തമായി നിര്‍മിക്കും. യാത്ര ചെയ്യുന്ന റോഡ്‌ മാപ്പ്‌, റഡാര്‍-ക്യാമറ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ്‌ കാര്‍ പ്രവര്‍ത്തിക്കുക. എല്ലാ റോഡുകളിലും കാര്‍ ഉപയോഗിക്കാനാവില്ല. തെരഞ്ഞെടുത്ത റോഡുകളില്‍ മാത്രമാകും തുടക്കത്തില്‍ കാര്‍ ഓടിക്കാനാകുകയെന്ന്‌ സാങ്കേതിക വിദഗ്‌ധര്‍ പറയുന്നു. സ്വയം നിയന്ത്രിക്കാവുന്ന കാറുകള്‍ നേരത്തേ ഗൂഗിള്‍, മെഴ്‌സിഡസ്‌ തുടങ്ങിയ കമ്പനികള്‍ വികസിപ്പിച്ചിട്ടുണ്ട്‌. ഫ്‌ളോറിഡിലും കാലിഫോര്‍ണിയയിലും ഇത്തരം കാറുകളുടെ ടെസ്റ്റ്‌ ഡ്രൈവിംഗ്‌ അനുവദിച്ചിട്ടുണ്ട്‌. യുകെയില്‍ ഈ വര്‍ഷം അവസാനത്തോടെ തനിയെ ഓടുന്ന കാറുകള്‍ ടെസ്റ്റ്‌ ഡ്രൈവ്‌ നടത്തുമെന്ന്‌ വ്യക്തമാക്കിയിരുന്നു.