Breaking News

Trending right now:
Description
 
Dec 03, 2013

നോകിയോയ്‌ക്ക്‌ 6500 കോടിയുടെ നികുതി കുടിശിക; ഹൈക്കോടതിയില്‍ കേസ്‌

image 6500 കോടിയുടെ നികുതി സംബന്ധിച്ച കേസില്‍ കുറഞ്ഞ നിക്ഷേപമായി 2500 കോടി അടയ്‌ക്കാമെന്നുള്ള ഫിന്‍ലന്‍ഡ്‌ മൊബൈല്‍ കമ്പനി നോകിയയുടെ വാഗ്‌ദാനം ഡല്‍ഹി ഹൈക്കോടതിയില്‍ ആദായനികുതി വകുപ്പ്‌ തള്ളി. ഇക്കാര്യത്തില്‍ വകുപ്പാണ്‌ തീരുമാനമെടുക്കേണ്ടതെന്നു നോകിയ വാദിച്ചപ്പോള്‍ നിങ്ങള്‍ പറയുന്നതില്‍ കാര്യമില്ലെന്നു ജസ്റ്റീസുമാരായ സഞ്‌ജീവ്‌ ഖന്നയും സഞ്‌ജീവ്‌ സച്‌ദേവയും ഉള്‍പ്പെട്ട ബെഞ്ച്‌ വ്യക്‌തമാക്കി. അതില്‍ക്കൂടുതല്‍ ഒരു തുക നിക്ഷേപിക്കാനുള്ള സ്ഥിതിയിലല്ല കമ്പനിയെന്ന്‌ അഭിഭാഷകന്‍ ഹരീഷ്‌ സാല്‍വെ അറിയിച്ചു. ആഗോളതലത്തില്‍ മൈക്രോസോഫ്‌റ്റ്‌ നോകിയയെ വാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്‌. അതിനാല്‍ ഇന്ത്യന്‍ കമ്പനിയുടെ ആസ്‌തി കൈമാറ്റത്തിന്‌ ഏര്‍പ്പെടുത്തിയ സ്റ്റേ ഉത്തരവ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു മുമ്പു നല്‍കിയ ഹര്‍ജിയില്‍ കോടതി ഒമ്പതിന്‌ വാദം കേള്‍ക്കും. ഇന്ത്യന്‍ പ്ലാന്റ്‌ വില്‍ക്കുന്നതു കൂടാതെ ആഗോളതലത്തില്‍ മൊബൈല്‍ ബിസിനസില്‍ നിന്നു കമ്പനി പിന്‍മാറുകയാണെന്നു കോടതിയെ അറിയിച്ചു. എന്നാല്‍ ഈ നിലപാടിനെ കോടതി വിമര്‍ശിച്ചു. ഉത്‌പാദനം തുടരുമെന്നാണു മുമ്പു പറഞ്ഞത്‌, ഇപ്പോള്‍ പറയുന്നു പ്ലാന്റ്‌ അടച്ചുപൂട്ടുമെന്ന്‌. എന്തുകൊണ്ടാണ്‌ 3500 കോടി രൂപ വിദേശത്തേക്ക്‌ കൊണ്ടുപോകുന്നത്‌. സ്ഥാവര സ്വത്ത്‌ ഇവിടെ സൂക്ഷിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നുവോ... ലാഭവിഹിതവും നികുതിയും ചേര്‍ത്ത്‌ നിങ്ങളുടെ പക്കല്‍ 4500 കോടി രൂപയുണ്ട്‌. ആദായനികുതി വകുപ്പ്‌ അതു പിടിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവിടെ വന്നു, അപ്പോള്‍ പറഞ്ഞു ഉത്‌പാദനം മുടക്കമില്ലാതെ പോകുമെന്ന്‌, എന്നിട്ട്‌ ഇപ്പോള്‍ അതു മാറ്റിപ്പറയുന്നുവോയെന്ന്‌ കോടതി ചോദിച്ചു.