Breaking News

Trending right now:
Description
 
Dec 03, 2013

രാഷ്ട്രീയത്തോടു വിമുഖതയില്ലെന്ന്‌ ശര്‍മിഷ്‌ഠ മുഖര്‍ജി

image തനിക്കു രാഷ്ട്രീയത്തോടു വിമുഖതയില്ലെന്ന്‌ രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്‌ഠ മുഖര്‍ജി. ഡല്‍ഹിയില്‍ ശര്‍മിഷ്‌ഠ കോണ്‍ഗ്രസിനു വേണ്ടി ഇക്കുറി പ്രചാരണത്തിന്‌ ഇറങ്ങിയിരുന്നു. ശര്‍മിഷ്‌ഠയുടെ സജീവരാഷ്‌ട്രീയ പ്രവേശനവും ഇതോടെ ചര്‍ച്ചയായിരുന്നു. ഇക്കാര്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോടാണ്‌ രാഷ്‌ട്രീയത്തോട്‌ തനിക്ക്‌ വിമുഖതയില്ലെന്ന്‌ ശര്‍മിഷ്‌ഠ പ്രതികരിച്ചത്‌. താന്‍ ഒരു രാഷ്‌ട്രീയ കുടുംബത്തിലെ അംഗമാണെന്നും എങ്ങനെ തനിക്ക്‌ രാഷ്‌ട്രീയത്തോട്‌ മുഖംതിരിക്കാനാകുമെന്നുമായിരുന്നു അവരുടെ പ്രതികരണം. കോണ്‍ഗ്രസിനു വേണ്ടി പ്രചാരണത്തിന്‌ ഇറങ്ങേണ്ടത്‌ തന്റെ കടമയാണെന്നാണ്‌ കരുതുന്നതെന്നും ഡല്‍ഹി സംസ്ഥാനത്തിനു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌ത മുഖ്യമന്ത്രിയാണ്‌ ഷീലാ ദീക്ഷിത്തെന്നും ശര്‍മിഷ്‌ഠ കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന്‌ മത്സരത്തേക്കാള്‍ വലുതാണ്‌ രാഷ്‌ട്രീയമെന്നായിരുന്നു ശര്‍മിഷ്‌ഠയുടെ മറുപടി. നേരത്തെ സഹോദരന്‍ അഭിജിത്‌ മുഖര്‍ജിക്കു വേണ്ടി ജാംഗിപ്പൂര്‍ മണ്‌ഡലത്തില്‍ പ്രചാരണത്തിന്‌ ഇറങ്ങിയിട്ടുള്ള ശര്‍മിഷ്‌ഠ ഇതു രണ്ടാം തവണയാണ്‌ നേരിട്ട്‌ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്‌. ഡല്‍ഹിയില്‍ നാലോളം റാലികളിലാണ്‌ ശര്‍മിഷ്‌ഠ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്‌.