Breaking News

Trending right now:
Description
 
Dec 02, 2013

നിയമം വന്നിട്ടും നഴ്‌സുമാരുടെ അവസ്ഥ തെങ്ങില്‍ തന്നെ, നഴ്‌സുമാര്‍ വീണ്ടും തെരുവില്‍ ഇറങ്ങി

image

കേരളത്തിലെ സംഘടിത ശക്തിയായ മാറിയ നഴ്‌സുമാര്‍ നിയമ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാര്‍ നോക്കുക്കുത്തിയായി സ്വയം വേഷം കെട്ടുന്നു. അതോടെ നഴ്‌സുമാരുടെ അവസ്ഥ ശങ്കരന്‍ വീണ്ടും തെങ്ങില്‍ തന്നെ എന്ന നിലയില്‍. 
അതോടെ നഴ്‌സുമാര്‍ തെരുവില്‍ വീണ്ടുമിറങ്ങി സമരം നടത്തേണ്ടി വന്നിരിക്കുന്നു.

കഴിഞ്ഞ ഇരുപത്തിയാറ്‌ ദിവസത്തിലേറെയായി സമരമുഖത്ത്‌ കഴിയുന്ന നഴ്‌സുമാരെ മറന്നു കളയുന്ന മുഖ്യധാര മാധ്യമങ്ങള്‍ ഈ സമരവും കണ്ടില്ലെന്ന്‌ നടിക്കുന്നു. നഴ്‌സുമാര്‍ പരിശീലനം പൂര്‍ത്തിയാക്കിയാല്‍ അവരെ സ്റ്റാഫ്‌ നഴ്‌സാക്കി എടുക്കണമെന്നാണ്‌ പുതിയ വ്യവസ്ഥ. ട്രെയിനിംങ്‌ സംവിധാനം നഴ്‌സിംഗ്‌ സമരത്തെ തുടര്‍ന്ന്‌ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ കേരളത്തിലെ വ്യവസായ രംഗമായി മാറിയിരിക്കുന്ന വന്ധ്യത ചികിത്സ രംഗത്തെ പ്രമുഖ ആരോഗ്യ മാഫിയയായ ഈ ഹോസ്‌പിറ്റല്‍ നഴ്‌സുമാരെ ചൂക്ഷണം ചെയ്യുന്നത്‌ ഇങ്ങനെയാണ്‌.
കൊടുങ്ങല്ലൂരിലെ ഇന്‍ഫര്‍ട്ടിലിറ്റി ഹോസ്‌പിറ്റലായ ക്രാഫ്‌റ്റിലാണ്‌ നിയമവ്യവസ്ഥകളെ മറയാക്കി നഴ്‌സുമാരെ ചൂക്ഷണം ചെയ്യുന്നത്‌. ഇവിടെ ജോലി ചെയ്യുന്ന 150 നഴ്‌സുമാരില്‍ 86യോളം പേരാണ്‌ ട്രെയിനികള്‍. 360 ദിവസം ട്രെയിനിംങ്‌ ജോലി പൂര്‍ത്തിയായാല്‍ സ്റ്റാഫ്‌ നഴ്‌സാക്കണമെന്നാണ്‌ നിയമം. ഈ നിയമം മറികടക്കാന്‍ ഹോസ്‌പിറ്റല്‍ ട്രെയിനിംങ്‌ സ്റ്റാഫുകള്‍ക്ക്‌ പരീക്ഷ നടത്തി മാനേജ്‌മെന്റിന്‌ താല്‌പര്യമുള്ളവര്‍ക്ക്‌ മാത്രം സ്റ്റാഫ്‌ നഴ്‌സാക്കുവാനാണ്‌ ഇപ്പോള്‍ ശ്രമം നടത്തുന്നത്‌. വന്ധ്യത ചികിത്സയുടെ പേരില്‍ കോടികള്‍ ലാഭമുണ്ടാക്കുന്ന ഹോസ്‌പിറ്റല്‍ നഴ്‌സുമാരില്‍ ഭൂരിപക്ഷത്തെയും ട്രെയിനികളായി എടുത്ത്‌ ഒരു വര്‍ഷം തികയ്‌ക്കാതെ പിരിച്ചു വിടാനാണ്‌ പരീക്ഷ നടത്തുന്നതെന്ന്‌ ക്രാഫ്‌റ്റിലെ നഴ്‌സുമാര്‍ വ്യക്തമാക്കി.

സംഘടിത ശക്തിയെ ആരോഗ്യമാഫിയ സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച്‌ തകര്‍ക്കുവാന്‍ നടത്തുന്ന കാഴ്‌ചയാണ്‌ കേരളത്തിലാകെ നടക്കുന്നത്‌. ഇതിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ വീണ്ടും സമരകാഹളം മുഴക്കേണ്ടി വന്നത്‌. പല നിയമങ്ങളും ഈ മേഖലയില്‍ നടപ്പിലാക്കിയെങ്കിലും പുതിയ തന്ത്രങ്ങളും ആവിഷ്‌കരിച്ചും നഴ്‌സുമാരുടെ സംഘടിത ശക്തിയെ ഭിന്നിപ്പിച്ചും മാനേജ്‌മെന്റ്‌ നടത്തുന്ന കുതന്ത്രത്തിന്റെ തെളിവാണ്‌ കഴിഞ്ഞ വെള്ളിയാഴ്‌ച കോടതിയില്‍ കൊടുത്ത എഗ്രിമെന്റ്‌ കോപ്പി. ആ ഹോസ്‌പിറ്റലില്‍ പ്രവര്‍ത്തിക്കാത്ത യൂണിയന്‍ നേതൃത്വവുമായി, ട്രെയിനിംഗ്‌ പൂര്‍ത്തിയാക്കിയ നഴ്‌സുമാര്‍ക്ക്‌ പരീക്ഷ നടത്തി പരീക്ഷ പാസാകുന്നവരെ സ്റ്റാഫ്‌ നഴ്‌സായി അംഗീകരിച്ച മതി എന്ന വ്യവസ്ഥ ഉണ്ടാക്കിയെന്നാണ്‌ അവകാശം.

 ഇതിനെ ചോദ്യം ചെയ്‌തു യുണൈറ്റഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ ഭാരവാഹികളെ മാനേജ്‌മെന്റ്‌ ഹോസ്‌പിറ്റലില്‍ ഇല്ലാത്ത യൂണിയനുമായി കരാര്‍ ഉണ്ടാക്കിയതിന്റെ രേഖകള്‍ കാണിച്ച്‌ നഴ്‌സുമാരുടെ ആനുകൂല്യം നിഷേധിക്കുന്നതായി ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

ട്രെയിനികള്‍ക്ക്‌ തുച്ഛമായ ശമ്പളം നല്‌കിയാല്‍ മതി. എന്നാല്‍ സ്റ്റാഫ്‌ നഴ്‌സിന്‌ സര്‍ക്കാര്‍ മനദ്‌ണ്ഡം അനുസരിച്ച്‌ ശമ്പളം നല്‌കണം, അതോടെ കേരളത്തിലെ ആരോഗ്യ മാഫിയകള്‍ നഴ്‌സുമാരുടെ എണ്ണം വെട്ടി കുറച്ചിട്ടുണ്ട്‌. പകരം ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ട്രെയിനി സ്റ്റാഫിനെ എടുക്കുക എന്ന നയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. 

എറണകുളത്തെ ഇന്ദിരഗാന്ധി നഴ്‌സിംഗ്‌ കോളേജിലെ വിദ്യാര്‍ത്ഥികളും സമരത്തിലാണ്‌. നാളെ ഈ സമരത്തെ അനുകൂലിച്ച്‌ എറണാകുളത്ത്‌ ബഹുജനമാര്‍ച്ച്‌ യുഎന്‍എ സംഘടിപ്പിച്ചിട്ടുണ്ട്‌.
ആരോഗ്യമേഖലയിലെ അടിമ- ഉടമ ബന്ധം നിലനിര്‍ത്തുന്ന ആശുപത്രി മാനേജ്‌മെന്റെ രീതികളില്‍ ഒരു പൊളിച്ചെഴുത്ത്‌ ഉണ്ടാകണമെങ്കില്‍ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണം.