Breaking News

Trending right now:
Description
 
Dec 02, 2013

അനില്‍ വാര്യരുടെ ചിത്രങ്ങള്‍ ഇനി ഗ്ലോബല്‍ മലയാളത്തില്‍

image പ്രമുഖ ന്യൂസ്‌ ഫോട്ടോഗ്രാഫര്‍ അനില്‍ വാര്യരുടെ ചിത്രങ്ങള്‍ ഗ്ലോബല്‍ മലയാളം വായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ, കലാ-സാംസ്‌കാരിക രംഗത്തെ മറക്കാനാവാത്ത നിമിഷങ്ങള്‍ അടുത്തുനിന്ന്‌ കാണാനും അത്‌ ക്യാമറയില്‍ പകര്‍ത്താനും അസുലഭഭാഗ്യം ലഭിച്ച ന്യൂസ്‌ ഫോട്ടോഗ്രാഫര്‍മാരിലൊരാണ്‌ അനില്‍ വാര്യര്‍. ക്രിയാത്മകതയും കലാമൂല്യവും ഒത്തുചേര്‍ന്ന അനില്‍ വാര്യരുടെ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ കേരളസമൂഹം ഏറെ കൗതുകത്തോടെയാണ്‌ കണ്ടിരുന്നത്‌. ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ചിത്രങ്ങളുടെ കാലത്തുനിന്ന്‌ കളര്‍ ചിത്രങ്ങളുടെ കാലത്തേയ്‌ക്കുള്ള മാറ്റത്തില്‍ വാര്‍ത്തകള്‍ക്കൊപ്പമോ അതിനപ്പുറമോ ശ്രദ്ധ നേടിയവയാണ്‌ അനിലിന്റെ പല ചിത്രങ്ങളും.

തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ ഏര്‍പ്പെടുത്തിയ മിനര്‍വ കൃഷ്‌ണന്‍കുട്ടി അവാര്‍ഡ്‌ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. 



ഗ്ലോബല്‍ മലയാളം ന്യൂസ്‌ പോര്‍ട്ടലില്‍ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്‌റ്റായി ഇന്നു മുതല്‍ തിരുവനന്തപുരത്ത്‌ അനില്‍ ചുമതലയേറ്റു. ചരിത്രമുഹൂര്‍ത്തങ്ങളുടെ പുനര്‍ക്കാഴ്‌ചയുമായി 'ഫ്‌ളാഷ്‌ ബാക്ക്‌' എന്ന പേരില്‍ അനിലിന്റെ പ്രമുഖ ചിത്രങ്ങള്‍ ഗ്ലോബല്‍ മലയാളം പ്രസിദ്ധീകരിച്ചു തുടങ്ങുകയാണ്‌. 

 Anil Warrier

ആലപ്പുഴ നങ്ങ്യാര്‍കുളങ്ങര തെക്കേവാര്യത്ത്‌ കുടുംബാംഗമായ അനില്‍ സ്റ്റില്‍ ഫോട്ടോഗ്രഫിയില്‍ ഡിപ്ലോമ നേടിയ ശേഷമാണ്‌ മംഗളം ദിനപ്പത്രത്തില്‍ ന്യൂസ്‌ ഫോട്ടോഗ്രാഫറായി തുടക്കം കുറിച്ചത്‌. പിന്നീട്‌ ദീപിക ദിനപ്പത്രത്തിന്റെ കോട്ടയം, കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളില്‍ ഒന്നരദശകത്തോളം ന്യൂസ്‌ ഫോട്ടോഗ്രാഫറായിരുന്നു. തുടര്‍ന്ന്‌ പയനീയര്‍ ഇംഗ്ലീഷ്‌ ദിനപ്പത്രത്തിലും ബാംഗളൂര്‍ ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ്‌ ചാനലിലും പ്രവര്‍ത്തിച്ചു. പ്രിന്റ്‌, വിഷ്വല്‍ മീഡിയകളിലെ പ്രവര്‍ത്തിപരിചയവുമായാണ്‌ ഡിജിറ്റല്‍ മാധ്യമമായ ഗ്ലോബല്‍ മലയാളത്തിലേയ്‌ക്ക്‌ അനില്‍ എത്തുന്നത്‌.

https://www.facebook.com/globalmalayalam എന്ന ഫേയ്‌സ്‌ബുക്ക്‌ പേജിലും അനിലിന്റെ ചിത്രങ്ങള്‍ കാണാം. ഈ ചിത്രങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും തുറന്നെഴുതുക. globalmalayalam@gmail.com




അനില്‍ വാര്യരുടെ ചിത്രങ്ങള്‍ ഇനി ഗ്ലോബല്‍ 

മലയാളത്തില്‍