Breaking News

Trending right now:
Description
 
Dec 01, 2013

കുഞ്ഞന്‍കാര്‍ നാനോയ്‌ക്ക്‌ നല്ല ഭാവിയുണ്ടെന്ന്‌ രത്തന്‍ടാറ്റ

image നാനോ കാറിന്റെ ഉപജ്‌ഞാതാവായ ടാറ്റാ സണ്‍സ്‌ എമിററ്റ്‌സ്‌ ചെയര്‍മാന്‍ രത്തന്‍ടാറ്റയ്‌ക്ക്‌ അതിനെ ഉപേക്ഷിക്കാന്‍ മനസുവരുന്നില്ല. ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കാര്‍ എന്നു വിശേഷിപ്പിക്കുന്ന നാനോയ്‌ക്കു നല്ല ഭാവിയുണ്ടെന്നു ടാറ്റ പറഞ്ഞു. നാനോയുടെ വിപണനത്തില്‍ ചില പിഴവുകള്‍ സംഭവിച്ചുവെന്നു സമ്മതിച്ച അദ്ദേഹം അതില്‍ ചില കാതലായ മാറ്റം വരുത്തി പുത്തന്‍ഭാവത്തില്‍ പുറത്തിറക്കുമെന്ന്‌ അറിയിച്ചു. ഒരു അമേരിക്കന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. ഏറ്റവും വിലക്കുറവുള്ള കാര്‍ എന്ന നിലയില്‍ത്തന്നെ വിപണിയിലിറക്കും. 2009ലാണ്‌ നാനോ പുറത്തിറക്കുന്നത്‌. ഇന്ത്യയിലെ സാധാരണക്കാരുടെ ഇടയില്‍ വിപ്ലവം സൃഷ്‌ടിക്കേണ്ടതായിരുന്നു നാനോയുടെ വരവ്‌. എന്നാല്‍ മോശം വില്‍പ്പനമൂലം മൂലം ഈ ലക്ഷ്യം സാധിച്ചില്ല. വിലയാണ്‌ അതിനു തിരിച്ചടിയായത്‌. വിലക്കുറവുളള കാറിനെ `വിലകുറഞ്ഞ കാറായിട്ടു പലരും ചിത്രീകരിച്ചു. ഈ പ്രതിഛായ മാറ്റി പുത്തന്‍ ഭാവത്തില്‍ ഒരുക്കിയിറക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. പാവപ്പെട്ടവരെ അല്ലെങ്കില്‍ സാമ്പത്തികമായി താഴേക്കിടയിലുള്ളവരെ ലക്ഷ്യമാക്കിയാണ്‌ നാനോ പുറത്തിറക്കിയത്‌. നിര്‍ഭാഗ്യവശാല്‍ അവര്‍ നാനോയെ വിട്ട്‌ അല്‌പം വിലകൂടിയ കാറുകളിലേക്കു തിരിയുകയാണുണ്ടായത്‌. 

ബേസ്‌ മോഡല്‍ നാനോ തുടക്കത്തില്‍ വിറ്റത്‌ ഒരുലക്ഷം രൂപയ്‌ക്കാണ്‌. ഇരുചക്ര വാഹന ഉടമകളെയായിരുന്നു നാനോ കൂടുതലും ലക്ഷ്യമിട്ടത്‌. ഒരു ചെറിയ കുടുംബത്തിനു സുഖകരമായി യാത്ര ചെയ്യാന്‍ അവസരമൊരുക്കുക- അതാണ്‌ ഉദ്ദേശിച്ചത്‌. നാലും അഞ്ചും അംഗങ്ങളുള്ള കുടുംബം വളരെ അഭ്യാസം നടത്തി സ്‌കൂട്ടറുകളില്‍ ഇന്ത്യയിലെ കുപ്രസിദ്ധമായ തിരക്കിലൂടെ യാത്ര ചെയ്യുന്നതു കണ്ടിട്ടാണ്‌ അവര്‍ക്കായി നാനോ ഒരുക്കിയതെന്നു രത്തന്‍ടാറ്റ പറഞ്ഞു. ഇന്ത്യയിലല്ലാതെ ഇന്തോനേഷ്യ പോലെയുള്ള മറ്റ്‌ ഏതെങ്കിലും രാജ്യത്താണ്‌ ആദ്യം ഇറക്കിയിരുന്നതെങ്കില്‍ നാനോയ്‌ക്ക്‌ ഈ ദുരനുഭവം ഉണ്ടാകില്ലായിരുന്നു. അതിനെ വിലകുറഞ്ഞ രീതിയില്‍ കാണാന്‍ ഇന്ത്യയിലെ ഒരുവിഭാഗം താത്‌പര്യപ്പെടുകയായിരുന്നു. ഇന്തോനേഷ്യയില്‍ കഴിഞ്ഞ ആഴ്‌ച നാനോ വിപണിയിലിറക്കി. വലിയ പ്രതികരണമാണ്‌ അവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. യൂറോപ്പില്‍പോലും നാനോയ്‌ക്കു വലിയ സ്വീകാര്യതയാണുള്ളത്‌. തുടക്കത്തില്‍ പ്രതിമാസം 25,000 യൂണിറ്റ്‌ വില്‍പ്പനയാണു ലക്ഷ്യമിട്ടത്‌. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്‌ടോബര്‍ വരെ വിറ്റത്‌ 12,322 യൂണിറ്റ്‌ മാത്രമാണ്‌. എസി ഇല്ലാത്ത ബേസ്‌ മോഡലിന്‌ ഇപ്പോള്‍ 1,45,000 രൂപയാണു വില.