Breaking News

Trending right now:
Description
 
Nov 30, 2013

ഗോള്‍ഡന്‍ ഫാദേഴ്‌സിനു വേണ്ടി സ്‌ത്രീപക്ഷത്തു നിന്നൊരു ശബ്ദം

image

കഴിഞ്ഞ കുറെക്കാലമായി പുരുഷന്മാര്‍ നേരിടുന്ന തികച്ചും അവഹേളനപരവും അസമത്വവും നിറഞ്ഞ നിലപാടുകള്‍ക്ക്‌ എതിരെ പ്രതികരിക്കാന്‍ പോലും ത്രാണിയില്ലാതെ നട്ടം തിരിയുന്ന പാവം പുരുഷന്മാര്‍ക്കു വേണ്ടിയാണ്‌ ഈയുള്ളവളുടെ സ്‌ത്രീശബ്ദം ഉയരുന്നത്‌. പലതരത്തില്‍ ഇന്ന്‌ പുരുഷേട്ടന്മാര്‍ പീഡിപ്പിക്കപ്പെടുകയാണ്‌. പണ്ട്‌ ഭാര്യ കൊണ്ടു കൊടുക്കുന്ന ചായയ്‌ക്ക്‌ മധുരം കുറഞ്ഞു പോയാല്‍ എന്തൊക്കെ പറയാമായിരുന്നു.
സുരേഷ്‌ ഗോപി ഡയലോഗില്‍ ചോദിക്കാമായിരുന്നു " ഛേ പുല്ലേ നിനക്ക്‌ ഒരു ചായപോലും ..ഇടാന്‍ അറിയാന്‍ പാടില്ല, എവിടെ നിന്റെ തന്ത കാഞ്ഞിരപ്പള്ളി കറിയാച്ഛന്റെ ഭാര്യ കൊല്ലക്കുന്നേല്‍ എല്‍സി സ്‌കറിയ, അവരോടു ചോദിച്ചിട്ടു തന്നെ കാര്യം ഇതൊന്നു പഠിപ്പിക്കാതെയാണോ മകളെ വല്ലവന്റെയും കൂടെ കെട്ടിച്ചയച്ചത്‌,,, ബാക്കി പൂരിപ്പിക്കുക ഷിറ്റ്‌"
എന്നാല്‍ ഇന്നോ,ഭാര്യ നാഗവല്ലി സ്റ്റൈലില്‍ ഇങ്ങനെ പറയും മധുരമില്ലാത്ത ചായ നിങ്ങള്‍ കുടിക്കില്ലേ, ഇന്നേക്ക്‌ ദുര്‍ഗാഷ്ടമി,നാളെ മുതല്‍ നിന്റെ ചായകുടി ഞാന്‍ മുട്ടിക്കും. നിനക്കെതിരെയും നിന്റെ അമ്മയ്‌ക്കും വീട്ടുകാര്‍ക്കുമെതിരെ സ്‌ത്രീപീഡനത്തിന്‌ കേസു കൊടുക്കും.
ഭാര്യ പൊറാട്ട തിന്നണമെന്ന്‌ ആഗ്രഹിച്ച്‌ ഭര്‍ത്താവിനോട്‌ ചോദിക്കുമ്പോള്‍ കാശില്ല എന്നാങ്ങാനും പറഞ്ഞാല്‍ മാനസിക പീഡനത്തിന്‌ ഭാര്യയ്‌ക്ക്‌ കേസു കൊടുക്കാമത്രേ. അതുകൊണ്ട്‌ കുടുംബത്തില്‍ പിറന്ന പല പുരുഷന്മാരും ഭാര്യ പീഡനമാണ്‌ ഇന്ന്‌ അനുഭവിക്കുന്നത്‌.
അങ്ങനെ സ്‌ത്രീ പുരുഷ സമത്വം ഏതാണ്ട്‌ പൂര്‍ണമായ കേരള നാട്ടില്‍ സ്‌ത്രീയെ ആദരിക്കുമ്പോള്‍ പുരുഷനെയും ആദരിക്കേണ്ടേ?
പെണുങ്ങള്‍ തെങ്ങിന്‍മേല്‍ കേറിയാല്‍ അവാര്‍ഡ്‌, എന്നും തെങ്ങില്‍ കേറുന്നവര്‍ക്ക്‌ കുവാര്‍ഡ്‌.
എന്തെല്ലാം പീഡനങ്ങളാണ്‌ പാവം പുരുഷന്‍ സഹിക്കുന്നത്‌. എല്ലാ പുരുഷന്മാരും പ്രതീക്ഷിക്കുന്നത്‌ എന്നെങ്കിലും തന്റെ വില ലോകം തിരിച്ചറിയുമെന്നാണ്‌.

അപ്പോഴാണ്‌ ഒരു സര്‍വ്വകലാശാല തന്നെ പുരുഷേട്ടന്മാരെ അപമാനിക്കാന്‍ രംഗത്ത്‌ എത്തിയിരിക്കുന്നത്‌. കേരളത്തിലെ പൊന്നമ്മമാരെ കണ്ടെത്തി ആ സര്‍വകലാശാല ആദരിക്കാന്‍ പോകുകയാണത്രേ. പൊന്നമ്മമാരെ ആദരിക്കുമ്പോള്‍ പൊന്നച്ഛന്‍മാരെ ആദരിക്കുന്നതിനെയല്ലേ നാം ജെന്‍ഡര്‍ ഇക്വാളിറ്റി അഥവാ ലിംഗം സമത്വമെന്നൊക്കെ പറയുന്നത്‌. എന്നാല്‍ സര്‍വകലാശാലക്കാര്‍ അതൊന്നും ഗൗനിക്കുന്നില്ലത്രേ. ഈ സര്‍വകലാശാല ജെന്‍ഡര്‍ ഇക്വാളിറ്റി പഠിപ്പിക്കുന്നുണ്ടത്രേ എന്നിട്ടാ പുരുഷന്മാരോട്‌ ഇങ്ങനെയൊക്കെ ചെയ്യാന്‍ പാടുണ്ടോ?

ഇനി കാര്യത്തിലേക്ക്‌ വരാം.
ജോലി ചെയ്‌തു പത്തു കാശു സമ്പാദിക്കുകയും കുഞ്ഞുങ്ങളെ മൂലയൂട്ടി വളര്‍ത്തി അനുസരണം വിനയം തുടങ്ങിയ സല്‍ഗുണങ്ങള്‍ പഠിപ്പിച്ച്‌ അവര്‍ രക്ഷപ്പെട്ടുവെന്നു വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി നല്‌കിയാല്‍ പൊന്നമ്മയകുവാനുള്ള ആദ്യ സ്റ്റെപ്പ്‌ കടന്നു.
ഈ പൊന്നമ്മ പട്ടം കിട്ടുന്നതോടെ ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ കൊതിയൊടെ നോക്കി പറയും നാളെ ഞാനും പൊന്നമ്മയാകും. അതാണ്‌ ലിംഗം സമത്വം പഠിപ്പിക്കുന്ന സര്‍വകലാശാല പോലും നല്ല സ്‌ത്രീ ലക്ഷണമായി കരുതുന്നത്‌.


അപ്പോഴാണ്‌ പുരുഷന്മാരായ ആണ്‍കുട്ടികള്‍ ഭഗ്നാശരാകുന്നത്‌. എവിടെ റോള്‍ മോഡലായി ഒരു ഗോള്‍ഡന്‍ ഫാദര്‍. നല്ലൊരു റോള്‍ മോഡല്‍ ഫാദറില്ലാതെ മകളെ പീഡിപ്പിക്കുന്ന അച്ഛന്റെ വാര്‍ത്തകള്‍ കേട്ട്‌ ആ യൂണിവേഴ്‌സിറ്റിയിലെ യൂത്തന്‍സ്‌ വഴി തെറ്റി പോയാല്‍ ഒരു ഗോള്‍ഡന്‍ ഫാദറിനെ നല്‌കാത്തതിന്റെ പേരില്‍ വി.സി നിങ്ങള്‍ നാളെ ദുഃഖിക്കേണ്ടി വരും.

ഉദാഹരണത്തിന്‌ പൊന്നമ്മയായി തിരഞ്ഞെടുത്തത്‌ മിസിസ്‌ എക്‌സാണെന്ന്‌ സങ്കല്‌പിക്കുക. മിസിസ്‌ രാവിലെ പണിക്കു പോകുമ്പോള്‍ എക്‌സിന്റെ ഭര്‍ത്താവ്‌ രാവിലെ തുണി തിരുമിയിട്ട്‌ കുഞ്ഞുങ്ങളെ സ്‌കൂളില്‍ കൊണ്ടാക്കി കൃത്യം പത്തിന്‌ ആഫീസില്‍ എത്തി പണി ചെയ്‌ത്‌ തിരികെ വന്ന്‌ മക്കളെ സ്‌കൂളില്‍ നിന്ന്‌ വിളിച്ച്‌ വീട്ടിലാക്കി ചപ്പാത്തിയും ബീഫ്‌ കറിയും ഉണ്ടാക്കി വച്ചാല്‍ ഗോള്‍ഡന്‍ ഫാദര്‍ വൈയാവേണ്ടേ? ഇതൊക്കെ ചെയ്‌ത വൈയെ മറന്ന്‌ എക്‌സിനെ മാത്രം ആദരിക്കുന്നത്‌ പുരുഷ പീഡനമാണ്‌.

മൂന്നുനാലും വര്‍ഷം ഭാര്യയെയും മക്കളെയും കാണാതെ ഗള്‍ഫിലെ മണലാരിണ്യത്തില്‍ പണിയെടുക്കുന്ന ഫാദേഴ്‌സ്‌ മക്കളെ കുളിപ്പിച്ച്‌ സ്‌കൂളില്‍ കൊണ്ടാക്കിയില്ല എന്ന കാരണത്താല്‍ ഗോള്‍ഡന്‍ ഫാദര്‍ പദവിക്ക്‌ യോഗ്യനല്ല എന്നു സര്‍വകലാശാല പറഞ്ഞാല്‍ ഹാ........... പ്രവാസികളെ നിങ്ങളെയൊര്‍ത്തു ഞാന്‍ കേഴും.

ഏത്‌ മേഖലയിലും കഴിവു തെളിയിച്ച സ്‌ത്രീകള്‍ക്കും ഈ അവാര്‍ഡിന്‌ അപേക്ഷിക്കാം. നമ്മുടെ സോളാര്‍ സരിത ചേച്ചി അപേക്ഷിച്ചാല്‍ അവാര്‍ഡ്‌ കൊടുക്കാതിരിക്കാന്‍ പറ്റുമോ? എന്തൊരു കുലീനത, നമ്രശിരസ്‌കയായി അവര്‍ പോലീസ്‌ എസ്‌കോര്‍ട്ടോടെ വരുമ്പോള്‍ ഏതൊരു പെണ്‍കുട്ടിയും ആ സ്‌ത്രീരക്‌നത്തെ നോക്കി നീ പൊന്നമ്മല്ല, തങ്കമ്മയല്ല, കനകമ്മയാണെന്ന്‌ പറഞ്ഞുപോകും. പുരുഷന്മാരുടെ ദുരവസ്ഥ അറിയണമെങ്കില്‍ ബിജുരാധാകൃഷ്‌ണനെ മാത്രം നോക്കിയാല്‍ മതി. സിഡി ഉണ്ടെന്നു പറഞ്ഞു നാട്ടുകാരെ കൊതിപ്പിച്ചിതു മാത്രം മിച്ചം. പൊന്നച്ഛനു ജയിലും തൂക്കുമരവും. ശാലു കൊടുത്ത പൊന്നന്‍ സര്‍ട്ടിഫിക്കറ്റു മാത്രം മിച്ചം.
സരിതയ്‌ക്ക്‌ അവിടെ പൊന്നമ്മ പദവി, ബിജുവിനു അവിടെ കാരാഗൃഹം. ഇതു തന്നെയാണ്‌ പുരുഷന്മാരുടെ ദുരവസ്ഥ.
എന്തായാലും പുരുഷന്റെ ദുരവസ്ഥ മനസിലാക്കാന്‍ സിപിഎം പ്ലീനത്തില്‍ കഴിഞ്ഞു, കല്യാണത്തിന്‌ പുരുഷന്മാര്‍ ഇരിക്കുകയും സ്‌ത്രീകള്‍ നില്‍ക്കുകയും ചെയ്യുന്ന ഏര്‍പ്പാട്‌ ഇനി വേണ്ടത്രേ. അന്ന്‌ കല്യാണത്തിന്‌ സ്‌ത്രീകളുടെ മുന്നില്‍ ഇരുന്ന പോയ പല പാര്‍ട്ടി സഖാക്കള്‍ക്കും പിന്നീട്‌ സ്‌ത്രീയുടെ മുന്നില്‍ നിന്ന്‌ എണീക്കാന്‍ കഴിഞ്ഞിട്ടില്ലത്രേ. ഇങ്ങനെ ഇരിക്കുന്നതു കൊണ്ടാണത്രേ പല സ്‌ത്രീകള്‍ക്കും പുരുഷന്റെ തലയില്‍ വേഗം കയറാന്‍ പറ്റുന്നതെന്നും പ്ലീനം കണ്ടുപിടിച്ചു. അതുകൊണ്ട്‌ ആ പ്രാകൃത ഏര്‍പ്പാട്‌ അവസാനിപ്പിക്കാന്‍ ചരിത്രപരമായ ആഹ്വാനം ചെയതു കൊണ്ടാണ്‌ പ്ലീനം പോലും ലിംഗം സമത്വം നടപ്പിലാക്കിയത്‌.