Breaking News

Trending right now:
Description
 
Nov 29, 2013

പശ്ചിമഘട്ടം നിലനിന്നിട്ടുമതി വികസനം

ഫാ. സേവ്യര്‍ കുടിയാംശ്ശേരി, ആലപ്പുഴ കോര്‍പ്പറേറ്റ്‌ മാനേജര്‍
image
പള്ളിക്കാര്‍ക്കെന്താണ്‌ പശ്ചിമഘട്ടത്തില്‍ കാര്യം? 
- രണ്ടാം ഭാഗം
പശ്ചിമഘട്ട സംരക്ഷണം

 
പശ്ചിമഘട്ട മേഖല മുഴുവന്‍ പരിസ്ഥിതി ലോലപ്രദേശമായി കരുതണമെന്നാണ്‌ ഗാഡ്‌ഗില്‍ സമിതി നിര്‍ദ്ദേശിച്ചത്‌. പശ്ചിമഘട്ട പരിപാലനത്തിനായി മാധവ്‌ ഗാഡ്‌ഗില്‍ സമിതി നല്‍കിയ ശുപാര്‍ശകള്‍ പലതും എതിര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ്‌ കസ്‌തൂരിരംഗന്റെ നേതൃത്വത്തില്‍ പത്തംഗസമിതിയെ നിയമിച്ചത്‌. കസ്‌തൂരിരംഗന്‍ തലവനായുള്ള പത്തംഗ ഉന്നത സമിതിക്ക്‌ 2012 ഓഗസ്റ്റില്‍ രൂപംകൊടുത്തു. മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ പരിശോധിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണു നിയമിച്ചത്‌. കസ്‌തൂരിരംഗന്‍ പഠന റിപ്പോര്‍ട്ട്‌ ഏപ്രില്‍ 15-ന്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ചു.

ഈ റിപ്പോര്‍ട്ടുപ്രകാരം ഗുജറാത്ത്‌, കര്‍ണാടക, മഹാരാഷ്‌ട്ര, ഗോവ, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിലായി 1,64,280 ചതുരശ്ര കിലോമീറ്റര്‍ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇവിടങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളെല്ലാംതന്നെ നിരോധിച്ചിരിക്കുകയാണ്‌. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, ഖനനം, മണല്‍വാരല്‍, താപോര്‍ജനിലയം തുടങ്ങിയവയ്‌ക്കാണ്‌ പരിസ്ഥിതിലോലമേഖലയില്‍ പൂര്‍ണനിരോധനം. ഈ മേഖലയില്‍ ജലവൈദ്യുതി പദ്ധതികള്‍ അനുവദിക്കാന്‍ കസ്‌തൂരിരംഗന്‍ സമിതി നിര്‍ദ്ദേശിച്ച വ്യവസ്ഥകള്‍ മന്ത്രാലയം അംഗീകരിച്ചു.


മഴക്കാലമല്ലാത്തപ്പോഴും 30 ശതമാനം വെള്ളം, വെള്ളത്തിന്റെ ഒഴുക്ക്‌, വനം, ജൈവവൈവിധ്യത്തിന്റെ നഷ്‌ടം എന്നിവ കണക്കാക്കുന്ന സമഗ്രപഠനം നടത്തണം, പദ്ധതികള്‍ തമ്മില്‍ മൂന്നു കിലോമീറ്ററെങ്കിലും അകലം വേണം. ഒരേസമയം നദീതടത്തിന്റെ 50 ശതമാനത്തിലധികം പ്രദേശത്തെ ബാധിക്കുന്നതല്ല പദ്ധതിയെന്ന്‌ ഉറപ്പുവരുത്തണം. കാറ്റില്‍നിന്നു വൈദ്യുതി ഉത്‌പാദിപ്പിക്കുന്ന പദ്ധതികള്‍ക്കും അനുമതിക്ക്‌ പരിസ്ഥിതി ആഘാതപഠനം ബാധകമാക്കണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുന്നിന്‍പ്രദേശങ്ങളില്‍ ചട്ടങ്ങള്‍ക്ക്‌ ഇളവുവേണം.

സംരക്ഷിത വനപ്രദേശങ്ങളും ലോകപൈതൃക സ്ഥാനങ്ങളും കടുവ, ആന സങ്കേതങ്ങളുമൊക്കെയാണ്‌ പരിസ്ഥിതി ലോല മേഖലയിലുള്ളത്‌. ഇവിടങ്ങളില്‍ പരിസ്ഥിതിയുമായി ഒത്തുപോകുന്ന വികസനവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കും. ജനങ്ങളുടെ ആവശ്യങ്ങളും സാമ്പത്തിക വികസനവശങ്ങളും കണക്കിലെടുത്തും പരിസ്ഥിതിക്ക്‌ അനുയോജ്യമായവികസനത്തിന്‌ ഊന്നല്‍നല്‍കിയും മുന്നോട്ടുപോകാമെന്നാണ്‌ കസ്‌തൂരിരംഗന്‍ സമിതിയുടെ നിലപാട്‌. മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ വികസനകാഴ്‌ചപ്പാടുള്ളത്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടാണെന്നാണ്‌ നിരീക്ഷണം.


പശ്ചിമഘട്ടസംരക്ഷണത്തിനായുളള ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലൊന്ന്‌ അടിയന്തരമായി നടപ്പാക്കണമെന്ന്‌്‌ ദേശീയ ഹരിത ട്രിബ്യൂണല്‍ കര്‍ക്കശ നിലപാടെടുത്തിരിക്കുകയാണ്‌. മാത്രമല്ല ഈ രണ്ടു റിപ്പോര്‍ട്ടുകളിന്മേല്‍ വ്യക്തമായ തീരുമാനമെടുക്കാത്തതില്‍ കേന്ദ്രമന്ത്രാലയത്തെ കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു. അതേത്തുടര്‍ന്നാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടു നടപ്പാക്കുന്നതിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുക്കുകയും അതിന്റെ നടത്തിപ്പിനായി ഉന്നതതല സമിതിക്കു രൂപംകൊടുക്കാന്‍ പദ്ധതിയിടുകയും ചെയ്‌തത്‌. ഇതോടെയാണ്‌ മാധവ്‌ ഗാഡ്‌ഗില്‍ കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരെ പ്രസ്‌താവനയുമായി രംഗത്തുവന്നത്‌. എല്ലാ ഗ്രാമസഭകളില്‍നിന്നും അവരവരുടെ പ്രാദേശികഭാഷയില്‍ നിര്‍ദ്ദേങ്ങള്‍ സ്വീകരിക്കുന്ന ജനാധിപത്യരീതിയാണ്‌ ഗാഡ്‌ഗില്‍ ശുപാര്‍ശചെയ്‌തത്‌. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിച്ചുകൊണ്ട്‌ ഇംഗ്‌ളീഷില്‍ വെബ്‌സൈറ്റ്‌ വഴി നടത്തിയ അഭിപ്രായ ശേഖരണമാണ്‌ കസ്‌തൂരിരംഗന്‍ സ്വീകരിച്ചത്‌. പ്രദേശവാസികളുടെ അഭിപ്രായം തേടാതെ വെബ്‌സൈറ്റ്‌ അടിസ്ഥാനമാക്കിയുള്ള ഉപദേശംതേടലിലൂടെ തയ്യാറാക്കിയതാണ്‌ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടെന്ന്‌ മാധവ്‌ ഗാഡ്‌ഗില്‍ കുറ്റപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്‌ അംഗീകരിച്ച കേന്ദ്ര മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം ഖേദകരമാണ്‌. ഇടുങ്ങിയ കാഴ്‌ചപ്പാടോടുകൂടിയ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ അപര്യാപ്‌തവും അനുചിതവുമാണ്‌ എന്നാണ്‌ ഗാഡ്‌ഗില്‍ അഭിപ്രായപ്പെടുന്നത്‌. താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു സംമ്പന്ധിച്ച്‌ യാതൊരുവിവരവും ആരില്‍നിന്നും തനിക്കു ലഭിച്ചിട്ടില്ലെന്നും ഗാഡ്‌ഗില്‍ ആവലാതിപ്പെടുന്നുമുണ്ട്‌.


പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്‌ കസ്‌തൂരിരംഗന്‍ സമര്‍പ്പിച്ച 490 പേജുള്ള റിപ്പോര്‍ട്ട്‌ യഥാര്‍ത്ഥത്തില്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്ന പ്രകൃതി സംരക്ഷണത്തിനും ആളുകളുടെ രക്ഷയ്‌ക്കുമായുള്ള പല നിബന്ധനകളും ഇല്ലാതാക്കുകയാണു ചെയ്‌തതെന്ന്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി വിലയിരുത്തുന്നു്‌. പ്രകൃതി സംരക്ഷണവും വികസനവും കൈകോര്‍ത്തുകൊണ്ടുപോകാന്‍ സഹായകമായിരുന്നു ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടെന്നും അവര്‍ നിരീക്ഷിക്കുന്നു. എന്നാല്‍ പ്രയോഗത്തില്‍ രണ്ടു റിപ്പോര്‍ട്ടും ജനദ്രോഹപരമെന്ന പ്രായോഗികനിലപാടാണ്‌ ഇടതുപക്ഷത്തിന്റെ ഔദ്യോഗിക പക്ഷം പുറത്തുവിടുന്നത്‌. അതില്‍നിന്നു വിരുദ്ധമായി ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ ശരിക്കു പഠിച്ചു പൂര്‍ണമായും നടപ്പാക്കേണ്ടതാണെന്നാണ്‌ കേരളത്തിലെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്റെ പക്ഷം.

ഗുജറാത്ത്‌ മുതല്‍ കന്യാകുമാരിവരെ നീളുന്ന പശ്ചിമഘട്ടമാണ്‌ 12 കോടിയോളം വരുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ജലസുരക്ഷ്യയും ഉറപ്പുവരുത്തുന്നത്‌. കൃഷിക്കനുയോജ്യാമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നതും പശ്ചിമഘട്ടമാണ്‌. ജൈവവൈവിധ്യത്തിന്റെ കലവറയാണു പശ്ചിമഘട്ടം. എന്നാല്‍ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെക്കാള്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടാണ്‌ കേരളത്തിനു സ്വീകാര്യമെന്നാണ്‌ കേരള സര്‍ക്കാരിന്റെ നിലപാട്‌. പശ്ചിമഘട്ടം സംരക്ഷിക്കേണ്ടതുതന്നെ, എന്നാല്‍ ജനദ്രോഹപരമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനാവില്ല എന്ന്‌ കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്‌. അദ്ദേഹം സര്‍വ്വകക്ഷിയോഗം വിളിക്കുകയും കാര്യങ്ങള്‍ പഠിച്ചു സര്‍ക്കാരിനെ ഉപദേശിക്കാന്‍ വിദഗ്‌ധ സമിതിക്കു രൂപംകൊടുക്കുകയുമെല്ലാം ചെയ്‌തിരിക്കുന്നു. പശ്ചിമഘട്ടം സംരക്ഷിക്കുന്നതു സംബന്ധിച്ച്‌ രണ്ടുകമ്മിറ്റികളും സമര്‍പ്പിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പഠിക്കേണ്ടതുണ്ട്‌. വികാരപരമായി കൈകാര്യം ചെയ്യേണ്ട ഒരു വിഷയമല്ലിത്‌. പരിസ്ഥിതി സംരക്ഷിക്കപ്പെടണം, വികസനം ഉണ്ടാകണം, എന്നാല്‍ ഒരു നടപടിയും ജനദ്രോഹപരമാകുകയും ചെയ്യരുത്‌. ജനക്ഷേമത്തെപ്രതി പരിസ്ഥിതി വിഷയങ്ങള്‍ ലഘൂകരിച്ചുകാണാനും പാടില്ല. കാലാവസ്ഥാവ്യതിയാനങ്ങളും അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുമെല്ലാം നമുക്കു ലഭിക്കുന്ന മുന്നറിയിപ്പുകളായിത്തന്നെ കാണണം.

വികസനമോ നിലനില്‍പോ വേണ്ടതെന്ന ചോദ്യത്തിനുമുന്നില്‍ വികസനമില്ലാതെ ഇന്ന്‌ നിലനില്‍ക്കാനുമാവില്ല എന്നറിഞ്ഞുകൊണ്ടുതന്നെ നാം പറയും നിലനിന്നിട്ടുമതി വികസനമെന്ന്‌. അതുകൊണ്ടുതന്നെ വനം, ഭൂമി മാഫിയാകളുടെ സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ക്കുവേണ്ടിയുള്ള നിയമവിരുദ്ധമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നിലാപാടെടുക്കുകതന്നെവേണം. ഗൗരവമായ പഠനത്തിനും കൂടിയാലോചനകള്‍ക്കുംശേഷം നല്ല തീരുമാനങ്ങളെടുത്തു നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്കു സാധിക്കണം. സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്‌ ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി. ഉമ്മന്‍ ഇപ്പോള്‍ കസ്‌തൂരിരംഗന്‍ കമ്മിറ്റിയുടെ പശ്ചിമഘട്ടറിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം സ്വരൂപിക്കാന്‍ രൂപീകരിച്ച വിദഗ്‌ധ സമിതിയുടെ കണ്‍വീനറായി സ്ഥാനമേല്‍ക്കുകയും പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. പൊതുജനങ്ങളുടെ ആവലാതികളും പരാതികളും പരിഗണിച്ച്‌ നമ്മുടെ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ക്കു കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നു പ്രതീക്ഷിക്കാം.പശ്ചിമഘട്ടവും കത്തോലിക്കാ സഭയും

സി.എസ്‌.ഐ. സഭ ഔദ്യോഗികമായി ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കണമെന്നു വ്യക്തമായും ശക്തമായും പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. സി.എസ്‌.ഐ. സഭ നേരത്തേതന്നെ പരിസ്ഥിതി സംരക്ഷണാര്‍ത്ഥം ഏറെ പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. പശ്ചിമഘട്ട സമരത്തിനു നേതൃത്വംകൊടുത്തതോടെ കത്തോലിക്കാ സഭ പരിസ്ഥിതി സംരക്ഷണ കാര്യങ്ങള്‍ക്ക്‌ എതിരാണ്‌ എന്ന ധ്വനി പരക്കെ ഉയര്‍ന്നിരിക്കുന്നു. പരിസ്ഥിതിപ്രവര്‍ത്തകരെ അപ്പാടെ കുറ്റപ്പെടുത്തുന്ന സംസാരങ്ങള്‍ സമരരംഗത്തുണ്ടായിരുന്നു എന്നതു നേരാണ്‌. എന്നാല്‍ കത്തോലിക്കാ സഭ ഒരിക്കലും പരിസ്ഥിതി സംരക്ഷണത്തിനെതിരല്ല. പരിസ്ഥിതി സംരക്ഷിക്കരുതെന്നാരും പറയുന്നില്ല. ഈ സമരത്തിന്‌ 6 മാസം മുമ്പ്‌ പരിസ്ഥിതി സംരക്ഷണകാര്യങ്ങളില്‍ വ്യാപൃതരാകാന്‍ എല്ലാവരേയും ആഹ്വാനം ചെയ്‌തുകൊണ്ട്‌ കേരള കത്തോലിക്കാ മെത്രാന്‍ സംഘം ഇടയലേഖനം എഴുതിയിരുന്നു. പശ്ചിമഘട്ട സമരം ഒരിക്കലും പരിസ്ഥിതി സംരക്ഷിക്കുന്നതിനെതിരായിരുന്നില്ല. ആ പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ ജീവിതം അവതാളത്തിലാകരുത്‌ എന്നതായിരുന്നു വിഷയം. നേരാണ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിലും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലും അവിടെ താമസിക്കുന്ന ആളുകളെ ഇറക്കിവിടണമെന്നു പറഞ്ഞിട്ടില്ല. പക്ഷേ, ഉദ്യാഗസ്ഥരാണു പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നത്‌. സ്ഥലത്തിന്റെ രജിസ്റ്റ്രേഷന്‍ വരെ നിര്‍ത്തിവച്ചപ്പോള്‍ ആളുകള്‍ വല്ലാണ്ട്‌ ഭയപ്പെട്ടു. തീരപ്രദേശത്ത്‌ ഇതുപോലൊരു നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു - തീരപരിപാലന നിയമം. അതിന്‍പ്രകാരം കടലിനു കിഴക്കോട്ട്‌ 20 മീറ്ററിനുള്ളില്‍ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പാടില്ല. അതിനുള്ളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു കറണ്ട്‌ കണക്ഷന്‍പോലും കൊടുത്തില്ല. എന്നാല്‍ സമ്പന്നരായ റിസോര്‍ട്ടുകാര്‍ക്ക്‌ എല്ലാവിധ അനുവാദങ്ങളും നല്‍കി.

പശ്ചിമഘട്ടത്തിലും സാധാരണക്കാരാണ്‌ സഹിക്കേണ്ടിവരിക. അവരെ രക്ഷിക്കാനാണ്‌ സഭ രംഗത്തിറങ്ങിയത്‌. അതു സഭയുടെ കടമയാണ്‌. എന്നാല്‍ സമരരംഗത്തെ പരിചയക്കുറവ്‌ അല്‌പം ക്ഷീണം ചെയ്‌തിട്ടുണ്ട്‌. കുറച്ചുകൂടി പക്വത പാലിക്കേണ്ടതായിരുന്നു. ചില പ്രസ്‌താവനകള്‍ ഒഴിവാക്കാമായിരുന്നു. പി.ടി. തോമസ്സിനെപ്പോലുള്ള രാഷ്‌ട്രീയക്കാരുമായി പോരടിക്കേണ്ടിയിരുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന സംസാരവും വേണ്ടായിരുന്നു.

അവന്‍ കടലിനെ നിയന്ത്രിക്കുകതന്നെ ചെയ്‌തു
സഭയെ സംബന്ധിച്ച്‌ ഏതുകാര്യത്തിനും യേശുവാണു മാതൃക. യേശു പ്രകൃതിയോടും പരിസ്ഥിതിയോടും ചേര്‍ന്നുനിന്നാണു പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതും. ഇക്കോളജി (പരിസ്ഥിതി ശാസ്‌ത്രം) എന്നത്‌ തിയോളജി (ദൈവശാസ്‌ത്രം) യുടെ ഭാഗമാണ്‌. രക്ഷ ഭൂമിയില്‍നിന്നുള്ള ഒളിച്ചോട്ടമല്ല, ഭൂമിയെ ഇല്ലാതാക്കലുമല്ല, ഭൂമിയെ ആവാസയോഗ്യവും രക്ഷയുടെ മടിത്തട്ടുമാക്കി മാറ്റലാണ്‌. തീരങ്ങളിലും ഓരങ്ങളിലും കഴിയുന്നവര്‍ പിഴുതെറിയപ്പെടാതിരിക്കാന്‍ യേശു അവിടങ്ങളിലേക്കിറങ്ങിനിന്നു. കടലോരത്തും കായലോരത്തും അവനെത്തി. മീന്‍പിടുത്തത്തേയും കൃഷിയേയും ദൈവരാജ്യത്തിന്റെ ബിംബങ്ങളാക്കി. വലതുവശത്തുവലയെറിഞ്ഞപ്പോള്‍ വലനിറയെ മീന്‍, നല്ലനിലത്തു വിത്തുവിതച്ചപ്പോള്‍ നൂറുമേനി വിള. യേശു അപ്പം വര്‍ധിപ്പിച്ചത്‌ വിശന്നു വലഞ്ഞവരെ പുല്‍ത്തകിടിയില്‍ ഇരുത്തിയിട്ടാണ്‌. മണ്ണിന്റെ ഊര്‍ജ്ജം വിശപ്പകറ്റും. അപ്പം ഭൂമിയുടെ ഒരു തുണ്ടാണ്‌. അതിനെയുണര്‍ത്തിയാല്‍ വര്‍ദ്ധിക്കും. 

 

അപ്രതീക്ഷിതമായി കടല്‍ കലിതുള്ളിയപ്പോള്‍ അവന്‍ കടലിനു മീതെ നടന്നു. കാറ്റും കോളും അപ്പസ്‌തോലസംഘത്തെ അപായപ്പെടുത്തുമെന്ന സ്ഥിതി വന്നപ്പോള്‍ അവന്‍ ഉണര്‍ന്ന്‌ കാറ്റിനേയും കടലിനേയും ശാസിച്ചു. അവര്‍ പറഞ്ഞു: ഇവന്‍ ആരാണ്‌ കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നല്ലോ? കടലിളകിയപ്പോഴും കാറ്റു രൂക്ഷമായപ്പോള്‍ അവന്‍ അതിനെ നിയന്ത്രിച്ചു. കടലിളകുന്നതും കാറ്റടിക്കുന്നതും പ്രകൃതിയാണെന്നവന്‍ പറഞ്ഞില്ല. പ്രകൃതിയാണെന്നും പറഞ്ഞ്‌ അവന്‍ കൈയും കെട്ടി നിന്നില്ല. എല്ലാം മനുഷ്യനന്മയ്‌ക്കും സുസ്ഥിതിക്കുമായി ക്രമപ്പെടുത്തി. മനുഷ്യനന്മയ്‌ക്ക്‌ ഉപകരിക്കാത്ത വൈകല്യങ്ങള്‍ മാറ്റിയെടുക്കാന്‍ യേശു ശ്രദ്ധിച്ചിരുന്നു.


ഇത്രയും പറഞ്ഞത്‌ പശ്ചിമഘട്ടം സഭ ഇടപെടേണ്ട വിഷയംതന്നെയാണ്‌ എന്നു പറയാനാണ്‌. പക്ഷേ വിഷയം ശാസ്‌ത്രീയമായി പഠിക്കുകയും സാമൂഹികനന്മയ്‌ക്കുപകരിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുകയും വേണം. സഭയ്‌ക്കു സ്വന്തമായി ഒരു ശാസ്‌ത്രീയ, സാമൂഹിക, സാംസ്‌കാരിക ഗവേഷണ പഠനകേന്ദ്രം അനിവാര്യമാണ്‌ എന്നത്‌ സഭാനേതൃത്വം പരിഗണിക്കുമെന്നു വിശ്വസിക്കുന്നു.

പള്ളിക്കാര്‍ക്കെന്താണ്‌ പശ്ചിമഘട്ടത്തില്‍ കാര്യം?


http://globalmalayalam.com/news.php?nid=7723

ഇതില്‍നിന്ന്‌ എതിരഭിപ്രായങ്ങള്‍ തീര്‍ച്ചയായുമുണ്ടാകും. അതേക്കുറിച്ച്‌ എഴുതുക. e-mail: globalmalayalam@gmail.com