Breaking News

Trending right now:
Description
 
Nov 28, 2013

ഹെല്‍മറ്റ്: എലി വരുമെന്നു നാട്ടുകാരെ പേടിപ്പിച്ചു ഇല്ലം ചുട്ടെടുക്കുന്നു!

വീലേഴ്‌സ് കേരള
image
ഹെല്‍മറ്റ് തലയിലുണ്ടെങ്കില്‍ ജീവിതം മൊത്തം സേഫ്, അല്ലെങ്കില്‍ ആകെ
പ്രശ്‌നം എന്നു പേടിപ്പിച്ചു പോലീസിനെ ഉപയോഗിച്ചു കേരളത്തിലെ യുഡിഎഫ്
സര്‍ക്കാര്‍ പിഴപ്പണപ്പിരിവു വേട്ട കുശാലാക്കുമ്പോള്‍ പുതിയയിനം
'ജീവിതശൈലീ രോഗങ്ങള്‍' കൊണ്ട് ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും
മരുന്നുകമ്പനികള്‍ക്കും വമ്പന്‍ കോള്. അതിന്റെ കണക്കെടുക്കാന്‍
സര്‍ക്കാര്‍ സംവിധാനങ്ങളില്ല. അപ്പോള്‍ ഹെല്‍മറ്റിനായി വാശിപിടിക്കുന്ന
സര്‍ക്കാരിന്റെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള അതിഭയങ്കരമായ വേവലാതി
എവിടെപ്പോയി?

ഹെല്‍മറ്റ് വച്ചാല്‍ മാത്രം മതി, അപകടം കുത്തനെ കുറയും (അതെങ്ങനെയാണെന്ന്
ആലോചിച്ചിട്ട് ഒരു പിടിയും ആര്‍ക്കും കിട്ടുന്നില്ല!), മരണനിരക്ക്
അതിനേക്കാള്‍ കുറയും എന്നൊക്കെ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ തെറ്റു
പ്രചരിപ്പിക്കുന്നവര്‍ അതിന്റെ ശാസ്ത്രീയമായ കണക്കെടുപ്പ് എങ്ങനെയാണെന്നു
ചോദിച്ചിട്ട് മറുപടി നല്കുന്നില്ല.

അതിനിടയില്‍ കാന്‍സര്‍ വന്നു മരിക്കുന്നതും പാമ്പു കടിച്ചു മരിക്കുന്നതും
തലയില്‍ മരം വീണു മരിക്കുന്നതും ദൈവത്തിന്റെ കൈയിലാണെന്നു പറയുന്ന അതേ
ശ്വാസത്തില്‍ ഒരു ഹെല്‍മറ്റ് വച്ചാല്‍ തലയിലൂടെ ടയര്‍ കയറിയിറങ്ങിയാലും
മരിക്കില്ലെന്നു ഉറപ്പുനല്കുന്ന ദൈവത്തേക്കാള്‍ വലിയ ഉദ്യോഗസ്ഥന്‍
നല്കുന്ന ദൃഡനിയമഉറപ്പില്‍ മാത്രം വിശ്വസിച്ച പലരും ഇപ്പോള്‍
ഭൂമിയിലാത്തതിന്റെ കണക്ക് ആരെടുക്കും? അല്ല, പറയുമ്പോള്‍ എല്ലാത്തിനും
ഒരു കണക്കു വയ്ക്കണമല്ലോ?

അതവിടെ നില്ക്കട്ടെ. ശരാശരി ഒന്നര കിലോഗ്രാം തൂക്കം വരുന്നതും ഒരു
തരത്തിലും ജീവന്‍ രക്ഷിക്കുമെന്നു ഉറപ്പില്ലാത്തതുമായ -(അതാകട്ടെ യഥാര്‍ഥ
ബിസ് മുദ്രയുള്ളതും മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹൈല്‍മറ്റ്
കണ്ടെത്താന്‍ സര്‍ക്കാരിനു മാര്‍ഗമില്ല. വെറുതെ താഴേക്കിട്ടാലും
വൈസറുകള്‍ പൊട്ടുന്ന ഇനങ്ങളാണ് മിക്കവയും! വ്യാജ ഹെല്‍മറ്റുകള്‍
പിടിച്ചെടുത്തു പൊതുജനമധ്യേ നശിപ്പിക്കണമെന്നു എത്രയോ നാളായി
ആവശ്യപ്പെട്ടിട്ടും അത് സര്‍ക്കാര്‍ അറിഞ്ഞ ഭാവം കാണിച്ചിട്ടില്ല!!
ആത്മാര്‍ഥത അത്രയൊക്കെയോ ഉള്ളു എന്നു മനസ്സിലാക്കുക.)- ഉപകരണമായ
ഹെല്‍മറ്റ് നിര്‍ബന്ധിപ്പിച്ചു വയ്പ്പിക്കുന്നതു കൊണ്ടു മാത്രം
അനേകര്‍ക്ക് ഉണ്ടാകുന്ന പലവക രോഗങ്ങളേയും അസ്വസ്തതകളേയും കുറിച്ചും ഗവേഷണ
ബുദ്ധ്യായുള്ള പഠനം ആവശ്യമാണ്. തല - കഴുത്തു - നടുവു വേദനകള്‍, കഴപ്പ്,
പനി, വിവിധ തരം അലര്‍ജി, ജലദോഷം, പെരുപ്പ്, കോച്ചിപ്പിടുത്തം,
ശ്വാസംമുട്ടല്‍, കണ്ണിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഒന്നും തന്നെ
സര്‍ക്കാരിന്റെ നോട്ടത്തില്‍ രോഗങ്ങളായിരിക്കില്ല. അതെല്ലാം
മിക്കവര്‍ക്കും പുതുതായി ഉണ്ടാകുന്നതാണ്. ഹെല്‍മറ്റ് ഊരുമ്പോള്‍
സ്ത്രീകളുടെ ചെവിയിലെ കമ്മല്‍ ഉടക്കി ചെവി കീറുന്നതും ഊരിപ്പോയി
നഷ്ടപ്പെടുന്നതും സൗന്ദര്യ കാര്യങ്ങള്‍ മാത്രമായും തള്ളാം!

രോഗങ്ങള്‍ക്ക് അടിമപ്പെടുന്നവരും അതു സഹിച്ചു ജീവിക്കുന്നവരും
ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രതിഷേധവുമായി രംഗത്തു വരില്ലെന്നും കൈയില്‍
കാശുണ്ടെങ്കില്‍ മരുന്നു മേടിച്ചു കഴിച്ചു ജീവിച്ചുകൊള്ളുമെന്നും ഉറച്ചു
വിശ്വസിക്കുന്ന ഭരണാധികാരികള്‍ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി. ഓരോ
വോട്ടറും ഒറ്റയ്‌ക്കൊറ്റയ്ക്കു വന്നു ഓരോ വോട്ടു മാത്രം ചെയ്തിട്ടാണ്
പോകുന്നത്! പ്രതിഷേധ വോട്ടുകളായി വീഴുന്ന പല തുള്ളികള്‍ പെരുവെള്ളമായി
മാറുന്നതിനു അധികസമയം വേണ്ടിവരില്ല. ഹെല്‍മറ്റ് വേട്ട
കൊഴുപ്പിക്കുമ്പോള്‍ അതിനുള്ള പശ്ചാത്തലവും സര്‍ക്കാര്‍ ചെലവില്‍
ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും ഓര്‍ക്കുക! വിനാശകാലേ വിപരീത ബുദ്ധി!!