Breaking News

Trending right now:
Description
 
Nov 28, 2013

പള്ളിക്കാര്‍ക്കെന്താണ്‌ പശ്ചിമഘട്ടത്തില്‍ കാര്യം?

ഫാ. സേവ്യര്‍ കുടിയാംശ്ശേരി, ആലപ്പുഴ രൂപത കോര്‍പ്പറേറ്റ്‌ മാനേജര്‍
image `പള്ളിക്കാര്‍ക്കു വല്ല കുര്‍ബ്ബാനയും ചൊല്ലി ഇരുന്നാല്‍പോരെ ഈ പശ്ചിമഘട്ടത്തിലേക്കെന്തിനാണു ചാടിക്കയറുന്നത്‌?' കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചോദ്യത്തിന്‌ ഉത്തരമാണ്‌ ഈ ലേഖനം

ഈ അച്ചന്മാര്‍ക്ക്‌ വല്ല കുര്‍ബാനയും ചൊല്ലി ഇരുന്നാല്‍ പോരേ? കേരളത്തില്‍ ഈയിടെ ഉയര്‍ന്നുകേട്ട വിമര്‍ശനങ്ങളിലൊന്നാണ്‌. സഭ പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടുന്നത്‌ എന്തോ ദുഷ്ടലാക്കോടെയാണെന്ന ധ്വനിയില്‍ പല കോണില്‍നിന്നും സംസാരമുയര്‍ന്നു. ഈ സാഹചര്യത്തില്‍ സഭയുടെ നിലപാട്‌ എന്തായിരിക്കണമെന്ന്‌ വ്യക്തമാക്കുകയാണ്‌ അഭിഭാഷകനും ചേര്‍ത്തല സെന്റ്‌ മൈക്കിള്‍സ്‌ കോളജിലെ അദ്ധ്യാപകനുമായ ലേഖകന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരി

"പള്ളിക്കു പള്ളിയുടെ കാര്യം നോക്കിയാല്‍പോരേ?" രണ്ടുപേര്‍കൂടി നടത്തിയ സംഭാഷണം കേള്‍ക്കാനിടയായതാണ്‌. അവരുടെ സംഭാഷണത്തില്‍ ആവര്‍ത്തിക്കപ്പെട്ട ഒരു ചോദ്യമാണിത്‌. പശ്ചിമഘട്ടമായിരുന്നു വിഷയം. മെത്രാന്മാരേയും അച്ചന്മാരേയും രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ടായിരുന്നു. എപ്പോള്‍ മെത്രാന്മാരും പുരോഹിതരും സാമൂഹികരംഗത്തിടപെട്ടാലും ആളുകള്‍ ഇങ്ങനെയൊക്കെ പറയും. എന്താണു പള്ളി, എന്താണ്‌ ആരാധന, ആരാണു പുരോഹിതന്‍ എന്നൊക്കെ അറിയാത്തതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്‌.


എന്താണിവര്‍ പറയുന്ന പളളിയുടെ കാര്യം? "പള്ളിക്കാര്‍ക്കു വല്ല കുര്‍ബ്ബാനയും ചൊല്ലി ഇരുന്നാല്‍പോരെ ഈ പശ്ചിമഘട്ടത്തിലേക്കെന്തിനാണു ചാടിക്കയറുന്നത്‌?" എന്നാണവര്‍ ചോദിക്കുന്നത്‌. തികജ്ഞ അജ്ഞതയില്‍നിന്നാണ്‌ ഇങ്ങനെയൊക്കെ ചിന്തിച്ചു പോകുന്നത്‌. ഏദേന്‍ തോട്ടത്തില്‍ പള്ളി ഇല്ലായിരുന്നു. അന്ത്യകാലത്തും പള്ളിയുണ്ടാവില്ലെന്ന്‌ വെളിപാടു പുസ്‌തകം പറയുന്നു. യേശു ഒരു പള്ളിയും പണിതില്ല. ഉണ്ടായിരുന്ന ഒരുപള്ളി കല്ലിന്മേല്‍ കല്ലുശേഷിക്കാതെ നശിച്ചുപോകുമെന്നു പ്രവചിക്കുകയും ചെയ്‌തു. പകരം മനുഷ്യനെ ദൈവാലയമാക്കുകയും ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കാവുന്ന പുതിയ കാലത്തെ തളളിത്തുറക്കുകയും ചെയ്‌തു. യേശു കൊണ്ടുവന്നതു ദൈവരാജ്യമാണ്‌. നമ്മള്‍ ജീവിക്കുന്ന ഈ ഭൂമിയെ ദൈവത്തിന്റെ രാജ്യമാക്കാനാണവന്‍ അവതരിച്ചത്‌. എല്ലാവരും ദൈവത്തിന്റെ മക്കളാണ്‌. എല്ലാവര്‍ക്കും ദൈവമക്കള്‍ക്കടുത്ത സ്വാതന്ത്ര്യവും സമാധാനവും ലഭിക്കണം. അതു പള്ളിക്കുള്ളിലോ ആകാശത്തോ അല്ല. ഓരോരുത്തരും ജീവിക്കുന്ന ഇടങ്ങളിലാണ്‌. ഈ ഭൂമി ദൈവരാജ്യമാകണം. പഴയ നിയമത്തിലും പുതിയ നിയമത്തിലും `ആരാധന' എന്നാല്‍ സ്വാതന്ത്ര്യമാണ്‌. ഈ ഭൂമിയില്‍ മനുഷ്യരെല്ലാവരും ദൈവമക്കള്‍ക്കടുത്ത സ്വാതന്ത്ര്യത്തോടും സമാധാനത്തോടുംകൂടി ജീവിക്കുന്നു എന്നുറപ്പുവരുത്തുകയാണ്‌ പള്ളിയുടെ ദൗത്യം. ഇതാണ്‌ മെത്രാനും പുരോഹിതനും ചെയ്യേണ്ടത്‌.

ക്രൈസ്‌തവപുരോഹിതന്‍ പൂജകഴിഞ്ഞു പള്ളിക്കുള്ളില്‍ ഒതുങ്ങേണ്ടവനല്ല, മറിച്ച്‌ ദൈവരാജ്യസംസ്ഥാപനാര്‍ത്ഥം സമൂഹമദ്ധ്യേ ബലിയായിത്തീരേണ്ടവനാണ്‌. അള്‍ത്താരയ്‌ക്ക്‌ അതിരുകളില്ല, ആളുകളുടെ ജീവനും രക്ഷയുമാണ്‌ പള്ളിയുടെ ശുശ്രൂഷയിലെ ശ്രദ്ധാകേന്ദ്രം.പശ്ചിമഘട്ടം: മൂന്നിലൊന്നു ഭാഗവും കേരളത്തില്‍

ഗുജറാത്ത്‌, കര്‍ണാടക, മഹാരാഷ്‌ട്ര, ഗോവ, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിലായി 1500 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഇടമുറിയാത്ത പര്‍വ്വതനിരകളാണു പശ്ചിമഘട്ടം എന്നറിയപ്പെടുന്നത്‌. ഗുജറാത്തിലെ തപ്‌തിനദീതീരം മുതല്‍ കന്യാകുമാരി മുനമ്പുവരെയുള്ള പര്‍വ്വതനിരകളാണിവ. ഇതില്‍ മൂന്നിലൊന്നു ഭാഗം കേരളത്തിലാണ്‌. ലോകത്തിലെ പ്രധാനപ്പെട്ട 35 ജൈവവൈവിധ്യ കേന്ദ്രങ്ങളില്‍ ഒന്നായി പശ്ചിമഘട്ടം പരിഗണിക്കപ്പെടുന്നു. കേരളത്തിലുള്ള 41 നദികളില്‍ 39-ഉം പശ്ചിമഘട്ടത്തില്‍നിന്നാണ്‌ ഉറവയെടുക്കുന്നത്‌. കേരളത്തിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതു പശ്ചിമഘട്ടമാണ്‌. കേരളത്തിന്റെ ഭക്ഷ്യസുരക്ഷയ്‌ക്കും ജലസുരക്ഷയ്‌ക്കും പശ്ചിമഘട്ടംവേണം. പശ്ചിമഘട്ടം നശിച്ചാല്‍ കേരളം നശിക്കും. ഈ മലനിരകളില്ലെങ്കില്‍ കേരളത്തില്‍ മഴ ലഭിക്കില്ല. ഈ നദികളില്ലെങ്കില്‍ കേരളം മരുഭൂമിയാകും. ഈ നദികളൊഴുകി അറബിക്കടലിലെത്തുന്നില്ലെങ്കില്‍ തീരക്കടലില്‍ മത്സ്യം ഉണ്ടാവില്ല. കേരളത്തിലെ ജൈവസാന്നിധ്യത്തിന്റെ ആവാസവ്യവസ്ഥ പശ്ചിമഘട്ടത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.

പശ്ചിമഘട്ടം നശിക്കാനിടയായാല്‍ രാജ്യത്തെ ജനങ്ങളില്‍ അഞ്ചിലൊന്നിന്റെ ജീവിതംതന്നെ അവതാളത്തിലാകും. അതുകൊണ്ടുതന്നെ പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. അതു ലോകത്തിന്റെതന്നെ നിലനില്‍പിനാവശ്യമാണ്‌. അതുകൊണ്ടാണ്‌ ഐക്യരാഷ്‌ട്ര സഭ' പശ്ചിമഘട്ടത്തിന്‌ അന്താരാഷ്‌ട്ര പൈതൃകപദവി നല്‍കി കാത്തു സംരക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. എന്നാല്‍ ഈ പ്രദേശങ്ങള്‍ വെറും മലനിരകളോ തരിശിടങ്ങളോ അല്ല. 12 കോടിയോളം വരുന്ന ജനങ്ങള്‍ ഇവിടങ്ങളില്‍ ജീവിക്കുന്നു. അതും രാജ്യത്തിനു 'ഭക്ഷ്യവി'വങ്ങളൊരുക്കുന്ന കര്‍ഷകര്‍. പശ്ചിമഘട്ട സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മാധവ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിലും ഇവരെ കുടിയൊഴിപ്പിക്കണമെന്നു പറഞ്ഞിട്ടില്ല. പക്ഷേ ഏതു റിപ്പോര്‍ട്ടു നടപ്പാക്കിയാലും കര്‍ഷകര്‍ സ്വയം മലയിറങ്ങേണ്ടിവരും. ഇത്രവലിയ ഗൗരവമുള്ള ഒരു വിഷയത്തെ നമ്മുടെ സര്‍ക്കാര്‍ ആദ്യകാലത്ത്‌ വളരെ ലാഘവത്തോടെയാണു സമീപിച്ചത്‌.


ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ സമിതികളുടെ പഠനങ്ങള്‍ കംപ്യൂട്ടറിനുമുന്നിലാകാതെ പ്രദേശവാസികളുടെ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ടുള്ളതാകാന്‍ വേണ്ടതു ചെയ്യാമായിരുന്നു. മാത്രമല്ല ഇതു സംബന്ധിച്ചു ജനങ്ങള്‍ക്കുവേണ്ട വിവരങ്ങള്‍ നല്‍കാനും സാധിക്കുമായിരുന്നു. മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടു പുറത്തുവന്നപ്പോള്‍ത്തന്നെ അതിന്റെ പരിഭാഷ തയ്യാറാക്കി പ്രദേശവാസികള്‍ക്കു പഠനത്തിനായി നല്‍കുകയും കേരളത്തെ ഈ റിപ്പോര്‍ട്ട്‌ എങ്ങനെ ബാധിക്കും എന്നു പഠിക്കാന്‍ ഒരു വിദഗ്‌ധ സമിതിയെ നിയമിക്കുകയും ചെയ്യാമായിരുന്നു. ഇതുവരെ രണ്ടു റിപ്പോര്‍ട്ടുകളിലും എന്താണു പറഞ്ഞിരിക്കുന്നതെന്ന്‌ പ്രദേശവാസികള്‍ക്കും സാധാരണക്കാര്‍ക്കും കൃത്യമായ അറിവില്ല. യഥാര്‍ത്ഥത്തില്‍ എന്തു തീരുമാനമെടുക്കണമെന്നതില്‍ സര്‍ക്കാരിനുപോലും ഒരു ധാരണയില്ല.

ഈ അവസാനനിമിഷം മാത്രമാണ്‌ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്‌തൂരിരംഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള സംസ്ഥാന ഗവണ്മെന്റിന്റെ പ്രതികരണം തയ്യാറാക്കാന്‍ വിദഗ്‌ധ സമിതിക്കു രൂപംകൊടുക്കുന്നത്‌. ഇതിനിടെ വിഷയം വല്ലാണ്ടു രാഷ്‌ട്രീയവല്‍ക്കരിക്കപ്പെട്ടു. അനേകം ഹര്‍ത്താലുകളും സമരപരിപാടികളുമായി പലസമിതികളും രംഗത്തുവന്നു. പലര്‍ക്കും പല താത്‌പര്യങ്ങള്‍ ഈ വിഷയത്തിലുള്ളതായിട്ടാണു മനസ്സിലാക്കുക. ഇത്തരം വിഷയങ്ങളില്‍ സര്‍വ്വകക്ഷിയോഗങ്ങളേക്കാള്‍ പഠനവും ചെറുസമിതികളില്‍ വ്യക്തമായ തീരുമാനങ്ങളുണ്ടാകുകയുമാണു വേണ്ടത്‌.


പശ്ചിമഘട്ടംപോലെ ഇത്ര രൂക്ഷമായ പ്രശ്‌നത്തില്‍നിന്ന്‌ ഒളിച്ചോടി പള്ളിക്കുള്ളില്‍ കഴിയാന്‍ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും സാധിക്കില്ല. ആളുകളുടെ രക്ഷയ്‌ക്കായി ചെയ്യാവുന്നതൊക്കെ ചെയ്യുക എന്നത്‌ മെത്രാന്മാരുടേയും വൈദികരുടേയും കടമയാണ്‌. പശ്ചിമഘട്ടം സംബന്ധിച്ചു സഭാനേതൃത്വം ഇടപെട്ടു എന്നതിന്റെ പേരില്‍ അറിഞ്ഞായാലും അറിയാതെയാണെങ്കിലും മെത്രാന്മാരേയും വൈദികരേയും കുറ്റപ്പെടുത്തുന്നതു തെറ്റുതന്നെയാണ്‌.

 / ©: Vijay Kumar/WWF-India

പശ്ചിമഘട്ടം ആരുടേതാണ്‌

പശ്ചിമഘട്ടത്തിന്‌ അന്താരാഷ്‌ട്ര പൈതൃക പദവിയുമായി ഐക്യരാഷ്‌ട്ര സഭ രംഗത്തുണ്ട്‌. പശ്ചിമഘട്ട സംരക്ഷണ ചുമതലയുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. പശ്‌ചിമഘട്ടത്തിന്റെ മേല്‍നോട്ടവുമായി ദേശീയ ഹരിത ട്രിബ്യൂണലും പ്രവര്‍ത്തിക്കുന്നു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട മാധവ്‌ ഗാഡ്‌ഗില്‍ കമ്മീഷന്‍, കസ്‌തൂരിരംഗന്‍ തുടങ്ങിയവരുടെ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ഒക്കെ ചെയ്യേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണ്ട്‌. പശ്ചിമഘട്ടം നിലനില്‍ക്കുന്ന ആറു സംസ്ഥാനങ്ങളുടെ ഭരണാധികാരികള്‍ ഉണ്ട്‌.ഇന്ത്യയിലെ മുഴുവന്‍ രാഷ്‌ട്രീയപാര്‍ട്ടികളും സന്നദ്ധ സംഘടനകളുമെല്ലാം ഇക്കാര്യത്തില്‍ സജീവ ജാഗ്രതയിലാണ്‌. ആരൊക്കെയുണ്ടെന്നു പറഞ്ഞാലും നിശ്ചയമായും പശ്ചിമഘട്ടം അവിടെ താമസിക്കുന്നരുടെ സ്വന്തമാണ്‌. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടേതു മാത്രമല്ല ലോകജനതയുടെ മുഴുവന്‍ പൈതൃക സ്വത്താണ്‌ എന്ന്‌ അവിടെ താമസിക്കുന്നവരും മനസ്സിലാക്കണം. അവിടെതാമസിക്കുന്നവരുടെ ജീവനും സ്വത്തുമായി മാത്രം ബന്ധിച്ചു പശ്ചിമഘട്ടത്തെക്കുറിച്ചു ചിന്തിക്കുന്നതു വിഷയത്തെ പരിമിതപ്പെടുത്തലാകും. അവിടെത്താമസിക്കുന്നവരുടേയും മറ്റെല്ലാവരുടേയും ജീവനുമായി ബന്ധപ്പെടുത്തിമാത്രമേ ഈ വിഷയത്തെ സമീപിക്കാനാവൂ.

(തുടരും)

ഇതില്‍നിന്ന്‌ എതിരഭിപ്രായങ്ങള്‍ തീര്‍ച്ചയായുമുണ്ടാകും. അതേക്കുറിച്ച്‌ എഴുതുക. e-mail: globalmalayalam@gmail.com