Breaking News

Trending right now:
Description
 
Nov 27, 2013

അപ്പാര്‍ട്ട്‌മെന്റിന്റെ പേരില്‍ തട്ടിപ്പ്‌: സ്റ്റാര്‍ ഹോംസ്‌ കൗണ്ടി വിക്ടിംസ്‌ ധര്‍ണ നടത്തും

image ഫ്‌ളാറ്റ്‌ തട്ടിപ്പിനിരയാവര്‍ 29-ന്‌ രാവിലെ പത്തരയ്‌ക്ക്‌ എറണാകുളം സൗത്തിലെ സ്റ്റാര്‍ ഹോംസ്‌ ഓഫീസിനു മുന്നില്‍ ധര്‍ണയിരിക്കും. സ്റ്റാര്‍ഹോംസ്‌ കൗണ്ടിയുടെ പേരില്‍ എഴുപത്‌ പേരില്‍നിന്ന്‌ കോടിക്കണക്കിനുരൂപ തട്ടിച്ചുവെന്നാണ്‌ പരാതി. കേരള സ്റ്റേറ്റ്‌ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി (കെല്‍സ) നേതൃത്വത്തില്‍ വഞ്ചിക്കപ്പെട്ടവര്‍ക്ക്‌ പണം വാങ്ങി നല്‌കാന്‍ ശ്രമം നടത്തിയിരുന്നു. ഏഴു ഗഡുക്കളായി പണം തിരികെ നല്‌കാമെന്നായിരുന്നു പറഞ്ഞിരുന്നത്‌. ഡിസംബര്‍ 30-നാണ്‌ ഏഴാമത്തെ ഗഡു നല്‌കുമെന്ന്‌ സ്റ്റാര്‍ ഹോംസ്‌ കെല്‍സയ്‌ക്ക്‌ ഉറപ്പുനല്‌കിയിരുന്നുവെങ്കിലും ഇതുവരെ ഒരു ഗഡു പോലും നല്‌കിയിട്ടില്ലെന്ന്‌ സ്റ്റാര്‍ ഹോംസ്‌ കൗണ്ടി വിക്ടിംസ്‌ അസോസിയേഷന്‍ കണ്‍വീനര്‍ വി. തോമസ്‌ സക്കറിയ പറഞ്ഞു. 2012 സെപ്‌റ്റംബറിലാണ്‌ ആദ്യ ഗഡു നല്‌കേണ്ടിയിരുന്നത്‌. സ്റ്റാര്‍ ഹോംസ്‌ കൗണ്ടി പദ്ധതി നിര്‍ത്തുകയാണെന്നും ഇത്‌ കൈമാറാനുളള നിക്ഷേപകനെ കണ്ടെത്തുമെന്നും കെല്‍സയ്‌ക്ക്‌ ഉറപ്പു നല്‌കിയിരുന്നതാണ്‌.

പറഞ്ഞിരുന്ന സമയത്തിനുള്ളില്‍ അപ്പാര്‍ട്ടുമെന്റുകള്‍ നല്‌കാതിരുന്നതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ സ്റ്റാര്‍ ഹോംസ്‌ മാനേജിംഗ്‌ ഡയറക്ടര്‍ അജയ്‌ വി. ജോര്‍ജിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. വഞ്ചനാക്കുറ്റം, തട്ടിപ്പ്‌ എന്നീ ആരോപണങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്‌. ആറിലധികം പരാതികളാണ്‌ അജയ്‌ക്കെതിരേ സമര്‍പ്പിച്ചിരുന്നത്‌. ആലുവയിലെ സ്റ്റാര്‍ കൗണ്ടി പ്രോജക്ട്‌, തൃപ്പൂണിത്തുറയിലെ സ്റ്റാര്‍ ഹോംസ്‌ അനക്‌സ്‌ എന്നീ പദ്ധതികളുടെ പേരില്‍ 43 ലക്ഷം രൂപ തട്ടിച്ചുവെന്നായിരുന്നു പരാതി. 2008-ല്‍ പണിപൂര്‍ത്തിയാക്കി കൈമാറേണ്ടവയായിരുന്നു ഈ വീടുകള്‍. സ്റ്റാര്‍ കൗണ്ടി പദ്ധതി ഇപ്പോഴും പൈലിംഗ്‌ സ്റ്റേജിലാണെന്ന്‌ സ്റ്റാര്‍ ഹോംസ്‌ കൗണ്ടി വിക്ടിംസ്‌ അസോസിയേഷന്‍ പറഞ്ഞു.