Breaking News

Trending right now:
Description
 
Nov 26, 2013

ജനുവരി മുതല്‍ യുകെയിലേയ്‌ക്ക്‌ ബള്‍ഗേറിയക്കാരുടെ ഒഴുക്ക്‌ തുടങ്ങും, ഔദ്യോഗിക കണക്കില്‍ എത്തുന്നത്‌ 8000 പേര്‍ മാത്രം

സോണി വര്‍ഗീസ്‌
image ജനുവരിയില്‍ ബ്രിട്ടന്റെ വാതിലുകള്‍ ബള്‍ഗേറിയക്കാര്‍ക്കായി തുറന്നിടുമ്പോള്‍ എണ്ണായിരം പേരെ എത്തുകയുള്ളൂവെന്ന്‌ ഔദ്യോഗിക കണക്ക്‌. ഈ കണക്ക്‌ ശുദ്ധ മണ്ടത്തരമാണെന്നും ഇപ്പോള്‍തന്നെ പതിനായിരത്തോളം ബള്‍ഗേറിയക്കാര്‍ യുകെയില്‍ അനധികൃത മാര്‍ഗങ്ങളിലൂടെ എത്തുന്നുണ്ടെന്നും മൈഗ്രേഷന്‍ രംഗത്ത്‌ പരിചയമുള്ളവര്‍ വിലയിരുത്തുന്നു. മൈഗ്രേഷന്‍വാച്ച്‌ എന്ന സമ്മര്‍ദ്ദഗ്രൂപ്പിന്റെ കണക്കനുസരിച്ച്‌ കുറഞ്ഞത്‌ അന്‍പതിനായിരം പേരെങ്കിലും ബള്‍ഗേറിയയില്‍നിന്ന്‌ യുകെയിലെത്തും.

യൂറോപ്യന്‍ യൂണിയനില്‍ പെട്ട ഏതു രാജ്യത്തും തൊഴില്‍തേടാന്‍ നല്‌കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചാണ്‌ ബള്‍ഗേറിയക്കാര്‍ കൂട്ടത്തോടെ യുകെയിലേയ്‌ക്കെത്താന്‍ തുടങ്ങുന്നത്‌. വിസയ്‌ക്കായി ഇപ്പോള്‍തന്നെ നീണ്ട ക്യൂവാണ്‌.

2004-ല്‍ പോളണ്ടിനും മറ്റു കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുമായി ഇളവുകള്‍ നല്‌കിയപ്പോള്‍ 13,000 പേര്‍ എത്തുമെന്നായിരുന്നു ഔദ്യോഗിക കണക്ക്‌. എന്നാല്‍, ദശലക്ഷക്കണക്കിനുപേരാണ്‌ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഈ രാജ്യങ്ങളില്‍നിന്ന്‌ യുകെയിലെത്തിയത്‌. യുകെയിലെ തൊഴില്‍സാഹചര്യങ്ങള്‍ തന്നെ മാറ്റിമറിക്കാന്‍ ഇത്‌ ഇടയാക്കി. പുതിയതായി എത്തുന്നവര്‍ക്കായി ഹാര്‍ലോയുടെയും ഷെവണേജിന്റെയും വലിപ്പത്തിലുള്ള നഗരങ്ങള്‍ ഓരോ വര്‍ഷവും പണികഴിപ്പിക്കേണ്ടിവരുന്നത്ര സമ്മര്‍ദ്ദത്തിലാണ്‌ യുകെ. ഇവര്‍ക്ക്‌ തൊഴില്‍ കണ്ടുപിടിക്കാന്‍ കഴിയാതിരുന്നാല്‍ ആവശ്യമായ വേതനം നല്‌കാനും ബ്രിട്ടന്‍ ബാധ്യസ്ഥരാണ്‌.

റൊമാനിയക്കാര്‍ക്കും ബള്‍ഗേറിയക്കാര്‍ക്കും ജീവിക്കാനും ജോലി ചെയ്യാനുമുളള സര്‍വസ്വാതന്ത്ര്യവും കൊടുക്കരുതെന്നാണ്‌ പകുതിയിലധികം ബ്രിട്ടീഷുകാരും ചിന്തിക്കുന്നതെന്ന്‌ കഴിഞ്ഞ ദിവസം ഒരു സര്‍വേ വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടന്‌ ഇമിഗ്രേഷനിലൂടെ ദോഷമേ ഉണ്ടായിട്ടുള്ളുവെന്ന്‌ സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും വിശ്വസിക്കുന്നു.