Breaking News

Trending right now:
Description
 
Nov 26, 2013

മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ആഞ്ഞിലിത്തടികള്‍ സ്വന്തമായി, ആശ്വാസത്തോടെ അന്നമ്മ ദുബായിക്ക്‌ പറന്നു

image കോട്ടയം ജനസമ്പര്‍ക്ക പരിപാടിയില്‍ പ്രവാസിയായ അന്നമ്മ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്‌ വ്യത്യസ്‌തമായ ഒരാവശ്യവും ഉന്നയിച്ചാണ്‌. അന്നമ്മയുടെ ഉടമസ്ഥതയിലുള്ള നാലേക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന 23 ആഞ്ഞിലി തടികള്‍ വിട്ടു കിട്ടാന്‍ അടിയന്തരമായി ഇടപെടണമെന്നാണ്‌ (ഇന്നലെ) തിങ്കളാഴ്‌ച കോട്ടയത്തു ജനസമ്പര്‍ക്കത്തില്‍ ആവശ്യപ്പെട്ടത്‌.

അന്നമ്മയുടെ സ്വദേശമായ മുണ്ടക്കയം ഇടക്കുന്നത്തെ വസ്‌തു അതിര്‍ത്തി പങ്കിടുന്നത്‌ ഹാരിസണ്‍ പ്ലാന്റേഷനുമായിട്ടാണ്‌. തടികള്‍ ഹാരിസണ്‍ കമ്പനിയുടെതാണെന്ന്‌ ആവശ്യം ഉന്നയിച്ചതോടെ ഭൂമി അളന്നു തിട്ടപ്പെടുത്തി ആഞ്ഞിലി തടികള്‍ അന്നമ്മയുടെ പുരയിടത്തിലേതാണെന്ന്‌ കണ്ടെത്തിയെങ്കിലും കമ്പനി വീണ്ടും തടികളുടെ മേല്‍ അവകാശവാദം ഉന്നയിച്ചു. അന്നമ്മ വിദേശത്തായിരുന്ന സമയത്ത്‌ അനധികൃതമായി തടി വെട്ടി മാറ്റുവാന്‍ നീക്കം നടത്തി.

അതോടെ ദുബായില്‍ നിന്ന്‌ നാട്ടില്‍ തിരിച്ചെത്തിയ അന്നമ്മ നീതി തേടി റവന്യു ഡിപ്പാര്‍ട്ടുമെന്റിനെ സമീപിക്കുകയായിരുന്നു. റീസര്‍വ്വേ നടത്തി തടികള്‍ ഇവരുടെ പുരയിടത്തില്‍ തന്നെയാണെന്ന്‌ ഉറപ്പാക്കിയെങ്കിലും സ്റ്റേ നേടിയെടുത്ത്‌ കേസുകളുമായി മുന്നോട്ട്‌ പോകാനാണ്‌ കമ്പനി നീക്കം നടത്തുന്നത്‌. ഏകദേശം പത്തുലക്ഷം രൂപ വിലമതിക്കുന്ന ആഞ്ഞിലി തടികള്‍ വിട്ടുകിട്ടാനാണ്‌ ഇന്നലെ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തി അന്നമ്മ മുഖ്യമന്ത്രിയെ കണ്ടത്‌. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപ്പെട്ട്‌ നീതി നടത്തി കൊടുക്കുവാന്‍ മുഖ്യമന്ത്രി കളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‌കി.
മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഇന്നലെ വൈകിട്ടത്തെ ഫ്‌ളൈറ്റില്‍ അന്നമ്മ ദുബായിലേക്ക്‌ തിരിച്ചു പോയി. ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത്‌ ആവശ്യം ഉന്നയിക്കാന്‍ മാത്രമായാണ്‌ കഴിഞ്ഞ ദിവസം അന്നമ്മ നാട്ടില്‍ എത്തിയത്‌.