Breaking News

Trending right now:
Description
 
Nov 26, 2013

പൊക്കാളി വിളഞ്ഞപ്പോള്‍ കൊയ്യാനെത്തിയത്‌ സെന്റ്‌ തെരേസാസിലെ സുന്ദരികള്‍

ഫ്രാന്‍സിസ്‌ കളത്തിങ്കല്‍
image എഴുപുന്ന പുത്തന്‍കരിപ്പാടത്ത്‌ പൊക്കാളി വിളഞ്ഞപ്പോള്‍ കൊയ്യാനെത്തിയതാരാണെന്നോ? എറണാകുളം സെന്റ്‌ തെരേസാസ്‌ കോളജിലെ വിദ്യാര്‍ത്ഥിനികള്‍. പഠിക്കുന്ന സാമ്പത്തികശാസ്‌ത്രമാണെങ്കിലും കൃഷിയുടെ രസം നേരിട്ടറിയാനാണ്‌ വിദ്യാര്‍ത്ഥിനികള്‍ പൊക്കാളിപ്പാടത്തെത്തിയത്‌. മുട്ടോളം വെള്ളത്തിലേയ്‌ക്ക്‌ കൊയ്‌ത്തരിവാളുമായി ഉത്സാഹത്തോടെ വിദ്യാര്‍ത്ഥിനികളെത്തിയപ്പോള്‍ നാട്ടുകാരും പരമ്പരാഗത കൊയ്‌ത്തുതൊഴിലാളികളും സഹായത്തിനെത്തി. കത്തുന്ന വെയിലിലും ആവശേഷം കെടാതെ അവര്‍ കൊയ്‌തുകൂട്ടി. മെതിക്കാനും പാറ്റാനും അവര്‍ സഹായികളായി. 


പൊക്കാളി സംരക്ഷണ സമിതിയുടെ ക്ഷണം സ്വീകരിച്ചാണ്‌ വിദ്യാര്‍ത്ഥിനികള്‍ 140 ഏക്കര്‍ വിസ്‌തൃതിയുള്ള പുത്തന്‍കരി പാടത്തെത്തിയത്‌. ഇക്കണോമിക്‌സ്‌ വിഭാഗം അസിസ്‌റ്റന്റ്‌ പ്രഫസര്‍ മേരിലിയാ നേതൃത്വം നല്‌കി. ഇടവേളയില്‍ പൊക്കാളി നെല്‍ക്കൃഷിയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വൈറ്റില നെല്ല്‌ ഗവേഷണ കേന്ദ്രത്തിലെ ഡോ. വി. ശ്രീകുമാര്‍ ക്ലാസെടുത്തു. 



അതിവേഗം വംശനാശം നേരിടുന്നതാണ്‌ പൊക്കാളി കൃഷി. വളരെയധികം തൊഴിലാളികളുടെ പരിശ്രമമുണ്ടെങ്കിലേ കൃഷി വിജയിക്കൂ. പൊക്കാളി പാടങ്ങള്‍ക്കായി കൊയ്‌ത്ത്‌ യന്ത്രം നിര്‍മിച്ച തവനൂര്‍ കേളപ്പജി കാര്‍ഷിക എന്‍ജിനീയറിംഗ്‌ കോളജിലെ പ്രഫസര്‍ ഡോ. പി.ആര്‍. ജയന്‍ വിദ്യാര്‍ത്ഥികളോട്‌ സംസാരിച്ചു. യന്ത്രവത്‌കരണം എത്രയും വേഗം നടപ്പാക്കിയില്ലെങ്കില്‍ ഈ കൃഷി ഇല്ലാതാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. 



പൊക്കാളി സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ്‌ കളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. കെ.എല്‍. ബെന്നി, പി.എസ്‌. മൈക്കിള്‍, കെ.ആര്‍. തോമസ്‌, എന്‍.കെ. സുബി, പി.ആര്‍. മുരളി, ജോസഫ്‌ സാല്‍വിന്‍, പി.കെ. വിജയന്‍, മിനി സുപ്രന്‍, ഡീന ബെന്നി എന്നിവര്‍ കൊയ്‌ത്ത്‌ പരിപാടിക്ക്‌ നേതൃത്വം നല്‌കി. ചെങ്ങറ, മൂലമ്പിള്ളി, വിളപ്പില്‍ശാല എന്നീ സമരസമിതികളും തേവര സേക്രട്ട്‌ ഹാര്‍ട്ട്‌സ്‌, സെന്റ്‌ മൈക്കിള്‍സ്‌ എന്നീ കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ വിവിധ ഘട്ടങ്ങളില്‍ കൊയ്‌ത്തിന്‌ സഹായികളായി. ഇരുപത്തിമൂന്നു ദിവസമെടുത്തു കൊയ്‌ത്ത്‌ പൂര്‍ത്തിയാക്കാന്‍. നിരന്തരം ചെമ്മീന്‍ കൃഷി നടത്തിയിരുന്ന പാടത്താണ്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ നെല്‍കൃഷി നടത്തിയത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9388875603, franciskalathungal@gmail.com