Breaking News

Trending right now:
Description
 
Nov 22, 2013

രാജ്യത്തെ നാണ്യപ്പെരുപ്പ നിരക്ക്‌ താഴുമെന്നു മന്ത്രി ചിദംബരം

image കേന്ദ്രസര്‍ക്കാരും റിസര്‍വ്‌ ബാങ്കും സ്വീകരിച്ച നടപടികളുടെ ഫലമായി രാജ്യത്തെ നാണ്യപ്പെരുപ്പത്തിന്റെ തോത്‌ അഞ്ചുശതമാനത്തിലേക്കു താഴുമെന്നു ധനമന്ത്രി ചിദംബരം പ്രതീക്ഷ പ്രകടിപ്പിച്ചു. പലിശ നിരക്ക്‌ വര്‍ധിപ്പിച്ച നടപടികള്‍ ഉള്‍പ്പെടെ ഇതിന്‌ ഉദാഹരണങ്ങളാണ്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിന്റെ പിന്‍ബലത്തിലാണ്‌ മൊത്തവിലത്തോതും ചില്ലറ വ്യാപാര വിലത്തോതും ഉയര്‍ന്നത്‌. എന്നാല്‍ ഗോതമ്പ്‌, അരി തുടങ്ങിയ പ്രധാന ധാന്യങ്ങളുടെ വിലയില്‍ സ്ഥിരത കൈവന്നത്‌ അതിശയിപ്പിക്കുന്നതാണ്‌. പഞ്ചസാരയുടെ വില യഥാര്‍ഥത്തില്‍ കിലോയ്‌ക്ക്‌ ആറു രൂപ നിരക്കില്‍ താഴ്‌ന്നു. അതേസമയം പഴം, പച്ചക്കറി, മാംസം, പാല്‍, മുട്ട എന്നിവയുടെ വില ഭക്ഷ്യനാണ്യപ്പെരുപ്പത്തിന്റെ തോത്‌ ഉയര്‍ത്തി. വിലക്കയറ്റം കൂടുതലുള്ള മേഖലകളില്‍ കൂടുതലായി ഗോതമ്പ്‌ ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുകൊടുത്തു. ഏതാണ്ട്‌ അഞ്ചുലക്ഷം ടണ്‍ ഗോതമ്പാണ്‌ പൊതുവിപണിയിലേക്ക്‌ കൂടുതലായി അനുവദിച്ചത്‌. നാണ്യപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പലിശനിരക്കില്‍ കാല്‍ ശതമാനം വര്‍ധന വരുത്തി. ഒക്ടോബറില്‍ ഭക്ഷ്യവിലക്കയറ്റം 10.09% ആയിരുന്നു. ഈ സാമ്പത്തികവര്‍ഷം കറന്റ്‌ അക്കൗണ്ട്‌ കമ്മി ആഭ്യന്തര ഉത്‌പാദനത്തിന്റെ 4.8% ആയി നിര്‍ത്തുമെന്നു ധനമന്ത്രി നിക്ഷേപകര്‍ക്ക്‌ ഉറപ്പു നല്‍കി. കറന്‍സി വിപണിയിലുണ്ടായിരിക്കുന്ന ചാഞ്ചാട്ടമാണു രൂപയുടെ വിലയിലും പ്രതിഫലിച്ചതെന്നു അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രൂപയുടെ വിനിമയ നിരക്ക്‌ അതിന്റെ യഥാര്‍ഥ മൂല്യവുമായി മികച്ച രീതിയിലാണ്‌ പെരുമാറുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ ഡയസ്‌പോറ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.