Breaking News

Trending right now:
Description
 
Nov 20, 2013

കമ്പോളം തുറന്നു വിട്ട പ്രണയം അഥവാ ലൈന്‍

image
ഇന്ന്‌ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌ത രണ്ടു പ്രണയങ്ങളും മലയാളികളെ തെല്ലൊന്നും നൊമ്പരപ്പെടുത്തിയിരിക്കാം. കോട്ടയം എരുമേലിയില്‍ നിന്ന്‌ അധ്യാപിക തന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലായി ഒളിച്ചോടി കൊച്ചിയില്‍ പിടിയിലായി എന്നതാണ്‌. മറ്റൊന്ന്‌ രണ്ടുമാസം മുമ്പ്‌ വടകരയില്‍ 35കാരനായ അന്യസംസ്ഥാന തൊഴിലാളിയുടെ കൂടെ ഒളിച്ചോടിപ്പോയ എട്ടാംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ ബംഗാളില്‍ കണ്ടെത്തിയെന്ന വാര്‍ത്തയുമാണ്‌.

പ്രായവും പദവിയും ജാതിയും മതവും എല്ലാ വിലക്കുകളെയും ഉല്ലംഘിച്ചുക്കൊണ്ട്‌ പ്രണയങ്ങള്‍ക്ക്‌ മഴവില്ലഴക്‌ നല്‌കിയത്‌ കമ്പോളമാണ്‌. പക്ഷേ അവ പ്രണയങ്ങളല്ല, ലൈനാണ്‌. ശരീരത്തെയും മനസിനെയും ഉപയോഗിച്ചതിനു ശേഷം വലിച്ചെറിയുന്ന വെറും ലൈനുകളുടെ കമ്പോള മാസ്‌മരികതയില്‍ വീണു പോവുകയാണ്‌ ഇന്ന്‌ ചെറുപ്പക്കാര്‍.

പ്രണയത്തെ സാമൂഹ്യ വ്യവസ്ഥിതികളുടെ പൊളിച്ചെഴുത്തായി കരുതുകയും ആഘോഷിക്കുകയും ചെയ്‌തിരുന്ന സാഹിത്യമാണ്‌ കറുപ്പും വെളുപ്പുമുണ്ടായിരുന്ന വെറും ആണ്‍- പെണ്‍ ആകര്‍ഷണങ്ങള്‍ക്ക്‌ നിറമുള്ള ഉടുപ്പുകള്‍ നല്‌കിയത്‌. എന്നാല്‍ പ്രണയം ഒന്നിനെയും മാറ്റയില്ല, ചില വിട്ടുവീഴ്‌ചകള്‍ ചിലരോട്‌ ചെയ്‌തുവെന്നു മാത്രം. ജാതിയും മതവും വ്യവസ്ഥിതികളെയും തകര്‍ക്കാന്‍ ആവാതെ കരാള ഹസ്‌തങ്ങളില്‍ മൃതിയടഞ്ഞ ഇഷ്ടങ്ങള്‍ പ്രണയങ്ങളെന്ന ഓമനപ്പേരില്‍ പലരെയും വേട്ടയാടി തുടങ്ങി.

വിവാഹമെന്ന സാമ്പ്രദായിക രീതിയുടെ മനപ്പൊരുത്തമില്ലായ്‌മ അവനെ പ്രണയത്തിന്റെ ആരാധകരാക്കി. നന്മകള്‍ മാത്രം കണ്ടിരുന്ന ഇഷ്ടകാലത്തെ പ്രണയമാക്കിയപ്പോള്‍ സ്വയം കല്‌പിത കഥകളില്‍ ഓരോ പെണും ആണും തനിക്ക്‌ ഇഷ്ടപ്പെട്ട നായകനും നായികയുമായി സ്വയം രൂപാന്തരപ്പെട്ടു. പക്ഷേ പ്രണയത്തെ സാമൂഹിക മാറ്റത്തിന്‌ ഉപയോഗിക്കാന്‍ സാഹിത്യം ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ്‌ കമ്പോളം ഈ സാധ്യത വിനയോഗിക്കാന്‍ എത്തിയത്‌. ലൈംഗികതയും പ്രണയവും കമ്പോളം വില്‌പനചരക്കാക്കി. ഇല്ലാത്ത മധുരവും രുചിയും സൗന്ദര്യവും കൃത്രിമമായി നല്‌കി പ്രണയത്തെ വിറ്റഴിച്ചപ്പോല്‍ ഈയാംപാറ്റകളെപ്പോലെ ആണ്‍- പെണ്‍ ഇഷ്ടങ്ങള്‍ അതില്‍ വീണു.
പെണ്‍സൗന്ദര്യം പ്രണയത്തിന്റെ അവിഭാജ്യ ഘടകമാണ്‌. ഇന്നും പ്രണയത്തിന്റെ അടിസ്ഥാന ശില സൗന്ദര്യമാണ്‌. അതിനാല്‍ പെണുങ്ങള്‍ സൗന്ദര്യം കൂട്ടാന്‍ വാരികോരി തേച്ച സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ പ്രണയത്തിന്റെ മാര്‍ക്കറ്റ്‌ വാല്യുവാണ്‌. ആണുങ്ങള്‍ ഇത്തിരി ചന്തമുള്ള പെണുങ്ങളെ വളയ്‌ക്കാന്‍ പണം മുടക്കാന്‍ തയാറായതോടെ ചെറിയ തട്ടുകടകള്‍ മുതല്‍ വലിയ ഷോപ്പിംഗ്‌ മാളുകള്‍ വരെ പ്രണയത്തിന്റെ പ്രതീകങ്ങളായി. സിനിമ വ്യവസായം പരാജയപ്പെട്ടു തുടങ്ങിയകാലത്ത്‌ പണ്ട്‌ സാഹിത്യം അമ്പേ പരാജയപ്പെട്ട പ്രണയത്തെ തേച്ചു മിനുക്കി കുപ്പിയിലാക്കി വിറ്റഴിച്ചു. സംഭവം കലക്കി, ആണിനു സൗന്ദര്യമില്ലായ്‌മയും പെണ്ണിനും സൗന്ദര്യവും പ്രണയത്തിന്റെ പ്രതീകമായി.
ആദ്യസ്‌പര്‍ശനത്തിന്റെ ഇല്ലാത്ത രതി സുഖം ഉണ്ടെന്ന്‌ അഭിനയിച്ചു ഫലിപ്പിച്ച നായകനും നായികയും ലക്ഷങ്ങള്‍ സ്വന്തമാക്കി. ഈയാം പാറ്റകളെപ്പോലെ ഓടിയടുക്കുന്നവരില്‍ കുട്ടികളായിരുന്നു ഇരകള്‍.
ഗോഡ്‌ ഈസ്‌ ലവ്‌ എന്നു പറഞ്ഞാല്‍ അയ്യേ ... എന്നു വയ്‌ക്കുന്ന എല്‍.കെജിക്കാര്‍ക്ക്‌ സ്‌നേഹം എന്ന വാക്കിന്‌ ഒരര്‍ത്ഥമേ അറിയു. ലവ്‌ എന്നാല്‍ കെട്ടിപിടുത്തവും കെട്ടിമറിയലുമാണ്‌ അവര്‍ക്ക്‌. ആ കൗതുകങ്ങളെ ചൂക്ഷണം ചെയ്യുന്ന ലൈംഗികതയുടെ ഇരകളാണ്‌ ഇന്നത്തെ കുട്ടികള്‍

അതൃപ്‌തമായ ലൈംഗികതയുടെയും അസംത്യപ്‌തമായ മാനസിക ജീവിതത്തിന്റെയും നീരാളികയ്യില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പ്രണയം ചിലര്‍ക്ക്‌ ഒരു ഉപാധിയായി.
നന്മയായി മാറേണ്ട നല്ല പ്രണയങ്ങള്‍ പോലും ഇന്ന്‌ കമ്പോളത്തിന്റെ വാണിജ്യപിടിയിലാണ്‌. ആര്‍ക്കും ആരെയും ചൂക്ഷണം ചെയ്യാന്‍ സാധിക്കുന്ന മാര്‍ക്കറ്റാണ്‌ തീരുമാനിക്കുന്നത്‌ പ്രണയത്തിന്റെ ഗ്രാവിറ്റി. പ്രണയത്തിന്റെ അതിര്‍ വരമ്പുകള്‍.

കമ്പോളം നമ്മുടെ മുമ്പില്‍ തുറന്നു തരുന്ന പ്രണയം വെറും ആലിപ്പഴങ്ങളാണ്‌, നിറവും മധുരവുമില്ലാത്ത ചെറിയ മഞ്ഞുക്കട്ടകളാണെന്ന്‌ നാം തിരിച്ചറിയുന്നത്‌ കൈവെള്ളയിലെ ചൂടില്‍ അവ ഉരുകി ഒലിക്കുമ്പോഴാണ്‌. അപ്പോഴെയ്‌ക്കും പലര്‍ക്കും ജീവിതം തന്നെ കൈവിട്ടു പോയേക്കാം.