Breaking News

Trending right now:
Description
 
Nov 19, 2013

ഹൃദയവൈകല്യം: കേരളത്തില്‍ മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം വര്‍ധിച്ചു

image ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍മൂലം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നതായി ഡോക്ടര്‍മാരുടെ സംഘടനയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ അക്കാദമി ഓഫ്‌ പീഡിയാട്രിക്‌ കാര്‍ഡിയോളജിയുടെ കേരളാ ചാപ്‌റ്റര്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമായത്‌. പരിയാരം മെഡിക്കല്‍ കോളജ്‌ ശിശുരോഗവിഭാഗവും പീഡിയാട്രിക്‌ കാര്‍ഡിയോളജി കേരള ചാപ്‌റ്ററും സംയുക്തമായി പരിയാരത്ത്‌ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധത്തിലാണു ശിശുമരണം സംബന്ധിച്ച പഠനം ചര്‍ച്ചാവിഷയമായത്‌. കേരളത്തില്‍ ആയിരത്തില്‍ 12 കുട്ടികളെങ്കിലും ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നുണ്ട്‌. ഇതില്‍ എട്ടുപേര്‍ ജനിച്ച ആദ്യമാസത്തിനകം മരിക്കുന്നു. ഇതില്‍ 20 ശതമാനം പേര്‍ മരിക്കുന്നതു ജന്മനാ ഉള്ള ഹൃദ്രോഗം മൂലവും ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും പിന്നീടു വന്ന ഹൃദ്രോഗം മൂലവുമാണെന്നു പഠനം ചൂണ്ടിക്കാട്ടുന്നു. കുട്ടികളിലെ ഹൃദയവൈകല്യങ്ങള്‍ ചികിത്സിച്ചു ഭേദമാകുന്നതു സംബന്ധിച്ചു ഡോക്ടര്‍മാര്‍ക്കു കൂടുതല്‍ അറിവു നല്‍കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാനത്തെ തെരഞ്ഞെടുത്ത ശിശുരോഗ വിദഗ്‌ധരെ പങ്കെടുപ്പിച്ചു പരിയാരത്തു സെമിനാര്‍ നടന്നത്‌. ഡോ.സുള്‍ഫിക്കര്‍ അഹമ്മദ്‌, ഡോ.എം.കെ.സി. നായര്‍, ഡോ.ഷാജി തോമസ്‌ ജോണ്‍, ഡോ.ഇ.കെ. സുരേഷ്‌ കുമാര്‍, ഡോ. ബി. വിജയകുമാര്‍, ഡോ.കെ. സുധാകരന്‍, ഡോ.എം.ടി.പി. മുഹമ്മദ്‌, ഡോ.എസ്‌.എം. അഷ്‌റഫ്‌ എന്നിവര്‍ പങ്കെടുത്തു.