Breaking News

Trending right now:
Description
 
Nov 19, 2013

രാജ്യത്ത്‌ വനിതകള്‍ക്കായി മാത്രമുള്ള ബാങ്കിന്‌ ഇന്ന്‌ തുടക്കം

image വനിതകളുടേതു മാത്രമായി രാജ്യത്തെ ആദ്യ ബാങ്ക്‌ ഇന്നു പ്രവര്‍ത്തനം ആരംഭിക്കും. ഇതിന്‌ ഇന്നലെ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നല്‍കി. എന്നാല്‍ തെരഞ്ഞെടുപ്പു നടക്കുന്ന ഡല്‍ഹി, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ ശാഖകള്‍ ഉടന്‍ തുറക്കരുതെന്നു കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്‌. മാത്രമല്ല തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുസംസ്ഥാനങ്ങളില്‍ ഇതു സംബന്ധിച്ചുള്ള പ്രചാരണവും വിലക്കിയിട്ടുണ്ട്‌. ഇന്ന്‌ മുംബൈയില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുത്തേക്കും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്‍മവാര്‍ഷിക ദിനം കൂടിയാണ്‌ ഇന്ന്‌. ധനമന്ത്രി പി. ചിദംബരം ചടങ്ങില്‍ പങ്കെടുക്കും. കോല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്‌, ഗോഹട്ടി, ഡല്‍ഹി, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ്‌ ആദ്യ ഘട്ടത്തില്‍ ശാഖകള്‍ തുറക്കുന്നത്‌. ഇതില്‍ ഡല്‍ഹി, ഇന്‍ഡോര്‍ ഒഴികെ ശാഖകള്‍ ഇന്ന്‌ പ്രവര്‍ത്തനം ആരംഭിക്കും. ഡല്‍ഹിയാണ്‌ ആസ്ഥാനം. അടുത്ത മാര്‍ച്ചോടെ 25 ശാഖകള്‍ കൂടി തുറക്കും. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പി. ചിദംബരമാണ്‌ മഹിളാബാങ്ക്‌ എന്ന ആശയം കൊണ്ടുവന്നത്‌. ആയിരം കോടി രൂപ മൂലധനത്തോടെ ആരംഭിക്കുന്ന ബാങ്കിന്റെ ചെയര്‍പേഴ്‌സണ്‍ കം മാനേജിംഗ്‌ ഡയറക്‌ടര്‍ ഉഷാ അനന്തസുബ്രഹ്മണ്യന്‍ ആണ്‌.