Breaking News

Trending right now:
Description
 
Nov 18, 2013

രണ്ട്‌ കുഞ്ഞാടുകളും പാവം ഒരു നരിയും = ആര്‍സിയും പി.ടിയും പാവം എല്‍ഡിഎഫും

image പണ്ട്‌ വിശപ്പ്‌ സഹിക്കാനാവാതെ ഒരു നരി പാറമേല്‍ പശ്‌ചിമ ഘട്ട സൗന്ദര്യം നോക്കി കിടക്കുന്നു. അപ്പോഴതാ പണ്ട്‌ ദൈവം മന്നാ പൊഴിച്ചതു മാതിരി രണ്ടു ചുള്ളന്മാരായ ആടുകള്‍ നരിക്ക്‌ നേരെ നടന്നു വരുന്നു.

വെറും പട്ടിണികോലമായ താന്‍ തിന്നു കൊഴുത്തമുട്ടന്‍മാരോട്‌ ഏറ്റുമുട്ടരുതെന്ന ലോജിക്‌ നരിക്ക്‌ ഉണ്ടായിരുന്നു. എടുത്തു ചാടിയില്ല. ബുദ്ധി ഉപയോഗിച്ചു. ആടുകള്‍ ഇടിച്ചു ചോര വരുന്നതു കണ്ടപ്പോള്‍ നരിക്ക്‌ കണ്‍ട്രോള്‍ പോയി. വിശപ്പിന്റെ മുന്നില്‍ ലോജിക്ക്‌ മറന്ന നരി എടുത്തുചാടി, രക്തസാക്ഷിയായിയെന്ന്‌ ചരിത്രം.

ഇനി വര്‍ത്തമാനകാലത്തേക്ക്‌ വരാം. പശ്ചിമ ഘട്ടം സംരക്ഷിക്കാന്‍ കൊങ്കി എന്നു ഫെയ്‌സ്‌ബുക്ക്‌ വിളിപ്പേരുള്ള നമ്മുടെ കോണ്‍ഗ്രസ്‌ ഇറങ്ങിയപ്പോള്‍ നാട്ടിലെ കുഞ്ഞാടുകള്‍ കാര്യമായെടുത്തില്ല. (കൊക്ക്‌ എത്ര കുളം കണ്ടിരിക്കുന്നുവെന്ന പുച്ഛം ഫീല്‍ ചെയ്യുക) കളി കാര്യമായി.


250 അനധികൃത ക്വാറികള്‍ ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നത്‌ നിയമം ഇല്ലാഞ്ഞിട്ടാണെന്ന്‌ പശ്ചിമവാദികള്‍ പറഞ്ഞു വിലപിച്ചു കല്ലെവിടെ മക്കളെ എന്ന പാരഡി ഗാനത്തിന്റെ ഈരടികള്‍ മൂളിയവര്‍ സായൂജ്യം അടഞ്ഞു. ഇത്തിരി റവന്യു ഭൂമി കണ്ടാല്‍ ഇഷ്ടിക മണല്‍,തടി തുടങ്ങിയ പ്രകൃതി വസ്‌തുക്കള്‍ കൊണ്ട്‌ റിസോര്‍ട്‌ എന്നു വിളിപേരുള്ള ചെറിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന പലരും ഞെട്ടിപ്പോയി.


പല നിയമം ഉണ്ടെങ്കിലും ലവനല്ല ഇവനെന്നും പൊല്ലാപ്പാകുമെന്നും കുഞ്ഞുങ്ങള്‍ കരഞ്ഞാല്‍ നീല കുറുക്കന്‍ പിടിച്ചുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ മൃഗരാജ്യത്തിന്‌ അവകാശം കൊടുത്തുവെന്നും സ്വര്‍ഗ നാട്ടിലേക്ക്‌ മനുഷര്‍ക്ക്‌ വീസ ശരിയാക്കി കൊടുക്കുന്ന കത്തോലിക്ക പുരോഹിതര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ കുഞ്ഞാടുകള്‍ ഇല്ലാതായാല്‍ സ്വര്‍ഗരാജ്യത്ത്‌ മണി മാളികകള്‍ ശൂന്യമാകുമെന്ന തിരിച്ചറിവില്‍ കത്തോലിക്ക പുരോഹിതര്‍ തെരുവില്‍ എത്തി( മൃഗങ്ങള്‍ സ്വര്‍ഗത്തില്‍ പോകുമെന്ന്‌ കത്തോലിക്ക സഭ ഒന്നും പറയുന്നില്ല) സ്വര്‍ഗം കിട്ടിയില്ലേലും റിസോര്‍ട്ടുകാര്‍ ലക്ഷം പറഞ്ഞു വെച്ചിരിക്കുന്ന ഞങ്ങളുടെ മണ്ണില്‍ ഒരു കാട്ടുകൊഴിയെ പോലും പ്രവേശിപ്പിക്കില്ലെന്നും വിശ്വാസികളും പ്രഖ്യാപിച്ചു.

പിന്നീട്‌ മൃഗരാജ്യത്തിനു വേണ്ടി ഇടുക്കിയുടെ സ്വന്തം കൊങ്കി എംപി പിടി തോമസ്‌ തെരുവില്‍ ഇറങ്ങി. അതോടെ ആര്‍സിയും പി.ടിയും തമ്മിലായി യുദ്ധം. ഇനി അടുത്തതവണ വോട്ട്‌ കുരങ്ങനും ആനയും മ്ലാവും ചെയ്യുമെന്ന്‌ ഇടുക്കി കത്തോലിക്ക ബിഷപ്പു പറഞ്ഞതു പി.ടിക്ക്‌ ഫീല്‍ ചെയ്‌തു. ബിഷപ്പിന്റെ കാര്യം കര്‍ദ്ദിനാളിനോടു പറഞ്ഞു കൊടുക്കുമെന്നും എന്നിട്ട്‌ സ്വര്‍ഗരാജ്യം വിലക്കുമെന്നുമായി പി.ടി. കാരണം, പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും അല്ലെങ്കില്‍ചാവുദോഷം കിട്ടുന്ന പറഞ്ഞു കുമ്പസാരിക്കേണ്ട പാപമാണെന്നും മാര്‍പാപ്പ ചാക്രിക ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്‌ 2010യില്‍ പിടി തോമസ്‌ വായിച്ചിട്ടിണ്ടത്രേ. ആഗോള നേതാവിനെ അനുസരിച്ച്‌ സ്വര്‍ഗത്തില്‍ പോകണോ അതോ നശ്വരമായ ഇടുക്കി എം. പി സീറ്റു വേണോ? ജയിക്കുമെന്ന്‌ ഉറപ്പായ ഇടുക്കി സീറ്റു പോലും ഒരു കോണ്‍ഗ്രസ്‌ എം.പി പാപം ചെയ്‌ത്‌ നരകത്തില്‍ പോകാന്‍ ഭയന്ന്‌ വേണ്ടെന്നു പറയുക ഹോ, ഭയങ്കരം....

കപ്പയും ചേനയും തിന്നാന്‍ പറ്റാതെ വന്നാലും പരിവുവടയും ചായയും കുടിച്ച്‌ ജീവിക്കേണ്ടി വന്നാലും ഈ ആടു യുദ്ധത്തില്‍ തങ്ങള്‍ക്ക്‌ പങ്കില്ലെന്ന്‌ മട്ടില്‍ മാറി നിന്ന എല്‍ഡിഎഫ്‌ ആര്‍സി ആടിനൊപ്പം ചേര്‍ന്നു. കാരണം എല്ലാവരയെും തുല്യരായി പരിഗണിക്കുന്ന സ്വര്‍ഗരാജ്യമാണ്‌ ആര്‍.സിയെ പോലെ എല്‍ഡി എഫിന്റെ സ്വപ്‌നം. ഇഷ്ടം പോലെ നിയമം ഉണ്ടെന്നും അത്‌ നടപ്പിലാക്കിയാല്‍ മതിയെന്നും ആ നിയമം നടപ്പിലാക്കാന്‍ ആര്‍ജവത്വം എല്‍ഡിഎഫിനു മാത്രമാണെന്നുമാണ്‌ ഇടുക്കിയിലെ നാല്‌ എല്‍ഡിഎഫ്‌ എംഎല്‍എമാരും ഒരേ സ്വരത്തില്‍ പറയുന്നത്‌.

ദൈവ നിഷേധികളായ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം ചേര്‍ന്ന്‌ സ്വര്‍ഗരാജ്യം നഷ്ടപ്പെടുത്തി ചാവു ദോഷമുള്ള പാപം ചെയ്യാന്‍ ഇറങ്ങിയ ആര്‍.സി കുഞ്ഞാടുകളോട്‌ ഈ കോണ്‍ഗ്രസിന്‌ ഇത്രയുമേ പറയാനുള്ളു....... പ്രകൃതി മാതാവേ............ ഇവര്‍ ചെയ്യുന്നത്‌ കണ്ടിട്ട്‌ ഇവരെ വെറുതേ വിടല്ലേ,,, കാരണം ഇവര്‍ ധിക്കരിച്ചിരിക്കുന്നത്‌ മാര്‍പാപ്പയെയാണ്‌. ഈ മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആര്‍ക്കെതിരെ കേസെടുക്കുമെന്നാണ്‌ വിശ്വാസികളുടെ സംശയം. വാല്‍ക്കഷണം

ഇനി നാലു മാസം കൂടി ഇലക്ഷനു വേണ്ടി കാത്തിരിക്കുക നരിയുടെയാണോ ആടുകളുടെ ലോജിക്കാണോ വിജയിച്ചതെന്ന്‌ അറിയാന്‍.