Breaking News

Trending right now:
Description
 
Nov 18, 2013

നസ്രിയയുടെ ഫേയ്‌സ്‌ബുക്കില്‍ ലൈക്കോട്‌ ലൈക്ക്‌, ഇരുപതുലക്ഷവും കടന്ന്‌ മുന്നോട്ട്‌

Evana Peter
image സിനിമാ ലോകത്ത്‌ പുതുമുഖമാണെങ്കിലും ഫേയ്‌സ്‌ബുക്ക്‌ പേജില്‍ നസ്രിയ നസീമാണ്‌ താരം. മലയാളികളായ സൂപ്പര്‍താരങ്ങളെ പോലും കടത്തി വെട്ടി നസ്രിയയുടെ പേജില്‍ ലൈക്ക്‌ ചെയ്‌തിരിക്കുന്നത്‌ 20 ലക്ഷം പേരാണ്‌. ഒരു പക്ഷേ, ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടിയ മലയാളിയാകും നസ്രിയ. ഇന്നുരാവിലെ വരെ 20,11773 ലൈക്കാണ്‌ നസ്രിയയുടെ പേജില്‍ ലഭിച്ചിരിക്കുന്നത്‌. ഇന്നലെ മാത്രം 40,000 പേരാണ്‌ ഈ പേജില്‍ ലൈക്ക്‌ രേഖപ്പെടുത്തിയത്‌. 

നസ്രിയ ഒരു പോസ്‌റ്റിറ്റാല്‍ അത്‌ 25 ലക്ഷം പേരിലേയ്‌ക്കുവരെയെത്തുന്നു. പുതിയൊരു ചിത്രം ചേര്‍ത്താല്‍ ഒരു ലക്ഷത്തിനടുത്ത്‌ ആളുകള്‍ വരെ ലൈക്ക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനുമെത്തുന്നു. സ്വന്തം ചിത്രങ്ങള്‍, ക്രിക്കറ്റ്‌ ചിത്രങ്ങള്‍, ഓരോ അവസരത്തിനുമൊത്തുള്ള ആശംസകള്‍ എന്നിവയാണ്‌ നസ്രിയയുടെ ഫേയ്‌സ്‌ബുക്ക്‌ പേജിലുള്ളത്‌.

2012 ഡിസംബര്‍ പത്തൊന്‍പതിനാണ്‌ നസ്രിയ ഔദ്യോഗികമായി ഫേയ്‌സ്‌ബുക്ക്‌ പേജ്‌ തുറന്നത്‌. നസ്രിയയുടെ ജന്മദിനത്തിന്‌ തൊട്ടുതലേന്നായിരുന്നു തുടക്കം. മാഡ്‌ ഡാഡ്‌ എന്ന ചിത്രത്തിന്റെ പ്രമോഷനായിരുന്നു തുടക്കത്തില്‍ ലക്ഷ്യമിട്ടതെങ്കിലും നസ്രിയയുടെ ആരാധകര്‍ ആ പേജിനെ പുതിയ ഉയരങ്ങളിലെത്തിക്കുകയായിരുന്നുവെന്ന്‌ ഡിജിടാക്കീസ്‌ എംഡിയും ഐടി വിദഗ്‌ധനും പേജിന്റെ അഡ്‌മിനുമായ സിജിന്‍ സ്റ്റീഫന്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു. ഇപ്പോള്‍ ഇരുപതു ലക്ഷം പേരില്‍ രണ്ടു ലക്ഷം പേരും ചെന്നൈയില്‍നിന്നാണ്‌. തൊട്ടടുത്ത സ്ഥാനം ബാംഗളൂരിനും മൂന്നാം സ്ഥാനം ഹൈദരാബാദിനുമാണ്‌. നാലാം സ്ഥാനത്താണ്‌ എറണാകുളത്തുനിന്നുള്ള ആരാധകരുടെ എണ്ണം. ലോകത്തുളള ഒട്ടേറെ രാജ്യങ്ങളില്‍നിന്ന്‌ നസ്രിയയുടെ പേജില്‍ ലൈക്ക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും ആളുകളെത്തുന്നു. 


സിജിന്‍ സ്റ്റീഫന്‍

പതിന്നാലുവയസ്‌ മുതല്‍ ഗെയിമുകളും മറ്റു രൂപപ്പെടുത്തി പ്രതിഭ തെളിയിച്ച സിജിന്റെ സപ്പോര്‍ട്ടാണ്‌ ഫേയ്‌സ്‌ബുക്ക്‌ പേജിനെ ഉയരത്തിലെത്തിച്ചത്‌. അങ്കമാലി സ്വദേശിയായ സിജിന്‍ കാനഡയില്‍ എച്ച്‌എസ്‌ബിസിയില്‍ ജോലി ചെയ്‌ത ശേഷമാണ്‌ നാട്ടില്‍ തിരിച്ചെത്തിയത്‌. സിനിമാ പ്രചാരണരംഗത്ത്‌ സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നതിന്റെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ സിജിന്‍ ഇപ്പോള്‍ താരമാണ്‌.


നസ്രിയയുടെ ആരാധകരെക്കുറിച്ച്‌ വ്യക്തമായ പഠനം നടത്തിയായിരുന്നു സിജിന്‍ പേജ്‌ തുടങ്ങിയത്‌. നിലവിലുണ്ടായിരുന്ന മുപ്പതോളം അനൗദ്യോഗിക പേജുകള്‍ തുടക്കത്തില്‍ മെര്‍ജ്‌ ചെയ്‌തിരുന്നു. മലബാര്‍ മേഖലയില്‍നിന്നായിരുന്നു ആദ്യദിവസങ്ങളില്‍ നസ്രിയയ്‌ക്ക്‌ ആരാധകരെത്തിയതെങ്കിലും പിന്നീട്‌ അത്‌ അതിരുകള്‍ കടന്ന്‌ പറന്നുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ജൂണിനുശേഷം ഒരു പേജ്‌ പോലും മെര്‍ജ്‌ ചെയ്യാതെതന്നെ ലൈക്ക്‌ പേജ്‌ കുതിക്കുകയാണ്‌.

ഇപ്പോള്‍ ഇരുപതു ലക്ഷം പേരില്‍ രണ്ടു ലക്ഷം പേരും ചെന്നൈയില്‍നിന്നാണ്‌. തൊട്ടടുത്ത സ്ഥാനം ബാംഗളൂരിനും മൂന്നാം സ്ഥാനം ഹൈദരാബാദിനുമാണ്‌. നാലാം സ്ഥാനത്താണ്‌ എറണാകുളത്തുനിന്നുള്ള ആരാധകരുടെ എണ്ണം. ലോകത്തുളള ഒട്ടേറെ രാജ്യങ്ങളില്‍നിന്ന്‌ നസ്രിയയുടെ പേജില്‍ ലൈക്ക്‌ ചെയ്യാനും കമന്റ്‌ ചെയ്യാനും ആളുകളെത്തുന്നു.

നെയ്യാണ്ടിയെന്ന ചിത്രത്തില്‍ വിവാദങ്ങളുണ്ടായപ്പോഴാണ്‌ ഫേയ്‌സ്‌ബുക്ക്‌ പേജിന്റെ ശക്തി നസ്രിയ ശരിക്കും തിരിച്ചറിഞ്ഞത്‌. തന്റെ അഭിപ്രായം തുറന്നു പറയാനും അത്‌ എല്ലാവര്‍ക്കും മനസിലാക്കിക്കൊടുക്കാനും നസ്രിയയുടെ ടൈംലൈനിലൂടെ കഴിഞ്ഞു. 


ഓണത്തിന്‌ തൊട്ടുമുമ്പ്‌ മോഹന്‍ലാലിന്റെ ഔദ്യോഗിക പേജില്‍ പത്തുലക്ഷം ആരാധകര്‍ കടന്നപ്പോള്‍ നസ്രിയ ഇരുപതിനായിരം ലൈക്കുകള്‍ക്ക്‌ പിന്നിലായിരുന്നു. എന്നാല്‍, അതിനുപിന്നാലെ ലൈക്കുകളുടെ എണ്ണം പറപറന്നു. പത്തുലക്ഷം പേരില്‍നിന്ന്‌ ഇരുപതു ലക്ഷം പേരിലേയ്‌ക്കെത്താന്‍ വെറും രണ്ടു മാസമേ എടുത്തുളളൂ എന്നു കേള്‍ക്കുമ്പോള്‍ നസ്രിയ നമിച്ചുപോകുന്നു.

ഇപ്പോള്‍ നസ്രിയയുടെ പുതിയ ചിത്രങ്ങളുടെയെല്ലാം പ്രമോഷന്‍ ഈ പേജിലൂടെയാണ്‌. 



ഈച്ചയില്‍ അഭിനയിച്ച സാമന്ത പ്രഭു, ഹിന്ദി താരം കാജല്‍ അഗര്‍വാള്‍ എന്നിവരാണ്‌ ഇപ്പോള്‍ നസ്രിയയ്‌ക്കു മുകളില്‍ ഫേയ്‌സ്‌ബുക്ക്‌ പേജ്‌ ലൈക്കുകളുള്ളവര്‍. സാമന്തയ്‌ക്ക്‌ 27 ലക്ഷം പേരുണ്ട്‌ സ്വന്തം പേജില്‍. കാജലിന്‌ 50 ലക്ഷത്തിനു മുകളിലും.