Breaking News

Trending right now:
Description
 
Nov 18, 2013

നൊബേല്‍ സമ്മാനജേതാവ്‌ ഡോറിസ്‌ ലെസിംഗ്‌ അന്തരിച്ചു

image ബ്രട്ടീഷ്‌ നോവലിസ്റ്റും നൊബേല്‍ സമ്മാനജേതാവുമായ ഡോറിസ്‌ ലെസിംഗ്‌ (94) അന്തരിച്ചു. ലണ്ടനിലെ വസതിയില്‍ പ്രാദേശിക സമയം രാവിലെയായിരുന്നു അന്ത്യം. ലെസിംഗിന്റെ പുസ്‌തകങ്ങളുടെ പ്രാസാധകരായ ഹാര്‍പര്‍ കോളിന്‍സ്‌ ആണ്‌ മരണവിവരം പുറത്തുവിട്ടത്‌. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ലെസിംഗ്‌. 2007 ല്‍ എണ്‍പത്തിയെട്ടാമത്തെ വയസിലായിരുന്നു ലെസിംഗിനെത്തേടി നൊബേല്‍ പുരസ്‌കാരം എത്തിയത്‌. ഈ പുരസ്‌കാരം നേടുന്ന പതിനൊന്നാമത്തെ വനിതയായിരുന്നു അവര്‍. ഇറാനില്‍ ജനിച്ച ലെസിംഗ്‌ കുട്ടിയായിരിക്കുമ്പോള്‍ സിംബാബ്‌വേയുടെ ഭാഗമായ സതേണ്‍ റൊധേഷ്യയിലേക്ക്‌ കുടിയേറിയിരുന്നു. പിന്നീട്‌ 1949 ലാണ്‌ ലെസിംഗ്‌ ഇംഗ്ലണ്ടിലേക്ക്‌ സ്ഥിരതാമസമായത്‌. ഇംഗ്ലണ്ടില്‍ കുടിയേറിയതിന്റെ പിറ്റേ വര്‍ഷമാണ്‌ ലെസിംഗിന്റെ ആദ്യ നോവലായ `ദ ഗ്രാസ്‌ ഈസ്‌ സിംഗിംഗ്‌' പ്രസിദ്ധീകരിക്കപ്പെട്ടത്‌. 1962 ല്‍ പ്രസിദ്ധീകരിക്കപ്പെട്ട `ദ ഗോള്‍ഡന്‍ നോട്ട്‌ബുക്‌' എന്ന നോവലിലൂടെയാണ്‌ ലെസിംഗ്‌ ശ്രദ്ധിക്കപ്പെടുന്നത്‌. എഴുത്തുകാരിയായിരുന്നെങ്കിലും ഫെമിനിസ്റ്റ്‌ പ്രസ്ഥാനങ്ങളില്‍ നിന്നും ലെസിംഗ്‌ വ്യക്തമായ അകലം പാലിക്കാന്‍ ശ്രദ്ധിച്ചിരുന്നു. അന്‍പതിലധികം നോവലുകളും ഓര്‍മക്കുറിപ്പുകളും ചെറുകഥാ സമാഹാരങ്ങളും ലെസിംഗ്‌ എഴുതിയിട്ടുണ്ട്‌.