Breaking News

Trending right now:
Description
 
Nov 18, 2013

രാജ്യത്തിന്റെ സ്വര്‍ണം ഇറക്കുമതിക്ക്‌ കുറവ്‌ വന്നേക്കും

image നടപ്പുവര്‍ഷം രാജ്യത്തിന്റെ സ്വര്‍ണം ഇറക്കുമതി ഏകദേശം 40 ശതമാനത്തിന്റെ ഇടിവോടെ 500 ടണ്ണായി കുറഞ്ഞേക്കുമെന്ന്‌ വിലയിരുത്തല്‍. കറന്റ്‌ അക്കൗണട്‌ കമ്മി (സിഎഡി) കുറയ്‌ക്കുകയും രൂപയുടെ മൂല്യം നിലനിര്‍ത്തുകയും ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ ആശ്വാസകരമാകുന്നതാണ്‌ സ്വര്‍ണത്തിന്റെ ഇറക്കുമതിയിലുണ്ടാകുന്ന കുറവെന്നാണ്‌ വിലയിരുത്തല്‍. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്‌ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരും ആര്‍ബിഐയും ഏര്‍പ്പെടുത്തിയ നിര്‍ദേശങ്ങള്‍ ഫലം കണ്ടു തുടങ്ങിയെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. ഒക്ടോബര്‍വരെ രാജ്യത്തിന്റെ സ്വര്‍ണം ഇറക്കുമതി 400 ടണ്ണാണ്‌. 2014 മാര്‍ച്ച്‌ വരെയുള്ള കാലയളവില്‍ ഏകദേശം 100 ടണ്ണിന്റെ ഇറക്കുമതികൂടി നടക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 2012-13 കാലയളവില്‍ രാജ്യം 835 ടണ്‍ സ്വര്‍ണമാണ്‌ ഇറക്കുമതി ചെയ്‌തത്‌. സിഎഡി മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ 4.8 ശതമാനമെന്ന റിക്കാര്‍ഡിലേക്ക്‌ ഉയര്‍ന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നും ഉയര്‍ന്ന ഇറക്കുമതിയായിരുന്നു. രാജ്യത്തേക്കുള്ള വിദേശനാണ്യത്തിന്റെ വരവിനേക്കാളും ഉയര്‍ന്ന ചെലവ്‌ സിഎഡിയെ റിക്കാര്‍ഡിലെത്തിച്ചപ്പോള്‍ എക്കാലത്തെയും വലിയ ഇടിവ്‌ രേഖപ്പെടുത്തിക്കൊണ്ട്‌ ഓഗസ്റ്റ്‌ അവസാനത്തോടെ രൂപയുടെ മൂല്യം 68.85 ആയി മാറി. പിന്നീട്‌ തിരിച്ചുവരവ്‌ നടത്തിയ രൂപ നവംബര്‍ പകുതിയോടെയാണ്‌ 63.11 ലേക്ക്‌ തിരിച്ചുകയറിയത്‌. ഉയര്‍ന്ന ഇറക്കുമതിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ ബാങ്കുകളുടെ സ്വര്‍ണം ഇറക്കുമതിയില്‍ ഉപാധികള്‍ വച്ചപ്പോള്‍ സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതിയില്‍ 10 ശതമാനത്തിന്റെ നികുതി വര്‍ധന ഏര്‍പ്പെടുത്തിയിരുന്നു.