Breaking News

Trending right now:
Description
 
Nov 16, 2013

രണ്ടാനമ്മയുടെ കൊടുംക്രൂരത മറക്കാന്‍ കുഞ്ഞാലയ്‌ക്ക്‌ സ്വന്തം 'സര്‍ക്കാര്‍ അമ്മ'

ഇ.എസ്‌. ജിജിമോള്‍/ Global Malayalam Exclusive
image ജീവന്റെ കണികകള്‍ നെഞ്ചിന്‍ക്കൂടില്‍ അവശേഷിപ്പിച്ചുക്കൊണ്ട്‌ മാതൃത്വത്തിന്റെ ക്രൂരതയുടെ നേര്‍ചിത്രമായി കുമളി സ്വദേശിയായ ഷെഫീക്‌ മരണത്തോട്‌ മല്ലടിച്ചപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ തേങ്ങി. രണ്ടാനമ്മയുടെയും സ്വന്തം പിതാവിന്റെയും ക്രൂരതകളറിഞ്ഞ്‌ ലോകം കണ്ണീരണിഞ്ഞു. 90% മസ്‌തിഷ്‌കമരണം സംഭവിച്ച കുഞ്ഞ്‌ ജീവന്റെ പൊന്‍വെളിച്ചത്തിലേക്ക്‌ നടന്നടുക്കാനായി ലോകമെങ്ങുമുള്ള മലയാളികള്‍ പ്രാര്‍ത്ഥിച്ചു. ജീവന്‍ രക്ഷിക്കാന്‍ ഷെഫീക്കിനെ വെല്ലൂര്‍ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റാന്‍ തീരുമാനിച്ചപ്പോള്‍ കേരള സര്‍ക്കാരാണ്‌ ശരിക്കും വെട്ടിലായത്‌.

പീരുമേട്‌ ഐസിഡിഎസ്‌ സൂപ്പര്‍ വൈസര്‍ ശോഭനകുമാരി വെല്ലൂരില്‍ ഷെഫീക്കിനെ സന്ദര്‍ശിച്ചപ്പോള്‍. രാഗിണി സമീപം

മരുന്നിനൊപ്പം സ്‌നേഹവും കരുതലും നല്‌കാന്‍ ഷെഫീക്കിന്‌ ഒരു അമ്മയെ വേണം. ആരു വരും അങ്ങനെയൊരു അമ്മയായി? സാമൂഹിക ക്ഷേമവകുപ്പ്‌ സംസ്ഥാനമൊട്ടാകെ തിരഞ്ഞു.

ഇടുക്കി ജില്ലയിലെ ഏലപ്പാറ കോലാഹലമേട്‌ സ്വദേശിയായ രാഗിണി എന്ന ആംഗനവാടി ഹെല്‍പ്പറെയാണ്‌ സാമൂഹിക ക്ഷേമ വകുപ്പ്‌ കണ്ടെത്തിയത്‌. സര്‍ക്കാര്‍ നിയോഗിച്ച അമ്മ രാഗിണിയുടെ സമീപത്തു നിന്ന്‌ ഷെഫീക്കിനെ മാറ്റരുതെന്നാണ്‌ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‌കിയത്‌. അഞ്ചു വര്‍ഷം അവനു നഷ്ടപ്പെട്ട സ്‌നേഹവും ക്രൂരതയുടെ മുറിവും രാഗിണി ഉണക്കിയത്‌ വെറും മൂന്നു മാസം കൊണ്ടാണ്‌.

കുഞ്ഞിനെ തനിക്ക്‌ തരണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഗിണി കേരള സര്‍ക്കാരിന്‌ അപേക്ഷയും നല്‌കി. ഷെഫീക്കിന്റെ പെറ്റമ്മയും നല്‌കിയിരുന്നു അപേക്ഷ. ആ അപേക്ഷ നിരസിച്ച സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും രാഗിണിയുടെ അമ്മമനസിന്റെ ആഴം അറിഞ്ഞു. ആറുമാസം കൂടി സര്‍ക്കാര്‍ ഷെഫീക്കിനെ നോക്കാന്‍ രാഗിണിയെ തന്നെ നിയോഗിച്ചിരിക്കുകയാണ്‌. സ്‌നേഹത്തിന്റെ ആഴത്തിലേക്ക്‌ പോകാന്‍ പത്തുമാസം വയറ്റില്‍ ചുമക്കേണ്ട, പൊക്കിള്‍കുടി ബന്ധവും വേണ്ട എന്നു കാണിച്ചു തന്നിരിക്കുകയാണ്‌ 32-കാരിയായ ഈ അവിവാഹിത.

അടുത്ത ചൊവ്വാഴ്‌ച ഇടുക്കി ചെറുതോണിയിലെ സര്‍ക്കാര്‍ മേല്‍നോട്ടമുള്ള സ്ഥാപനത്തില്‍ ഷെഫീക്ക എത്തുമ്പോഴും രാഗിണി കൂടെയുണ്ടാകും. ഷെഫീക്കെന്ന രാഗിണിയുടെ കുഞ്ഞാലയുടെ ബുദ്ധി രണ്ടു വയസില്‍ നിന്ന്‌ കൂടുമെന്ന്‌ ഉറപ്പില്ല, ഇടുപ്പുകള്‍ഉറച്ച്‌ സ്വന്തം കാലില്‍ അവന്‍ നടക്കുമോയെന്നും പറയാനാവില്ല, എന്നാലും ഇതെല്ലാം അറിഞ്ഞുകൊണ്ട്‌ പൂര്‍ണ ബോധ്യത്തില്‍ ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ അനുവദിച്ചാല്‍ അവന്റെ മാത്രം അമ്മയായി ജീവിച്ചുകൊള്ളാമെന്നാണ്‌ രാഗിണി നല്‌കുന്ന ഉറപ്പ്‌.

"സര്‍ക്കാര്‍ എനിക്ക്‌ കുഞ്ഞാലയെ തന്നാല്‍ കുഞ്ഞാലയ്‌ക്ക്‌ ഞാനും എനിക്ക്‌ കുഞ്ഞാലയും മാത്രമായി ജീവിച്ചുകൊള്ളാം..." എന്നാണ്‌ രാഗിണി ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞത്‌.

"മുന്നിലും പിന്നിലും ആരുമില്ലാതെ, ആംഗന്‍വാടി ഹെല്‍പ്പറുടെ ശമ്പളം മാത്രം മതിയെനിക്ക്‌..." രാഗിണി പറയുന്നു.

പെറ്റമ്മ മറന്നാലും പോറ്റമ്മ പീഡിപ്പിച്ചാലും ഞാന്‍ നിനക്ക്‌ സ്‌നേഹത്തിന്റെ തേനും വയമ്പും ഹൃദയത്തില്‍ ഇറ്റിച്ചു തരാമെന്നു രാഗിണി മനസില്‍ ശപഥം ചെയ്‌തു പോയത്‌ വെല്ലൂരിലെ ഐസിയു വാര്‍ഡില്‍ കറുത്ത ചുള്ളികമ്പു പോലെ തളര്‍ന്നു കിടക്കുന്ന ഷെഫീക്കിനെ കണ്ടാണ്‌. അവിടെവിടെയായി വെള്ളപാണ്ടുകള്‍ ഒടിഞ്ഞു നുറുങ്ങിയ കാലുകള്‍, തളര്‍ന്നു പോയ ഇടിപ്പ്‌. വല്ലപ്പോഴും വലിച്ചു തുറക്കുന്ന കണ്ണുകള്‍, സ്‌ത്രീത്വത്തിന്റെ ക്രൂരതയും പിതൃത്വത്തിന്റെ പൈശാചികതയും ഒരു കുഞ്ഞിനെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്നാ തെളിവായിരുന്നു ഷെഫീക്ക്‌.
വെല്ലൂരിലേക്ക്‌ കുട്ടിയെ മാറ്റുമ്പോള്‍ ഷെഫീക്കിനെ നോക്കാന്‍ ഷെഫീക്കിന്റെ ബന്ധുവായ സ്‌ത്രീയാണ്‌ കൂടെ കൊണ്ടു പോയത്‌. അവര്‍ തിരിച്ചു മടങ്ങാന്‍ തിരക്കുക്കൂട്ടിക്കൊണ്ടിരുന്നതു കൊണ്ടാണ്‌ സര്‍ക്കാര്‍ രാഗിണിയെ നിയോഗിച്ചത്‌.

ഷെഫീക്കിന്റെ അമ്മ ഷെഫീക്ക്‌ ജനിച്ച്‌ എഴുപതാം നാള്‍ അയല്‍വീട്ടില്‍ ഏല്‌പിച്ചാണ്‌ മറ്റൊരു പുരുഷനൊപ്പം നാടുവിടുന്നത്‌. അതിനുശേഷം ഈ ബന്ധുവായിരുന്നു ഷെഫീക്കിനെയും സഹോദരനെയും നോക്കിയിരുന്നത്‌. കൊച്ചു മിടുക്കനായിരുന്ന ഷെഫീക്കിനെ ആ ബന്ധുക്കള്‍ തിരിച്ചു അപ്പനും നല്‌കിയത്‌ അവരുടെ ചില കുടുംബപരമായ ആവശ്യങ്ങള്‍ മൂലമാണ്‌. രാഗിണി വെല്ലൂരില്‍ എത്തിയതും ബന്ധുക്കള്‍ തിടുക്കത്തില്‍ ഷെഫീക്കിനെ സര്‍ക്കാര്‍ അമ്മയ്‌ക്ക്‌ കയ്യൊഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങി.

ക്രൂരതയുടെയും ഉപേക്ഷിക്കലിന്റെയും അഞ്ചുവര്‍ഷം പിന്നിട്ട്‌, മസ്‌തിഷ്‌ക മരണത്തില്‍ നിന്ന്‌ ജീവിത്തിലേക്ക്‌ മടങ്ങിവന്ന കുഞ്ഞു ഷെഫീക്കിന്റെ ജീവിതത്തില്‍ ഈ മൂന്നു മാസം കൊണ്ട്‌ എന്തു സംഭവിച്ചു...?

ഓഗസ്റ്റ്‌ 15-ന്‌ വെല്ലൂരില്‍ എത്തിയ രാഗിണി ആശുപത്രിക്കു പുറത്താണ്‌ താമസിച്ചിരുന്നത്‌. കാരണം കുട്ടി ഐസിയുവിലാണ്‌. രാവിലെ 7.30-ന്‌ ആശുപത്രിയില്‍ എത്തിയാല്‍ രാഗിണി ഇമവെട്ടാതെ കുഞ്ഞിനൊപ്പം രാത്രി 8 മണി വരെ നോക്കിയിരുന്നു. ഐസിയുവിന്റെ തണുപ്പില്‍ ഉറഞ്ഞു പോകാതെ അവന്റെ ബുദ്ധിയും മനസും തിരിച്ചുപിടിക്കാന്‍ സ്‌നേഹത്തിന്റെ സിധൗഷധവുമായി... ചികിത്സിച്ചവര്‍ക്കുപോലും അത്ഭുതമായി അവന്‍ പതുക്കേ സുഖം പ്രാപിക്കുകയായിരുന്നു. അപ്പോഴെയ്‌ക്കും ഷെഫീക്‌ രാഗിണിക്ക്‌ കുഞ്ഞാലയായി മാറിയിരുന്നു. തുടര്‍ച്ചയായി അപസ്‌മാരം വരുന്നതായിരുന്നു ചികിത്സയുടെ ഏറ്റവും വലിയെ വെല്ലുവിളി. രാഗിണി എത്തിയതിനു ശേഷം അപസ്‌മാരം വന്നിട്ടില്ല. അത്‌ ചികിത്സകര്‍ക്ക്‌ ഏറെ ആശ്വാസമായി.

അങ്ങനെ അഞ്ചു വയസുകാരനായ ഷെഫീക്‌ വീണ്ടും ജനിച്ചു. ഒന്‍പതുമാസമുള്ള കുഞ്ഞിന്റെ അവസ്ഥയില്‍. ലവും മൂത്രവും എപ്പോഴും പോകും. പാഡുകള്‍ വച്ച്‌ അവന്റെ തുടകള്‍ പൊട്ടിയിരുന്നു. പിന്നെ രാഗിണി പാഡുകള്‍ മാറ്റി അവനെ മടിയില്‍ വച്ചു. അതോടെ രാഗിണി മൂത്രത്തില്‍ കുളിച്ചു, നഴ്‌സുമാര്‍ ചിരിച്ചുകൊണ്ടു ചോദിച്ചു ആരാണ്‌ മൂത്രമൊഴിച്ചത്‌ കുഞ്ഞാലയോ അതോ അമ്മയോ? കുഞ്ഞാല നഴ്‌സുമാരോട്‌ അമ്മയെന്ന്‌ അവ്യക്തമായി പറഞ്ഞു. ഷെഫീക്‌ രാത്രിയില്‍ നിലവിളിച്ച്‌ കരഞ്ഞപ്പോള്‍ പതുക്കേ അവളിലെ അമ്മ തിരിച്ചറിഞ്ഞു കുഞ്ഞ്‌ വേദനകൊണ്ടല്ല കരയുന്നത്‌ വിശപ്പുകൊണ്ടാണെന്ന്‌. അതോടെ രാത്രിയില്‍ ഭക്ഷണം കരുതി വയ്‌ക്കുന്ന നല്ല അമ്മയായി. എട്ടോ ഒന്‍പതോ കിലോമാത്രമുണ്ടായിരുന്ന ഷെഫീക്ക്‌ ഭക്ഷണം കിട്ടിയപ്പോള്‍ തൂക്കം വച്ചു. കാലുകള്‍ക്ക്‌ ബലം നഷ്ടപ്പെട്ട കുഞ്ഞാലയെ മടിയില്‍ വച്ചും എടുത്തുകൊണ്ടു നടന്നും അവന്റെ കുഞ്ഞുശാഠ്യങ്ങളോട്‌ വഴങ്ങി. രാവും പകലും എടുത്തുകൊണ്ടു നടന്ന്‌ കൈമാറി പിടിക്കാന്‍ ആളില്ലാതെ രാഗിണിയുടെ കണ്ണു നിറഞ്ഞപ്പോള്‍ ഷെഫീക്‌ സ്‌നേഹത്തോടെ പറഞ്ഞു - ചോറു കഴിക്കെന്ന്‌. അവ്യക്തമായി അമ്മയെ അവനും കരുതി തുടങ്ങി. കാരണം അവന്റെ കുഞ്ഞു ബുദ്ധി എന്നേ തിരിച്ചറിഞ്ഞിരിക്കുന്നു വിശപ്പിന്റെ ഉപ്പുരസത്തിന്റെ നോവ്‌.

പിന്നീട്‌ ആശുപത്രിക്കാര്‍ വീല്‍ചെയര്‍ നല്‌കി. രാഗിണിയമ്മയുടെ മാതൃഭാഷ തമിഴായിട്ടും അവര്‍ മലയാളത്തിന്റെ മധുരവാക്കുകള്‍ അവനോട്‌ പറഞ്ഞു നല്‌കി. രണ്ടാഴ്‌ച മുമ്പ്‌ ഒരു വ്യാഴാഴ്‌ച ഉറക്കത്തില്‍ ഒരിക്കല്‍ പേക്കിനാവുപോലെ ഞെട്ടിയുണര്‍ന്ന്‌ നിലവിളിയോടെ അവന്‍ പറഞ്ഞു തന്നെ തല്ലിയവരുടെ പേരുകള്‍... ക്രൂരതയുടെ ചില വാക്കുകള്‍... ഒടുവില്‍ തേങ്ങിത്തേങ്ങി രാഗിണിയുടെ തോളില്‍ മയങ്ങി. അതല്ലാതെ സഹോദരങ്ങളുടെ പോരോ നാടോ അവന്‌ ഓര്‍മ്മയില്ല. അവന്‌ അമ്മ രാഗിണിയും വീട്‌ വെല്ലൂരിലെ ആശുപത്രിയുമാണ്‌.

മുപ്പത്തിരണ്ടുകാരിയായ അവിവാഹിതയായ രാഗിണി അങ്ങനെ ഷെഫീക്കിന്റെ രണ്ടാം ജന്‌മത്തില്‍ കുഞ്ഞാലയുടെ സ്വന്തം അമ്മയായി മാറി. പതിനാറു വയസും ആറുമാസവും പ്രായമുള്ളപ്പോഴാണ്‌ രാഗിണി ആംഗന്‍വാടിയില്‍ ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിക്കുന്നത്‌. ഏലപ്പാറ പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റും ആര്‍എസ്‌പി-ബിയുടെ നേതാവും തോട്ടം തൊഴിലാളി നേതാവുമായ പി.എസ്‌ ഹരിഹരന്റെ നാലാമത്തെ മകളാണ്‌ രാഗിണി. ചേച്ചിമാര്‍ വിവാഹിതരായി, ഏകസഹോദരനടങ്ങുന്ന കുടുംബമാണ്‌ രാഗിണിയുടെ പിന്തുണ.

സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന രാഗിണി വിവാഹ ജീവിതം വേണ്ടെന്നുവച്ചിരിക്കുകയാണ്‌. അടുത്തക്കാലത്ത്‌ പാലക്കാടുള്ള ഒരു സ്ഥാപനത്തില്‍ കുഞ്ഞുങ്ങളുടെ ആയയായി പോകാന്‍ താല്‍പര്യമുണ്ടെന്ന്‌ കാണിച്ചു സാമൂഹിക ക്ഷേമവകുപ്പിന്‌ രാഗിണി ഒരു അപേക്ഷ നല്‌കിയിരുന്നു. രാഗിണിയുടെ സേവന മനോഭാവം നന്നായി അറിയാവുന്ന പീരുമേട്‌ ബ്ലോക്കിലെ ഐസിഡിഎസ്‌ സൂപ്പര്‍വൈസര്‍ ശാന്തകുമാരിയാണ്‌ രാഗിണിയുടെ പേരു നിര്‍ദ്ദേശിച്ചത്‌. തമിഴ്‌ അറിയാവുന്നയാളായിരിക്കണം എന്ന പരിഗണനയുമാണ്‌ രാഗിണിയെ തിരഞ്ഞെടുക്കാന്‍ ഒരു കാരണം.

മൂന്നു മാസമായി രാഗിണി ഷെഫീക്കിന്റെ അമ്മയായിട്ട്‌. രണ്ടു വയസുകാരന്റെ ബുദ്ധിശേഷി മാത്രം അവനില്‍ അവശേഷിച്ചിട്ടും അവന്‍ രാഗിണിയുടെ സ്‌നേഹം തിരിച്ചറിഞ്ഞു. അങ്ങനെ അവന്‌ രാഗിണിയമ്മയായി, ചേച്ചിയായി, ടീച്ചറമ്മയായി.

കുഞ്ഞിന്റെ വേദനകള്‍ തന്റെ വേദനയായി സ്വീകരിച്ച അവരെ വേദനിപ്പിച്ചത്‌ ഒരു മതഭ്രാന്തന്റെ ജല്‌പനം മാത്രം. ക്രൂരതയ്‌ക്ക്‌ ഇരയായി ബുദ്ധിയും ആരോഗ്യവും നഷ്ടപ്പെട്ട കുട്ടിക്ക്‌ ജീവന്‍ വച്ചു തുടങ്ങിയപ്പോള്‍ അവന്‍ മുസ്ലീമും അമ്മ രാഗിണി ഹിന്ദുവും അന്യഭാഷക്കാരിയുമാണെന്ന തിരിച്ചറിവില്‍ നടത്തിയ ജല്‌പന്നമാണ്‌ രാഗിണിയെ കരയിച്ചത്‌. ആര്‍ക്കും നമ്പരോ മേല്‍വിലാസമോ നല്‌കാഞ്ഞിട്ടും ചില ജാതി ഭ്രാന്തന്മാര്‍ തിരിച്ചറിഞ്ഞ്‌ വിളിക്കാറുണ്ട്‌. അവന്‌ ബുദ്ധി ഉറയ്‌ക്കുമ്പോള്‍ ഞങ്ങള്‍ കൊണ്ടു പോകുമെന്ന്‌ ഭീഷണിപ്പെടുത്തുമ്പോള്‍ രാഗിണിക്കറിയാം താനൊരു സര്‍ക്കാര്‍ അമ്മ മാത്രമാണെന്ന്‌. എങ്കിലും ഹൃദയം നിറയെ സ്‌നേഹം നിറച്ച്‌ അവര്‍ പ്രാര്‍ത്ഥിക്കുന്നു പേരറിയാവുന്ന എല്ലാ ദൈവങ്ങളോടും. അവനെ നടത്തണമേയെന്ന്‌. അവര്‍ കൊണ്ടുപൊയ്‌ക്കോട്ടെ... അവന്‍ നടന്ന്‌ ബുദ്ധിയുറച്ച്‌ അവരോടൊപ്പം പോകുന്നതില്‍ രാഗിണിക്കും പരിഭവം ഇല്ല. അതിനായി അവര്‍ പ്രാര്‍ത്ഥിക്കുന്നത്‌ അവന്റെ ദൈവത്തോടു തന്നെ. മുസ്ലിം തീര്‍ത്ഥാടന കേന്ദ്രമായ കോലാഹലമേട്‌ തങ്ങളുപാറയില്‍ അവന്റെ കാലുറച്ചാല്‍ നടത്തി കയറ്റി പട്ട്‌ ഇടീക്കാമെന്നാണ്‌ രാഗിണിയുടെ നേര്‍ച്ച.

ചക്കുളത്തുക്കാവിലമ്മയാണ്‌ രാഗിണിയുടെ ഇഷ്ടദൈവം. അവിടെയും പട്ടുമല അമ്മ പക്കലും എടത്വ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലും തനിച്ചു പോയി തീര്‍ക്കാനുള്ള നേര്‍ച്ചകള്‍ ഒട്ടേറെയുണ്ട്‌.
പിറന്ന എഴുപതാംനാള്‍ നഷ്ടപ്പെട്ട അമിഞ്ഞപ്പാലിന്റെ നനവുള്ള സ്‌നേഹധാര വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും പകര്‍ന്നുനല്‌കാന്‍ രാഗിണി രാപകലില്ലാതെ ശ്രമിച്ചുക്കൊണ്ടിരുന്നു. ഇനി ഇടുക്കിയില്‍ എത്തിയിട്ട്‌ വേണം പ്രാഥമിക കൃത്യങ്ങള്‍തൊട്ട്‌ പഠിപ്പിച്ചെടുക്കാന്‍...നടക്കാന്‍ പഠിപ്പിക്കണം, ഇപ്പോള്‍ കൊച്ചുകാലു വേദനിക്കുമ്പോള്‍ എടുത്തു തോളിലിട്ട്‌ നടത്തി ഉറക്കുമ്പോള്‍ അവന്റെ കുഞ്ഞിക്കണ്ണുകളില്‍ കാവല്‍ മാലാഖമാര്‍ ഉമ്മ വച്ചിട്ടാണോ എന്നറിയില്ല അവന്‍ ചിരിക്കാറുണ്ട്‌... രണ്ടു വയസുകാരന്റെ കുറുമ്പുകളോടെ...

e-mail: globalmalayalam@gmail.com