Breaking News

Trending right now:
Description
 
Nov 16, 2013

കെ.എന്‍ ബാലഗോപാലന്‍ എം.പിയ്ക്ക് വെസ്റ്റ് ചെസ്റ്ററില്‍ സ്വീകരണം നല്‍കി.

ഗണേഷ് നായര്‍
image ന്യൂറോഷല്‍ : കെ.എന്‍ ബാലഗോപാല്‍ എം.പിക്ക് ഫൊക്കാനയും വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷനും വമ്പിച്ച സ്വീകരണം നല്‍കി ആദരിച്ചു. ഡബ്ല്യു.എം.എ പ്രസിഡന്റ് ജോയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ ന്യൂറോഷലില്‍ കൂടിയ യോഗത്തില്‍ ഫൊക്കാനയുടെ ദേശീയ നേതാക്കന്മാരും, ഡബ്ലു.എം.എ ഭാരവാഹികളും, സാമൂഹ്യസാംസ്കാരിക നായകരും പങ്കെടുത്തു.

ജോയി ഇട്ടന്‍ ബാലഗോപാലിനെ സദസ്സ്യര്‍ക്ക് പരിചയപ്പെടുത്തുകയും, ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഒരു തികഞ്ഞ മനുഷ്യസ്നേഹിയും  ചട്ടങ്ങള്‍ക്കും നീയമങ്ങള്‍ക്കും അനുസരണമായി നിന്നുകൊണ്ട് പ്രവാസികളുടെ ആവശ്യങ്ങള്‍ക്കായി എന്നും പടപൊരുതിയിട്ടുള്ള ആളാണ് ബാലഗോപാലന്‍ എന്ന് പ്രസിഡന്റ് ജോയി ഇട്ടന്‍ പറഞ്ഞു. ബാലഗോപാലനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന് ജോയി ഇട്ടന്‍ അസോസിയേഷനുവേണ്ടി ഉപഹാരം നല്‍കി ആദരിക്കുകയുമുണ്ടായി. 

എം.പിയായിരിക്കുമ്പോള്‍ ഫൊക്കാനയുടെ ക്ഷണം സ്വീകരിച്ച് കടന്നുവന്ന് ഫൊക്കാനയുടെ കേരള കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന മതസൗഹാര്‍ദ്ദ റാലി വന്‍വിജയമാക്കുവാന്‍ ഗവര്‍മെന്റിന്റെ ഭാഗത്തുനിന്നും ഏറ്റവും കൂടുതല്‍ സഹായങ്ങള്‍ നേടിത്തന്നത് അദ്ദേഹമാണ്. ബാലഗോപാലിനെ ആദരിക്കുകയും ഫൊക്കാനയുടെ സ്നേഹവായ്പ്പുകള്‍ ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ പങ്കുവയ്ക്കുകയും ചെയ്തു.

പ്രവാസികളുടെ ഒ.സി.ഐ കാര്‍ഡ് വിഷയം രാജ്യസഭയില്‍ അവതരിപ്പിക്കുകയും, കേരളത്തിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് ഒരു പ്രശ്നമുണ്ടായതായി അദ്ദേഹമറിഞ്ഞാല്‍ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സത്വരസഹായങ്ങള്‍ ചെയ്യുന്ന ആളാണ് ബാലഗോപാല്‍ എന്ന് ദീര്‍ഘകാലമായി ബാലഗോപാലിന്റെ സുഹൃത്തും ഫൊക്കാന ജനറല്‍ സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസ് അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ അത്യുന്നതങ്ങളില്‍ നിന്ന് പൊതുരാഷ്ട്രീയത്തിലേക്ക് എത്തിയ പത്തനാപുരത്തിന്റെ കണ്ണിലുണ്ണിയായ കെ.എന്‍ ബാലഗോപാലിനെ ഫൊക്കാന ട്രസ്റ്റിബോര്‍ഡിന്റെ പേരില്‍ ട്രസ്റ്റിബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ അഭിനന്ദിക്കുകയും സ്നേഹോപകാരം നല്‍കി ആദരിക്കുകയുമുണ്ടായി. വരുംവര്‍ഷങ്ങളിലും ഫൊക്കാനയ്ക്ക് മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ വേണ്ടുന്ന സഹായവും അദ്ദേഹത്തോട് ഗണേഷ് നായര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

തനിക്കു ലഭിച്ച ഈ ഊഷ്മള സ്വീകരണത്തിന് കെ.എന്‍ ബാലഗോപാല്‍ നന്ദി രേഖപ്പെടുത്തി. താന്‍ അമേരിക്കയില്‍ ആയിരിക്കുമ്പോള്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഭൂരിഭാഗം ആളുകളും അവര്‍ക്ക് നിരവധി പ്രശ്നങ്ങള്‍ ഉണ്ട് എന്ന് പറയുകയുണ്ടായി. എന്നാല്‍ ശരിക്കും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് ഒരു പരാതി എഴുതിത്തരാന്‍ ആവശ്യപ്പെട്ടിട്ട് ആരും ഇതുവരെയും മുന്നോട്ട് വന്നിട്ടില്ല. ശ്വാശ്വതമായ പ്രശ്നപരിഹാരത്തിന് പത്രപ്രസ്താവനകളും, മറ്റു ടൗണ്‍മീറ്റിങ്ങുകളുമല്ല ശരിയായ മാര്‍ഗ്ഗം. തനിക്ക് ആരെങ്കിലും കാര്യകാരണസഹിതം എഴുതിത്തരുന്ന പരാതികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും, രാജ്യസഭയില്‍ ശക്തമായി അവതരിപ്പിക്കുകയും ചെയ്ത് പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുമെന്ന് അദ്ദേഹം തന്റെ നന്ദി പ്രസംഗത്തില്‍ പറഞ്ഞു.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ സി.എം.സ്റ്റീഫന്‍, ജേക്കബ് തോമസ്, കൊച്ചുമ്മന്‍ ടി. ജേക്കബ്, അഡ്വ. വിനോദ് കെയാര്‍ക്കെ, ബാല കെയാര്‍ക്കെ, സുനില്‍ നായര്‍ , രാജന്‍ ടി. ജേക്കബ്, കെ.കെ ജോണ്‍സണ്‍ , രത്നമ്മ രാജന്‍, കെ.ജി ജനാര്‍ദ്ദനന്‍ തുടങ്ങി നിരവധിപേര്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ട്രഷറര്‍ കുരൂര്‍ രാജന്റെ കൃതജ്ഞതയോടെ യോഗം അവസാനിച്ചു.