Breaking News

Trending right now:
Description
 
Nov 15, 2013

ജുഡീഷ്യറിയി​ല്‍ രാഷ്‌ട്രീയം കലര്‍ത്തരുത്‌ : പരിശുദ്ധ കാതോലിക്കാ ബാവാ

ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം
image കോന്നി: ജുഡീഷ്യറിയില്‍ രാഷ്‌ട്രീയം കലര്‍ത്തിയാല്‍ അത്‌ ജനാധിപത്യത്തെ കൊല ചെയ്യാനാണ്‌ ഉപകരിക്കുന്നതെന്നും ഇപ്പോള്‍ ഇതാണ്‌ നടക്കുന്നതെന്നും ഇങ്ങനെ പോയാല്‍ 50 വര്‍ഷം കഴിയുമ്പോഴേയ്‌ക്കും ജനാധിപത്യം ഇല്ലാതാകുമെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ്‌ വൈദിക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തുമ്പമണ്‍, നിലയ്‌ക്കല്‍, ചെങ്ങന്നൂര്‍, അടൂര്‍കടമ്പനാട്‌, നിരണം ഭദ്രാസനങ്ങളിലെ വൈദികരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

 

സഭ ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നതു രാഷ്‌ട്രീയ അനാഥത്വമാണ്‌. അംഗബലം കുറഞ്ഞ മറ്റു സഭകള്‍ പറയുന്ന കാര്യങ്ങള്‍ ഭരണകര്‍ത്താക്കള്‍ ചെയ്‌തു കൊടുക്കുമ്പോള്‍ പത്തോളം നിയമസഭാ മണ്‌ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള സഭയ്‌ക്ക്‌ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഭിക്ഷ യാചിക്കുന്നതുപോലെ നില്‍ക്കേണ്ടിവരുന്നു. ഏതുമുന്നണി ഭരിച്ചാലും ഇതാണ്‌ അവസ്ഥ.

ഒരുകാലത്ത്‌ മലങ്കര സഭയുടെ പ്രസക്തി വളരെ വലുതായിരുന്നു ഇടതുപക്ഷക്കാരെ പൊതുവേ അറിയപ്പെടുന്നതു ദൈവ വിശ്വാസം ഇല്ലാത്തവരെന്നാണ്‌. വലതുപക്ഷത്തെ ദൈവ വിശ്വാസികളെന്നും. ഇതിലൂടെ ഇടതുപക്ഷം ദൈവത്തെ കബളിപ്പിക്കുന്നു. എന്നാല്‍ വലതുപക്ഷമാകട്ടെ ദൈവത്തെയും സഭയെയും ഒരുപോലെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നേരിടുന്ന വെല്ലുവിളി അതിജീവിക്കാന്‍ 30 ഭദ്രാസനങ്ങളുടെയും ഐക്യവും കൂട്ടായ്‌മയും ഉണ്ടാകണം. ക്രിസ്‌തുവിന്റെ ശരീരത്തോടാണ്‌ സഭയെ ഉപമിക്കുന്നത്‌. ശരീരത്തിന്റെ ഏതു ഭാഗത്തും പ്രശ്‌നമുണ്ടായാലും അതു മൊത്തത്തില്‍ബാധിക്കും. അതേ പോലെയാണ്‌ വിശ്വാസികളോട്‌ എവിടെ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളും സഭയ്‌ക്കു നൊമ്പരമുണ്ടാക്കുന്നത്‌.

സഭയ്‌ക്ക്‌ അഌകൂലമായ കോടതി വിധി വന്നിട്ടും നടപ്പാക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു കഴിഞ്ഞില്ല. ഇതിഌവേണ്ടി ഉപവാസം നടത്തിയപ്പോള്‍ കിടക്കുന്നവന്‍ പായ മടക്കി തിരികെ വീട്ടില്‍ പോകട്ടെ എന്നാണ്‌ ഭരണകര്‍ത്താക്കള്‍ പറഞ്ഞത്‌. രാഷ്‌ട്രീയ നേതാക്കളോടുള്ള വ്യക്തിഗത പ്രീണനം സഭയ്‌ക്കു ഗുണം ചെയ്യില്ലെന്നും സഭയ്‌ക്കു വേണ്ടിയാണ്‌ നമ്മള്‍ ജീവിക്കുന്നതെന്നും സഭയ്‌ക്ക്‌ വേണ്ടി മരിച്ചാല്‍ അതില്‍ അസ്വസ്ഥതയുണ്ടാക്കില്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാപറഞ്ഞു.

തോമസ്‌ മാര്‍ അത്താനാസിയോസ്‌ അദ്ധ്യക്ഷത വഹിച്ചു. കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, ഫാ. പി.വൈ. ജെസ്സന്‍, ഫാ. കെ.ജി. മാത്യു, ഫാ. വി.എസ്‌. സ്റ്റീഫന്‍, ഫാ. വര്‍ഗ്ഗീസ്‌ കളീക്കല്‍, ഫാ. സജി അമയില്‍, ഫാ. ഷൈജു കുര്യന്‍, ഫാ. ഏബ്രഹാം, ഫാ. സി.കെ. കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.