Breaking News

Trending right now:
Description
 
Nov 15, 2013

സ്വര്‍ണം: ആഗോള ഡിമാന്‍ഡ്‌ ഉയരുന്നു; ഇന്ത്യയില്‍ ഇടിവ്‌

ഉപയോക്തൃവിപണികളിലെ നിക്ഷേപത്തിന്‌ അനുസൃതമായി സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍നിന്ന്‌ കിഴക്കന്‍ രാജ്യങ്ങളിലേയ്‌ക്ക്‌ നീങ്ങുന്നു
image കഴിഞ്ഞ ജൂലൈ - സെപ്‌റ്റംബര്‍ കാലയളവിലെ വേള്‍ഡ്‌ ഗോള്‍ഡ്‌ കൗണ്‍സിലിന്റെ കണക്കനുസരിച്ച്‌ ആഗോളതലത്തില്‍ സ്വര്‍ണത്തിന്‌ ഉപയോക്താക്കള്‍ക്കിടയില്‍ ഡിമാന്‍ഡ്‌ വര്‍ദ്ധിക്കുകയാണ്‌. പൊതുവെ വ്യാപാരം കുറഞ്ഞുനില്‍ക്കുന്ന ഈ കാലയളവിലും ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ ആവശ്യം വര്‍ദ്ധിക്കുകയാണെന്ന്‌ കൗണ്‍സിലിന്റെ ഗോള്‍ഡ്‌ ഡിമാന്‍ഡ്‌ ട്രെന്‍ഡ്‌സ്‌ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

ഔദ്യോഗികചാനലുകളിലൂടെ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന്‌ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയില്‍ ഡിമാന്‍ഡ്‌ കുറയ്‌ക്കാനിടയാക്കിയിട്ടുണ്ട്‌. രണ്ടാം പാദത്തില്‍ 310 ടണ്‍ ആയിരുന്നു ഇന്ത്യയുടെ സ്വര്‍ണോപയോഗമെങ്കില്‍ മൂന്നാം പാദത്തില്‍ 148 ടണ്ണായി കുറഞ്ഞു. എന്നാല്‍, ഇന്ത്യയില്‍ ആദ്യ പാദത്തില്‍ അനുഭവപ്പെട്ട ശക്തമായ ഡിമാന്‍ഡ്‌ മൂലം 2012-നേക്കാള്‍ ഈ വര്‍ഷം ചെറുതാണെങ്കിലും വര്‍ദ്ധിച്ച ഡിമാന്‍ഡ്‌ രേഖപ്പെടുത്തുമെന്നാണ്‌ പ്രതീക്ഷ. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ റീസൈക്ലിംഗ്‌ 11 ശതമാനം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ അഞ്ചിരട്ടി വര്‍ദ്ധനയുമായി 61 ടണ്ണായി ഉയര്‍ന്നു.
ആഗോളതലത്തില്‍ മൂന്നാം പാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ്‌ 869 ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനം കുറവാണിത്‌. എന്നാല്‍, മിക്ക രാജ്യങ്ങളിലും മേഖലകളിലും ഡിമാന്‍ഡ്‌ ശക്തമായിരുന്നു. സ്വര്‍ണം അടിസ്ഥാനമായുള്ള ഇടിഎഫുകളുടെ നെറ്റ്‌ ഔട്ട്‌ഫ്‌ളോ രണ്ടാം പാദത്തില്‍ 402 ടണ്‍ ആയിരുന്നത്‌ മൂന്നാം പാദത്തില്‍ 119 ടണ്‍ ആയി കുറഞ്ഞു. ഇന്ത്യയില്‍ സ്വര്‍ണവിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ മൂലം ഇടിഎഫ്‌ ഡിമാന്‍ഡ്‌ ഇടിഞ്ഞ്‌ 71 ടണ്‍ ആയി.
ആഭണങ്ങള്‍, ബാര്‍, നാണയം എന്നിവയുടെ ഡിമാന്‍ഡ്‌ ആദ്യത്തെ മൂന്നു പാദങ്ങളില്‍ വളരെ ശക്തമായിരുന്നു. മൂന്നാം പാദത്തിന്റെ അവസാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 26 ശതമാനം ഡിമാന്‍ഡ്‌ വര്‍ദ്ധിച്ച്‌ 2896 ടണ്‍ ആയി ഉയര്‍ന്നു.


ആഗോള തലത്തില്‍ ആഭരണങ്ങളുടെ ഡിമാന്‍ഡ്‌ 5 ശതമാനം വര്‍ദ്ധിച്ച്‌ 462 ടണ്ണില്‍നിന്ന്‌ 487 ടണ്‍ ആയി. ചൈനയില്‍ ആഭരണങ്ങളുടെ ഡിമാന്‍ഡ്‌ 29 ശതമാനം വര്‍ദ്ധിച്ച്‌ 164 ടണ്‍ ആയി. മധ്യപൂര്‍വരാജ്യങ്ങള്‍, ടര്‍ക്കി, ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സ്വര്‍ണാഭരണങ്ങള്‍ക്ക്‌ ഏറെ ആവശ്യക്കാരുണ്ടായി. എട്ടുവര്‍ഷത്തെ ഇടിവിനുശേഷം യുഎസ്‌ ആഭരണവിപണി തുടര്‍ച്ചയായി കഴിഞ്ഞ മൂന്നു പാദങ്ങളില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഉയര്‍ന്ന കാരറ്റ്‌ ആഭരണങ്ങളിലാണ്‌ ഡിമാന്‍ഡ്‌ കൂടുതല്‍.


ഗോള്‍ഡ്‌ ബാര്‍, നാണയം എന്നിവ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറു ശതമാനം വളര്‍ച്ചയുമായി 304 ടണ്ണിലെത്തി. ഗോള്‍ഡ്‌ ബാര്‍, നാണയം എന്നിവയിലെ നിക്ഷേപം ഈ വര്‍ഷം ഇതുവരെ മുന്‍വര്‍ഷത്തെ ആദ്യ മൂന്നു പാദത്തെ അപേക്ഷിച്ച്‌ 36 ശതമാനം ഉയര്‍ന്ന്‌ 1252 ടണ്‍ ആയി ഉയര്‍ന്നിരുന്നു.


തുടര്‍ച്ചയായി പതിനൊന്നാം പാദത്തിലും സ്വര്‍ണത്തിന്റെ പ്രധാന വാങ്ങലുകാര്‍ സെന്‍ട്രല്‍ ബാങ്കുകള്‍ ആയിരുന്നു. 93 ടണ്ണാണിത്‌. അതേസമയം ടെക്‌നോളജി മേഖലയില്‍ 103 ടണ്ണായിരുന്നു ഇടപാട്‌. കഴിഞ്ഞ പാദത്തില്‍ സ്വര്‍ണത്തിന്റെ ശരാശരി വില ഔണ്‍സിന്‌ 1326 അമേരിക്കന്‍ ഡോളറായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തേക്കാള്‍ 20 ശതമാനം കുറവാണിത്‌.