Breaking News

Trending right now:
Description
 
Nov 13, 2013

എന്റെ ആദ്യത്തെ പരാജയപ്പെട്ട ഒളിച്ചോട്ടവും തുടര്‍ന്നുണ്ടായ നാടുകടത്തലും

ജനറ്റ്‌ ആന്‍ഡ്രൂസ്‌
image ശംഖുപുഷ്‌പം കണ്ണെഴുതുമ്പോള്‍ ദുഷ്യന്തന്‌ ശകുന്തളയെയാണ്‌ ഓര്‍മ്മ വന്നതെങ്കില്‍ എനിക്ക്‌ ഓര്‍മ്മ വരുക ശംഖുപുഷ്‌പം പടര്‍ന്നു കയറിയ ചെമ്പരത്തിച്ചെടിയാണ്‌. ചെടി പിന്നെ വടിയായി രൂപാന്തരപ്പെടും. ബാലപീഡനം നിരോധിക്കാത്ത എന്റെ ബാല്യകാലത്ത്‌ ചെമ്പരത്തി ചെടി അങ്ങനെ എന്റെ പീഡന ദണ്ഡായി, തുടയില്‍ ചുട്ടുപൊള്ളുന്ന പാടുകളായി മാറിയിരുന്ന കാലം. ആ ഓര്‍മ്മകള്‍ എന്നോട്‌ സംവാദിക്കുന്നത്‌ വലിയൊരു വിപ്ലവ പ്രവര്‍ത്തനത്തിന്റെ ചിതലരിക്കാത്ത ഓര്‍മ്മകളാണ്‌.

അന്നത്തെ വിദ്യാഭ്യാസ രീതികളുടെ പോരായ്‌മ മനസിലാക്കി കൊടുക്കാന്‍ ഞാനും സഹോദരനും നടത്തിയ ചെറിയൊരു പോരാട്ടത്തിന്റെ ചരിത്ര സ്‌മരണകളാണ്‌ പുന്നപ്ര- വയലാറിന്റെ സമീപ ഗ്രാമമായ അര്‍ത്തുങ്കലിന്‌ പങ്കുവയ്‌ക്കാനുള്ളത്‌.

വിസിറ്റേഴ്‌സ്‌ സിസ്റ്റേഴ്‌സ്‌ നടത്തുന്ന നഴ്‌സറിയാണ്‌ എന്റെ ആദ്യ പഠനക്കളരി. ആദ്യമായി വലതുകാലു വച്ചാണോ ഇടതുകാലു വച്ചാണോ കയറിയത്‌ എന്നൊന്നും ഓര്‍മ്മയില്ല. ആകെ ഓര്‍മ്മയുള്ളത്‌ പൊക്കവും വണ്ണവുമൊക്കെയുള്ള ഒരു നല്ല കന്യാസ്‌ത്രീ ടീച്ചറിനെയാണ്‌. കാളയുടെ രൂപം അറ്റത്തുള്ള മേശപ്പുറത്ത്‌ വച്ചിരിക്കുന്ന ലോഹത്തില്‍ തീര്‍ത്ത ഒരു മണിയും മുറിയോട്‌ ചേര്‍ന്നുള്ള അടിത്തറക്കെട്ടിയ സ്ഥലത്തെ മൂത്രമൊഴിക്കാന്‍ പോയിരിക്കുമ്പോള്‍ കാണുന്ന പഞ്ചാര മണലും മാത്രം. പേരും രൂപവും ഒന്നും ഓര്‍മ്മയില്ലാത്ത ഒരു പെണ്‍കൂട്ട്‌ എനിക്കുണ്ടായിരുന്നുവെങ്കിലും ഫോസ്‌റ്റിന്‍ ജോസഫ്‌ എന്ന എന്റെ പിതൃസഹോദര പുത്രന്‍ തന്നെയായിരുന്നു എന്റെ കൂട്ട്‌.

ക്ലാസില്‍ ആകെ പത്തോ പന്ത്രണ്ടോ കുട്ടികള്‍ കാണും. നഴ്‌സറിയിലെ പ്രധാന കലാപരിപാടിയായ അ, ആ............... ഇ...........ഈ പഠനം തികച്ചും അശാസ്‌ത്രീയവും വിദ്യാര്‍ത്ഥി വിരുദ്ധവുമാണെന്ന്‌ ഞങ്ങള്‍ മൂന്നോ നാലോ ദിവസം കൊണ്ടു തന്നെ തിരിച്ചറിഞ്ഞു. പിന്നെ ആകെ സമാധാനം ക്ലാസിന്റെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന കസേരകള്‍ വട്ടത്തിലാക്കിയുള്ള കളിയാണ്‌. ചില കളികളില്‍ തോറ്റാല്‍ ഞാനും ഫോസ്റ്റിനും കൂടി ക്ലാസിലെ മറ്റു കുട്ടികള്‍ക്കു നേരെ അഴിച്ചുവിട്ടിരുന്ന ആക്രമണം സിസ്റ്റര്‍ ടീച്ചറിനെ തെല്ലൊന്നുമല്ല ശുണ്‌ഠി പിടിപ്പിച്ചിരുന്നത്‌. അതിന്റെ പരിണത ഫലം ചെമ്പരത്തിക്കമ്പുകളുടെ ചൂടുള്ള ചുംബനങ്ങളായി തുടയില്‍ പതിഞ്ഞു. എങ്കിലും സിസ്റ്ററിന്‌ പരിമിതികളുണ്ടായിരുന്നു. സ്ഥലത്തെ പ്രധാന ദിവ്യന്മാരാണ്‌ ഞങ്ങളുടെ കുടുംബം. എന്റെ അച്ഛന്റെ സഹോദരി ആ മഠത്തിലെ കന്യസ്‌ത്രീയും. ഭിന്നിപ്പിച്ചു ഭരിച്ചില്ലെങ്കില്‍ അര്‍ത്തുങ്കല്‍ മറ്റൊരു പുന്നപ്രയാകുമെന്ന തോന്നല്‍ സിസ്‌റ്ററിനെ ഭരിച്ചിരുന്നു.

സ്വാതന്ത്യമാണ്‌ പീഡിപ്പിച്ച്‌ അക്ഷരം പഠിക്കുന്നതിനെക്കാള്‍ നല്ലതെന്ന തിരിച്ചറിവില്‍ ഒരു ദിനം നഴ്‌സറി വിടാന്‍ ഞാനും ഫോസ്‌റ്റിനും തീരുമാനിച്ചു.

ഞങ്ങള്‍ക്ക്‌ തരണം ചെയ്യേണ്ടത്‌ വലിയ പ്രതിബന്ധങ്ങള്‍ തന്നെയാണ്‌. നഴ്‌സറിയോട്‌ ചേര്‍ന്നുള്ള മഠത്തില്‍ എന്റെ ആന്റി സിസ്‌റ്ററുണ്ട്‌. അവരുടെ കണ്ണുവെട്ടിച്ച്‌ ആദ്യം പുറത്തു കടന്നു. രണ്ടാമത്തെ കടമ്പയാണ്‌ എന്റെ പപ്പാ ജോലി ചെയ്യുന്ന ബാങ്ക്‌ ഓഫ്‌ കൊച്ചിന്‍( ഇന്നത്തെ എസ്‌.ബി.ഐ) വിജയകരമായി അവിടവും കടന്നാല്‍ ഞങ്ങളുടെ മുമ്പില്‍ വലിയൊരു വന്‍മതില്‍ ഉണ്ടായിരുന്നു.

ഏററവും പ്രയാസകരമായ പിടിക്കപ്പെട്ടാല്‍ എന്തു സംഭവിക്കാവുന്ന കടമ്പയാണ്‌ ഫോസ്‌റ്റിന്റെ അമ്മ പഠിപ്പിക്കുന്ന സെന്റ്‌ ഫ്രാന്‍സീസ അസീസി സ്‌കൂള്‍. പിടിക്കപ്പെടാതെ അവിടെ നിന്നും ഞങ്ങള്‍ രക്ഷപ്പെട്ടു. അര്‍ത്തുങ്കല്‍ പള്ളി മുറ്റം വഴി കുറുക്കു വഴികളിലൂടെ ആഫ്രിക്കന്‍ പായല്‍ നിറഞ്ഞ തോടുകള്‍ നീന്തിക്കടന്ന്‌ ഫോസ്‌റ്റിന്റെ അമ്മമ്മ (അമ്മയുടെ അമ്മ)യുടെ വീട്ടിലാണ്‌ ഞങ്ങള്‍ സുരക്ഷിത താവളം കണ്ടെത്തിയത്‌. അന്നു ഞങ്ങളെ കണ്ടപ്പോള്‍ അമ്മമ്മയുടെ പ്രതികരണം എന്തായിരുന്നുവെന്ന്‌ ഇന്ന്‌ ഓര്‍മ്മയില്ല. എന്തായാലും നാടൊന്ന്‌ ഇളകി. നാട്ടുകാര്‍ നാലുവഴിക്കും പാഞ്ഞു. നാലുവയസുകാരുടെ സാഹസിക പ്രവൃത്തിക്ക്‌ കപ്പൊന്നും കിട്ടിയതായി ഓര്‍മ്മയില്ല. പക്ഷേ കുടുംബക്കോടതി കൂടി എനിക്ക്‌ ശിക്ഷ വിധിക്കാനാണ്‌ തീരുമാനിച്ചത്‌.

എന്നെ എന്റെ വീട്ടുകാര്‍ ഗുണദോഷിച്ചു നന്നാക്കി എടുക്കാന്‍ എന്റെ അമ്മയുടെ അച്ഛനും അമ്മയ്‌ക്കും വളര്‍ത്താന്‍ നല്‌കാന്‍ തീരുമാനിച്ചു. അങ്ങനെ തെങ്ങിന്‍ത്തോപ്പുകള്‍കൊണ്ട്‌ സമൃദ്ധമായ പഞ്ചാര മണലിന്റെ നാട്ടില്‍ നിന്ന്‌ അയല്‍ ജില്ലയായ കോട്ടയത്തെ റബറിന്റെ നാടായ പാലായിലേക്ക്‌ ഞാന്‍ പറിച്ചു നട്ടു.
Gigi Shibu's photo.

പാലായിലെ പിഴകു പള്ളിയോട്‌ ചേര്‍ന്നുള്ള സിസ്‌റ്റേഴ്‌സിന്റെ നഴ്‌സറിയില്‍ എത്തി. തികച്ചും അശാസ്‌ത്രീയമായ പാഠ്യ പദ്ധതികളുടെ ഇരയായി ബിരുദാനന്തര ബിരുദം വരെ പഠിക്കേണ്ടി വന്നു. ഗുണന പട്ടികകളെ പേടിച്ച്‌ തേനീച്ചക്കൂട്ടില്‍ കയ്യിട്ട്‌ കുത്തേറ്റു സ്‌കൂളില്‍ പോകാതിരുന്ന ഞാന്‍ കണക്കുകളുടെ ലോകത്ത്‌ എത്തിയത്‌ ഒരു നിയോഗമാകാം.

ശൈശവത്തിന്റെ നൈര്‍മ്മല്യവും മറ്റും നഷ്ടപ്പെട്ടു പോയെന്ന തിരിച്ചറിവിലും ശിശുക്കള്‍ക്കും ശിശുക്കളെപോലെ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മനസുകൊണ്ട്‌ ശിശുക്കളായവര്‍ക്കും ഒരു ശിശുദിനാശംസകള്‍ നേരുന്നു.