Breaking News

Trending right now:
Description
 
Nov 13, 2013

എയര്‍ ഇന്ത്യയുടെ 400 ജീവനക്കാരെ കാണാനില്ല

image എയര്‍ ഇന്ത്യയില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെ നാനൂറോളം ജീവനക്കാരെ കാണാനില്ല!. കമ്പനിയില്‍ എച്ച്‌ ആര്‍ വിഭാഗം നടത്തിയ ഓഡിറ്റിംഗിലാണ്‌ ഇത്രയധികം ജീവനക്കാര്‍ മാസങ്ങളായി അപ്രത്യക്ഷരാണെന്ന്‌ ബോധ്യപ്പെട്ടത്‌. കുറച്ചുനാള്‍ ജോലി ചെയ്‌തശേഷം അവധിയെടുത്ത്‌ മറ്റു സ്വകാര്യ കമ്പനികളില്‍ ജോലിതേടിയ ഇവരുടെ നിലവിലെ അവസ്ഥയെക്കുറിച്ച്‌ യാതൊരു വിവരവും കമ്പനിക്കില്ല. ഇവരില്‍ ഇരുന്നൂറോളം ക്യാബിന്‍ ക്രൂ ജീവനക്കാരും 50 പൈലറ്റുമാരും ഉള്‍പ്പെടും. ഏഴു വര്‍ഷത്തിലധികമായി ഇത്തരത്തില്‍ മുങ്ങി നടക്കുന്ന ജീവനക്കാര്‍ വരെ എയര്‍ ഇന്ത്യയ്‌ക്കുണ്ട്‌. അവധിയെടുത്തതിനു ശേഷം ഈ ജീവനക്കാര്‍ ശമ്പളം വാങ്ങിയിട്ടില്ലെന്നത്‌ മാത്രമാണ്‌ കമ്പനിക്ക്‌ ആശ്വാസം. എന്നാല്‍ ഇവരുടെ ശമ്പള സ്‌കെയിലിലോ ഗ്രേഡിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. മുപ്പത്‌ ദിവസത്തിലധികം ഡ്യൂട്ടിക്ക്‌ ഹാജരാകാത്ത ഒരാള്‍ക്ക്‌ വിശദീകരണം ആവശ്യപ്പെട്ട്‌ നിര്‍ബന്ധമായും നോട്ടീസ്‌ അയയ്‌ക്കണമെന്ന എച്ച്‌ആര്‍ മാനദണ്‌ഡവും ഇവിടെ പാലിക്കപ്പെട്ടില്ല. പരിശോധനയ്‌ക്ക്‌ ശേഷം കമ്പനിയിലെ ഉന്നതതല ഇടപെടലിനെ തുടര്‍ന്ന്‌ അപ്രത്യക്ഷരായ ജീവനക്കാര്‍ക്ക്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. മറുപടിക്കു ശേഷം നടപടി സ്വീകരിക്കാമെന്നാണ്‌ ഇപ്പോള്‍ കമ്പനിയുടെ നിലപാട്‌. എയര്‍ ഇന്ത്യയ്‌ക്ക്‌ ആകെ 3006 ക്യാബിന്‍ ക്രൂ ജീവനക്കാരും 1487 പൈലറ്റുമാരുമാണുളളത്‌. യൂണിയന്‍ നേതാക്കളായ 17 ജീവനക്കാര്‍ ഡ്യൂട്ടി ചെയ്യാതെ ശമ്പളം വാങ്ങുന്നതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്‌. വിവിധ സംഘടനകളുടെ ഓഫീസ്‌ ചുമതലയുള്ളവരാണ്‌ ഇത്തരത്തില്‍ കമ്പനിയെ പറ്റിച്ചു ജീവിക്കുന്ന 17 പേര്‍. ഇവര്‍ക്കെതിരേ എന്തു നടപടിയാണ്‌ സ്വീകരിക്കുകയെന്ന്‌ കമ്പനി വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട്‌ മൂലം എയര്‍ ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ്‌ ഉത്തരവാദിത്വപ്പെട്ടവര്‍ ഇത്തരം കാര്യങ്ങളില്‍ ഗുരുതരമായ വീഴ്‌ച വരുത്തുന്നത്‌.