Breaking News

Trending right now:
Description
 
Nov 12, 2013

ഹിമാലയന്‍ ക്വീനില്‍ ഷിംലയുടെ തണുപ്പുള്ള താഴ്‌വരകളിലേയ്‌ക്ക്‌

ആഗ്ര, ഷിംല, ലഡാക്ക്‌ വഴി ശ്രീനഗറിലേയ്‌ക്ക്‌ - 3 ഡിപിന്‍ അഗസ്റ്റിന്‍
image സ്വപ്‌നങ്ങളില്‍ നിറഞ്ഞതും താജ്‌മഹലിന്റെ അഭമ്യ സൗന്ദര്യം തന്നെയായിരുന്നു. ട്രെയിനിന്റെ ചൂളംവിളി കേട്ടാണ്‌ ഉണര്‍ന്നത്‌. തിരക്കുകാരണം റിസര്‍വ്‌ ചെയ്‌ത സീറ്റിലേയ്‌ക്ക്‌ എത്തിച്ചേരാന്‍ കഷ്ടപ്പെടേണ്ടിവന്നു. തിക്കിത്തിരക്കി സീറ്റിലെത്തിയപ്പോഴോ, കുറെ പെണ്‍കുട്ടികള്‍ സീറ്റ്‌ കൈയടക്കിയിരിക്കുന്നു. സീറ്റുകള്‍ മാത്രമല്ല പാത്രങ്ങളും ബക്കറ്റുകളുമൊക്കെയായി കംപാര്‍ട്ട്‌മെന്റ്‌ അപ്പാടെ കൈയ്യേറിയിരിക്കുകയാണ്‌. 

എനിക്ക്‌ സൈഡ്‌ സീറ്റ്‌ തന്നെ വേണമെന്നു നിര്‍ബന്ധമാണ്‌. ഹിന്ദിഭാഷ കീറാമുട്ടിയായതിനാല്‍ സീറ്റ്‌ മാറിത്തരണമെന്ന്‌ പറയാനുള്ള ഹിന്ദി വാക്കുകള്‍ തപ്പുകയായിരുന്നു ഞാന്‍. അപ്പോള്‍ അവിടെനിന്ന്‌ മലയാളത്തില്‍ സംസാരം കേട്ടു. അപ്പോള്‍ അങ്ങനെയാണ്‌ കാര്യങ്ങള്‍... ഉത്തരേന്ത്യന്‍ പര്യടനത്തിന്‌ ഇറങ്ങിയ കാലടി ശ്രീശങ്കരാ കോളജിലെ വിദ്യാര്‍ത്ഥിനികളാണ്‌ എന്റെ സീറ്റ്‌ കൈയടക്കിയത്‌. അദ്ധ്യാപകരും മറ്റു വിദ്യാര്‍ത്ഥികളും മറ്റ്‌ കംപാര്‍ട്ട്‌മെന്റിലാണ്‌. കുറച്ചുകഴിഞ്ഞപ്പോഴേയ്‌ക്കും അവരുടെ അദ്ധ്യാപകര്‍ ഞങ്ങള്‍ക്കരികിലെത്തി. മലയാളികളാണെന്ന്‌ അറിഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. രാത്രി ഒന്‍പതരയോടെ ഡല്‍ഹിയില്‍ എത്തുന്നതുവരെ അന്താക്ഷരിയും പാട്ടുകളുമായി അവരുടെ ഞങ്ങളോടൊപ്പംകൂടി.

ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‌ അടുത്തുതന്നെ മുറിയെടുത്തു. കുളിച്ച്‌ ഫ്രഷായി പുറത്തിറങ്ങിയപ്പോള്‍ രാത്രി പതിനൊന്ന്‌. പിന്നെ ഡല്‍ഹിയിലെ തെരുവുകളിലൂടെ രാത്രി നടത്തം. വാഹനത്തിരക്ക്‌ കുറഞ്ഞുവരുന്നതേയുള്ളൂ. ഭക്ഷണശാലകള്‍ അപ്പോഴും സജീവമാണ്‌. അത്താഴം കഴിച്ചുകൊണ്ടു വീണ്ടും നടന്നു. തിരിച്ചു മുറിയിലെത്തിയപ്പോഴേയ്‌ക്കും 12 മണി കഴിഞ്ഞിരുന്നു. പിന്നീട്‌, കരിമ്പടത്തിനുള്ളിലേയ്‌ക്ക്‌ ചുരുണ്ടുകൂടി സുഖസുഷുപ്‌തിയിലായി.രാവിലെ ചായ കുടിച്ചു പുറത്തിറങ്ങിയപ്പോഴേയ്‌ക്കും പ്രഭാതത്തിന്റെ ഊഷ്‌മളമായ തെളിച്ചം വ്യാപിച്ചിരുന്നു. സ്റ്റേഷനില്‍ ഞങ്ങളുടെ ട്രെയിന്‍ പുറപ്പെടാന്‍ തയാറായി കിടക്കുന്നു. മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്‌ത കല്‍ക്ക ശതാബ്ധി എക്‌സ്‌പ്രസില്‍ വിമാനത്തിലെ എയര്‍ഹോസ്‌റ്റസുമാരെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ഭക്ഷണവും പത്രങ്ങളും വിതരണം ചെയ്യാന്‍ ആളുകളുണ്ട്‌. സുഖകരമായ ആ യാത്ര 12 മണിയോടെ കല്‍ക്കയില്‍ അവസാനിച്ചു. 

പന്ത്രണ്ടരയ്‌ക്കായിരുന്നു ഷിംലയിലേയ്‌ക്കുള്ള ഹിമാലയന്‍ ക്വീന്‍ പുറപ്പെടുക. ഉച്ചഭക്ഷണം വാങ്ങി ട്രെയിനില്‍ കയറി. അത്രമേല്‍ ആഴത്തിലും അത്രമേല്‍ അസാധാരണമായും എന്റെ മനസിനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞ യാത്ര അവിടെ തുടങ്ങുകയായി. ചെറുതും വലുതുമായ നൂറുകണക്കിന്‌ തുരങ്കങ്ങള്‍ പിന്നിട്ട്‌്‌, നിരനിരയായി നില്‍ക്കുന്ന പൈന്‍ മരങ്ങളും ദേവദാരു മരക്കൂട്ടങ്ങളും പിന്നിട്ടൊരു യാത്ര. ഹിമാലയത്തിന്റെ താഴ്‌ വരയില്‍ വ്യാപിച്ചുകിടക്കുന്ന ചെറിയ സംസ്ഥാനമായ ഹിമാചല്‍പ്രദേശിന്റെ തലസ്ഥാനമാണ്‌ ഷിംല. ഹിമാലയ പര്‍വതനിരകളുടെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍നിന്ന്‌ ഏഴായിരത്തിലധികം അടി ഉയരത്തിലാണ്‌. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ്‌ ഹിമാചല്‍. മുന്നിലുള്ള ഓരോ കാഴ്‌ചയും മനോഹാരിതകൊണ്ടും മാസ്‌മരികത കൊണ്ടു സ്വര്‍ഗീയമായൊരു അനുഭൂതി സൃഷ്ടിക്കുന്നതായിരുന്നു. ദൂരെ മേഘങ്ങളെ ചുംബിക്കുന്ന മലനിരകള്‍. വിസ്‌മയിപ്പിക്കുന്ന കാഴ്‌ചകളും അനുഭവങ്ങളും ആവിഷ്‌കരിക്കാന്‍ മാത്രം കരുത്തില്ല എന്റെ വാക്കുകള്‍ക്ക്‌ എന്നതു ഞാന്‍ മനസിലാക്കുന്നു. വൈകുന്നേരം അഞ്ചരയോടെ ഷിംലയില്‍ എത്തിച്ചേര്‍ന്നു. സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടനെ മുറി ഏര്‍പ്പാട്‌ ചെയ്യാമെന്നു പറഞ്ഞ്‌ ഏജന്റുമാര്‍ പൊതിഞ്ഞു. ആരെയും ഗൗനിക്കാതെ ആര്‍ക്കും പിടികൊടുക്കാതെ ഞങ്ങള്‍ നടന്നു. കുന്നിന്‍മുകളിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. ജനല്‍ തുറന്നാല്‍ ദൂരെ മഞ്ഞുമൂടിയ മലനിരകള്‍ കാണാം. ആകാശവും മലനിരകളും ഒന്നുചേര്‍ന്ന്‌ രാത്രിയുടെ ഇരുണ്ട പശ്ചാത്തലത്തില്‍ ഞങ്ങള്‍ നടക്കാനിറങ്ങി. കുന്നില്‍മുകളില്‍നിന്നും താഴേയ്‌ക്കു നോക്കിയാല്‍ വൈദ്യുത പ്രഭയില്‍ മുങ്ങി നില്‍ക്കുന്ന ഷിംല പട്ടണം കാണാം. തിളങ്ങുന്ന പ്രകാശദീപങ്ങള്‍ ഒന്നുചേര്‍ന്ന്‌ സ്വര്‍ഗീയ പ്രഭ ചൊരിയുന്നു. ആകാശത്തുനിന്നും നക്ഷത്രങ്ങള്‍ താഴേയ്‌ക്കു വാരിവിതറിയതുപോലെ. തണുപ്പിന്റെ അകമ്പടിയോടെ കാറ്റ്‌ ശക്തമായിരുന്നു. തണുപ്പ്‌ അസഹനീയമായപ്പോള്‍ മുറിയിലേയ്‌ക്ക്‌ു നടന്നു.

അര്‍ദ്ധരാത്രിയോടെ മുറിയിലെത്തി നിദ്രയിലാണ്ടു. ഷിംലയില്‍ കൂടുതല്‍ യാത്രകള്‍ പ്ലാന്‍ ചെയ്‌തിരുന്നില്ല. പിറ്റേന്ന്‌ തന്നെ മണാലിയിലേയ്‌ക്കു പോകുവാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഹിമാചല്‍ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ രാവിലെ ഒന്‍പതരയ്‌ക്ക്‌ പുറപ്പെടും എന്ന്‌ അറിഞ്ഞിരുന്നു. രാവിലെ തന്നെ സ്റ്റേഷനിലേയ്‌ക്കു തിരിച്ചു. അങ്ങനെ കുളു മണാലിയിലേയ്‌ക്ക്‌ എട്ടു മണിക്കൂര്‍ നീണ്ട യാത്ര ആരംഭിച്ചു. ബിയാസ്‌ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന മണാലി നഗരം കുളുതാഴ്‌ വരയുടെ വടക്കേ അറ്റത്തായി 8612 അടി ഉയരത്തിലാണ്‌. പ്രകൃതിയുടെ അനന്തമായ അത്ഭുതങ്ങളില്‍ ധ്യാനനിമഗ്നനായി ലയിച്ചുകൊണ്ടായിരുന്നു ആ യാത്ര. കഴിഞ്ഞ വര്‍ഷം ലഡാക്കില്‍നിന്നും ഡല്‍ഹിയിലേയ്‌ക്കുള്ള യാത്രാമദ്ധ്യേ മണാലിയില്‍ വന്നിരുന്നു. എങ്കിലും കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ സാധിച്ചിരുന്നില്ല. വൈകുന്നേരം ആറുമണിയോടെ മണാലിയില്‍ എത്തി. രാത്രിയില്‍ ചെറിയ തോതിലുള്ള ഷോപ്പിംഗ്‌ നടത്തി. പഷ്‌മിന ഷാളുകളും ജാക്കറ്റുകളുമൊക്കെ വളരെ വിലക്കുറവില്‍ ലഭിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ കബളിപ്പക്കപ്പെടാന്‍ സാധ്യതയുണ്ട്‌. പിറ്റേന്നാണ്‌ സൊളാങ്‌ വാലിയിലേയ്‌ക്കുള്ള യാത്ര പ്ലാന്‍ ചെയ്‌തിരുന്നത്‌. (തുടരും)