Breaking News

Trending right now:
Description
 
Nov 11, 2013

ഒപ്പിനോടൊപ്പം പേരും പദവിയും മുദ്രയും വ്യക്തമായി രേഖപ്പെടുത്തണം: കോള്‍ഫ്

image ആലപ്പുഴ: സര്‍ക്കാര്‍ വക എല്ലാ രേഖകളിലും ഒപ്പിനോടൊപ്പം ഉത്തരവാദപ്പെട്ട
ഉദ്യോഗസ്ഥന്റെ പേരും പദവിയും ഓഫീസ് മുദ്രയും വായിക്കത്തക്കവിധം
വ്യക്തമായി രേഖപ്പെടുത്താന്‍ നിര്‍ദേശം നല്കണമെന്നു സംസ്ഥാന
സര്‍ക്കാരിനോട് സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രസിഡന്റ്
തോമസ് മത്തായി കരിക്കംപള്ളില്‍, കണ്‍വീനര്‍ അഡ്വ. വി. മഹേന്ദ്രനാഥ്
എന്നിവര്‍ ആവശ്യപ്പെട്ടു.

പണം അടയ്ക്കുന്ന രസീതുകളിലും വിവിധ വകുപ്പുകളില്‍ നിന്നു ലഭിക്കുന്ന
കത്തുകളിലും ഒപ്പു പോലെ ഒരു വരയും സ്ഥാനപ്പേരും മാത്രമേ സാധാരണ
കാണുകയുള്ളു. പോലീസ് ഉള്‍പ്പടെയുള്ളവര്‍ രസീതുകളുടെ കാര്‍ബണ്‍
പകര്‍പ്പാണ് ജനങ്ങള്‍ക്കു നല്കുന്നത്. അതില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍
സ്പഷ്ടമായിരിക്കില്ല. മുദ്രകള്‍ തെളിയാറുമില്ല.

ഉദ്യോഗസ്ഥര്‍ വരുത്തിവയ്ക്കുന്ന ക്ലരിക്കലും അല്ലാത്തതുമായ പിശകുകളും
വീഴ്ചകളും തിരുത്തിക്കിട്ടാന്‍ സാധാരണക്കാര്‍ മാസങ്ങള്‍ ചെലവഴിച്ച്
ഉയര്‍ന്ന ഓഫീസുകളില്‍ കയറിയിറങ്ങി പണവും സമയവും നഷ്ടപ്പെടുത്തി
ബുദ്ധിമുട്ടേണ്ട അവസ്ഥ മാറ്റേണ്ടതുണ്ട്. തെറ്റുവരുത്തിയ ബന്ധപ്പെട്ട
ഉദ്യോഗസ്ഥനെ തന്നെ തിരുത്തി നല്കാന്‍ വ്യക്തിഗതമായി
ചുമതലപ്പെടുത്തുകയാണ് വേണ്ടത്. രേഖകളില്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ
പേരുകൂടി ഉള്‍പ്പെടുത്തുന്നത് അവരുടെ ഉത്തരവാദിത്തം വ്യക്തിപരമായി
വര്‍ധിപ്പിക്കും.

ഇതേസമയം, സര്‍ക്കാര്‍ വകുപ്പുകളിലേക്ക് തപാല്‍ മാര്‍ഗം അയക്കുന്ന
കത്തുകള്‍ക്ക് ഭൂരിപക്ഷവും മറുപടി ലഭിക്കുന്നില്ലെന്ന പരാതിയും
കാലങ്ങളായി നിലനില്ക്കുന്നു. ഇ-മെയിലായി അയക്കുന്നവയെക്കുറിച്ചു ഒരു
വിവരവും ലഭിക്കാറില്ല. പരാതി കൈപ്പറ്റിയെന്ന വിവരം പോലും ബന്ധപ്പെട്ടവരെ
അറിയിക്കുന്നില്ല. പല വകുപ്പുകളുടേയും ഉദ്യോഗസ്ഥരുടേയും ഇ-മെയിലുകള്‍
തുറന്നു നോക്കുന്നതു പോലുമില്ലെന്നാണ് മനസ്സിലാക്കേണ്ടത്. അതില്‍ അനേകം
ജനപ്രതിനിധികളും പെടും. മന്ത്രിമാര്‍ക്കും മറ്റും അയക്കുന്ന നിവേദനങ്ങള്‍
കൈപ്പറ്റിയെന്നു ചിലപ്പോള്‍ മാസങ്ങള്‍ക്കു ശേഷം മറുപടി കാര്‍ഡ്
ലഭിക്കാറുണ്ടെങ്കിലും വിഷയമോ ഫയല്‍ നമ്പരോ ഒന്നും അതില്‍
കാണുകയില്ലെന്നും കോള്‍ഫ് സൂചിപ്പിച്ചു.