ഇ.എസ്. ജിജിമോള്‍

കേരളത്തിലെവിടെയും മഴയുണ്ട്. കൊച്ചിയിലും കൊല്ലത്തും കോഴിക്കോട്ടുമെല്ലാം. എന്നാല്‍ ഇടുക്കിയിലെ മഴക്കാഴ്ച്ച ഒന്നു വേറെയാണ്. ലാസ്യഭംഗിയോടെ ആരംഭിക്കുന്ന മഴനൃത്തത്തിന്റെ ഭാവവും താളവും എപ്പോള്‍ വേണമെങ്കിലും മാറാം. നൂല്‍വണ്ണത്തില്‍ പെയ്തു തുടങ്ങുന്ന മഴയുടെ രൂപം മാറുന്നതു ഞൊടിയിടയിലാവും. തൊട്ടുതഴുകിപ്പോകുന്ന നൂല്‍മഴകള്‍ ചിലപ്പോള്‍ സംഹാരരൂപം പൂണ്ടുനില്ക്കും. കാറ്റിനൊപ്പം ചിലപ്പോള്‍ അത് ആടിത്തിമിര്‍ക്കും. ശിവന്റെ താണ്ഡവ നൃത്തം പോലെ...
മഴയുടെ ഈ രൂപമാറ്റങ്ങളെക്കുറിച്ചും മോഹിപ്പിക്കുന്ന തണുപ്പിന്റെ കൈകളിലാടിവരുന്ന മഴയുടെ മായികഭാവങ്ങളെക്കുറിച്ചുമെല്ലാം സവിസ്തരം വിവരിക്കുമ്പോള്‍ കൊച്ചിയിലെ എന്റെ കൂട്ടുകാരിക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഇടുക്കിയിലെ മഴ കണ്ടേ പറ്റൂവെന്ന ആഗ്രഹം... മലയുടെ മാറിലെ പാല്ക്കുടങ്ങള് ചുരന്ന് തുടങ്ങുന്ന മഴക്കാലത്തെക്കുറിച്ച്. പതഞ്ഞിറങ്ങുന്ന ആ പാല്‍നുരയില്‍ മുങ്ങികുളിക്കാന്‍, തേയിലത്തോട്ടങ്ങള്‍ പുതച്ചുറങ്ങുന്ന ആ വെണ്കമ്പിളി പുതപ്പിനുള്ളില്‍ മടിപിടിച്ചുറങ്ങാന് ഇടുക്കിയിലേക്ക് വരണമെന്ന് ഒരു മഴക്കാലത്ത് അവള് നിര്‍ബന്ധം പിടിച്ചു.
ഇടുക്കിയുടെ മഴക്കാഴ്ച്ചകളിലേക്ക് ഒരു ഓട്ടപ്രദക്ഷണം - അതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദേശം. കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ പുലര്‍ച്ചെ നാലര. പുതുമഴയത്ത് തിമിര്‍ത്ത് കളിച്ചതിന് അമ്മയുടെ കയ്യില്‍ നിന്ന് തല്ല് കിട്ടിയ കുട്ടിയുടെ ഭാവത്തിലായിരുന്നു നഗരം! തൊടുപ്പുഴ വഴി പുള്ളിക്കാനം- മൂലമറ്റം റോഡിലൂടെ വാഗമണിലെത്തണം. ഏകദേശം രണ്ടരമണിക്കൂര്‍ കൊണ്ട് പുള്ളിക്കാനത്ത് എത്താം. മൂലമറ്റത്ത് എത്തുമ്പോള്‍ മഴ ആരംഭിച്ചിരുന്നു. നിരപ്പായ വഴികളിലൂടെ തെന്നിനീങ്ങിയ വണ്ടി വേഗത കുറച്ച് പ്രതിക്ഷേധം അറിയിച്ചു.
മൂലമറ്റത്തെ പവര്‍ഹൗസിനു സമീപമുള്ള തേക്കിന്ത്തോട്ടത്തിന് നടുവിലെ വഴിയിലൂടെ മലമുകളിലേക്ക് പവര്ഹൗസൊന്നും കാണാന്‍ ആഗ്രഹിച്ചേക്കല്ലെ! സുരക്ഷാകാരണങ്ങളാല്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. രാത്രി മുഴുവനും മഴ പെയ്തതിന്റെ ക്ഷീണത്തില്‍ മയങ്ങുകയാണ് പ്രകൃതി. വേനല്‍ക്കാലത്ത് വറ്റിയുണങ്ങി കിടന്ന കാട്ടരുവി നിറഞ്ഞൊഴുകുന്നു. ഒഴുകുന്നുവെന്ന് പറയാന്‍ സാധിക്കുകയില്ല, പാറകളില്‍ തട്ടി കലങ്ങി മറിഞ്ഞ് തകര്‍ത്ത് പായുകയാണ്.
"ഈ പുഴ എപ്പോഴും ഇങ്ങനെയാണോ?" കൂട്ടുകാരിയുടെ മുഖത്ത് ജിഞ്ജാസ. ഡ്രൈവറുടെ മുഖത്ത് പുച്ഛം, "ഇതൊക്കെ ഇന്നലെ രാത്രി മഴ പെയ്തതുകൊണ്ടാണ്. ഒരു മണിക്കൂര്‍ മഴ നിന്നാല്‍ വെള്ളത്തിന്റെ ഒഴുക്കൊക്കെ കുറയും." അയാള്‍ അനുഭവങ്ങളുടെ കെട്ടഴിച്ചു.
മഴ പെയ്തു തുടങ്ങുന്നതിനൊപ്പം പാഞ്ഞെത്തുന്ന മലവെള്ളം മഴ നില്‍ക്കുന്നതോടെ എങ്ങോ അപ്രത്യക്ഷമാകുന്നു. ഓരോ മഴക്കാലത്തിനും ഓരോ കഥ പറയാനുണ്ടാകും. നെല്ലിക്കായുടെ ചവര്‍പ്പും മധുരവും പോലെ എത്രയെത്ര അനുഭവങ്ങള്‍. ഞാനന്റെ ഗതകാല സ്മരണകളുടെ രഥത്തിലേറി പുറകോട്ട് പാഞ്ഞു. ഹെയര്‍പിന്‍ വളവുകളുടെ കയറ്റത്തില്‍ വണ്ടി ഒച്ചിനെപ്പോലെ ഇഴഞ്ഞു തുടങ്ങി.
മൂന്നാമത്തെ ഹെയര്‍പിന്‍ വളവിന്റെ ഓരത്തായി ചെറിയൊരു ഓലപ്പുര. ഡ്രൈവര്‍ വണ്ടി ഒതുക്കി നിറുത്തി. ഇതാണ് അന്ത്യംപാറ. പാറമലയുടെ ഹൃദയത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നതെന്ന് പറയാം. അക്കരെ പാറകൊണ്ടൊരു കോട്ട തന്നെയാണ് പ്രകൃതി തീര്‍ത്തിരിക്കുന്നത്. ഇനിയൊരു ചായകുടിച്ചിട്ടാകാം യാത്ര. നേരം പുലര്‍ന്നു വരുന്നതേയുള്ളു, ഡ്രൈവര്‍ കടക്കാരനെ വിളിച്ചെഴുന്നേല്‍പ്പിച്ച് ചായയുണ്ടാക്കാനുള്ള തത്രപ്പാടിലാണ്.
ഞങ്ങള്‍ നില്‍ക്കുന്നിടത്ത് ആകാശം തെളിഞ്ഞു നില്‍ക്കുകയാണ്. അക്കരെ മലമുകളില്‍ മഴ അതിന്റെ എല്ലാ ശക്തിയോടെ പെയ്തിറങ്ങുന്നു. മഴയുടെ ഇരമ്പലിന് ശ്രുതിയും താളവും നഷ്ടപ്പെട്ടിരുന്നു. കാറ്റു കൂടി എത്തിയതോടെ മഴ തലങ്ങനെയും വിലങ്ങനെയും പെയ്യുകയാണ്. പെട്ടെന്ന് ഞങ്ങള്‍ നില്ക്കുന്നിടത്തെയും പ്രകൃതിയുടെ ഭാവം മാറി. ആകാശം കറുത്തിരുണ്ടു. കാഴ്ച്ചകള്‍ പാതിയില്‍ ഉപേക്ഷിച്ച് ഞങ്ങള്‍ വണ്ടിയില്‍ കയറി. ചൂടുള്ള ചായ മൊത്തിക്കുടിക്കുമ്പോള്‍ കാറിന്റെ ചില്ലുകള്‍ക്കിടയിലൂടെ മഴ തുള്ളികള്‍ മുഖത്തേക്ക് വീണു.
ടൂറിസം പച്ചപിടിച്ചു തുടങ്ങിയതോടെ ഇടുക്കിയിലെ ഭൂമി വില കുതിച്ചുയര്‍ന്നു. മുക്കിലും മൂലയിലും റിസോര്‍ട്ടുകള്‍ പൊങ്ങി. വികസനത്തിന്റെ വികല പ്രതീകങ്ങളായി ഇവ സന്ദര്‍ശകരെ നോക്കി പല്ലിളിച്ചു. പരിസ്ഥിതിക്ക് യോജിക്കാത്ത രീതിയില്‍ മലയിടിച്ചും പുല്‍മേടുകള്‍ തകര്‍ത്തും പണിതതും പണിതുകൊണ്ടിരിക്കുന്നതുമായ റിസോര്‍ട്ടുകളുടെ സൗന്ദര്യവും ഈ മഴക്കാഴ്ച്ചയില്‍ നമുക്ക് ഒഴിവാക്കാനാകുകയില്ല.
ഇരമ്പിയെത്തിയ മഴ പെയ്തു തുടങ്ങി പ്രകൃതി തീര്‍ച്ചയായും ആര്‍ത്തലച്ചു കരയുകയല്ല. കലിതുള്ളി എല്ലാം തകര്‍ത്തെറിയുന്ന യക്ഷിയുടെ രൗദ്രഭാവത്തിലാണ്. പറഞ്ഞു തീര്‍ന്നില്ല പ്രകൃതിയുടെ ഭാവം മാറി. അമ്മ കുഞ്ഞിനെ പാലൂട്ടുന്നതുപ്പോലെ നിര്‍വൃതിയില്‍ ലയിച്ച് ശാന്തമായി. മലകളുടെ മുകളിലായി തെന്നി നീങ്ങുന്ന മഞ്ഞിന്റെ വെളുത്ത ദുപ്പട്ട. വിരുന്നുകാരനെപ്പോലെ സൂര്യന് മലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു. കാഴ്ച്ചകളുടെ വിരുന്നൊരുക്കി പുള്ളിക്കാനം ഞങ്ങളെ കാത്തിരിക്കുകയായിരുന്നെന്ന് തോന്നി. കുന്നുകളുടെ നിമ്നോന്നതയില്‍ വിരിഞ്ഞുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍. അവയെ ചുറ്റിവരിഞ്ഞ് അരഞ്ഞാണംപോലെ പാതകള്‍.
കൂട്ടുകാരി വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി, അവളങ്ങനെ ലയിച്ചു നില്‍ക്കുകയാണ്. കൊളുന്തു നുള്ളാന്‍ പോകുന്ന തൊഴിലാളി സ്ത്രീകള്‍ ദൂരെ നിന്ന് നടന്നു വരുന്നു. ആറു കിലോ തൂക്കം വരുന്ന കൊളുന്തു കൂടയുണ്ട് അവരുടെ തലയില്‍, ഷര്‍ട്ടും സോക്സും പ്ലാസ്റ്റിക്ക് മഴക്കോട്ടും ധരിച്ചു നടന്നു വരുന്ന ആ തൊഴിലാളികളുടെ നടത്തതിന് ഒരു പ്രത്യേക താളമുണ്ട്. ഏതു നൃത്തത്തെക്കാളും ചടുലമാണത്. ഞങ്ങളെ നോക്കി ചിരിച്ചിട്ട് ഒരാള്‍ മുന്നറിയിപ്പ് നല്കി. "സൂക്ഷിക്കണേ, തോട്ടപ്പുഴു കാണും." പറഞ്ഞുതീരുന്നതിനു മുമ്പ് പുറകില്‍ നിന്ന് ഒരുഅലര്ച്ച. ക്ഷമിക്കണേ, ഇടുക്കിയെക്കുറിച്ച് പറയുമ്പോള്‍ പ്രത്യേകിച്ച് മഴയെക്കുറിച്ചാണെങ്കില് അട്ടയെ നമുക്ക് ഒഴിവാക്കാനാകുകയില്ല. മഴക്കാലത്തെ ഇടുക്കി തൊട്ടറിയാനുള്ളതല്ല കണ്ടറിയാന്‍ മാത്രമുള്ളതാണ്. ഏത് സൗന്ദര്യത്തിന്റെയും വാണിജ്യസാധ്യത കണ്ടെത്തുവാന്‍ ഇഷ്ടപ്പെടുന്ന മലയാളിക്ക് ഇതൊന്നും മനസിലാവുകയില്ല.
പെട്ടന്ന് കാര്‍മേഘങ്ങള്‍ ഓടിയെത്തി. ഞങ്ങള്‍ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നു. കാറ്റിന്റെ ഭാവം മാറി. മരങ്ങള്‍ പിഴുതെറിയാനാണ് കാറ്റിന്റെ പുറപ്പാടെന്ന് തോന്നും. ഐസുകള്‍ വാരി വിതറുന്ന ശക്തിയോടെ മഴത്തുള്ളികള്‍ മണ്ണിലേയ്ക്ക്, മഴയുടെ ശക്തിയില്‍ കാഴ്ച്ചകള്‍ പാതി മറഞ്ഞു. പച്ചവിരിച്ച തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ പതുക്കെ നീങ്ങുന്ന വണ്ടിയുടെ ഏകാന്തതയില്‍ ഞങ്ങള്‍ മഴയെ നോക്കി കണ്ടു. അതിന്റെ എല്ലാ സൗന്ദര്യത്തോടെയും. പുല്‍മേടുകളുടെ നഗ്നതയിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന മഴത്തുള്ളികള്‍, കുഞ്ഞിനെപ്പോലെ കാടിന്റെ മാറില്‍ പറ്റിചേരുന്ന മഴത്തുള്ളികള്‍, കാമുകനെപ്പോലെ തേയിലത്തോട്ടങ്ങളെ തഴുകി കടന്നുപോകുന്നവ മല മുകളില്‍ പെയ്യുന്ന മഴയ്ക്ക് എത്ര പുലഭ്യം പറഞ്ഞാലും സങ്കടം തീരാത്ത സ്ത്രീയുടെ ഭാവം. മഴയെ ഗൗനിക്കാതെ മരച്ചുവട്ടില്‍ നനഞ്ഞൊലിച്ച പശുക്കൂട്ടങ്ങള്‍.
വാഗമണ്ണില്‍ എത്തിയപ്പോള്‍ ആകെ കണ്ഫ്യൂഷന്, എങ്ങോട്ട് തിരിയണം. തങ്ങളുപ്പാറയും കുരിശുമലയും മുരുകന്മലയും ദര്‍ശിക്കാതെ വാഗമണ്‍ ദര്‍ശനം പൂര്‍ണ്ണമാകില്ലല്ലോ. സമുദ്രനിരപ്പില്‍ നിന്നു 1200 കിലോമീറ്റര്‍ ഉയരത്തിലുള്ള വാഗമണ്‍ കുരിശുമലയില്‍ പ്രശസ്തമായ ഒരു ഡയറി ഫാമുമുണ്ട്. സന്യാസവൈദികരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഡയറിഫാം സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ ഒരനുഭവമാണ്. തങ്ങള്‍പ്പാറ മുസ്ളീം തീര്‍ത്ഥാടന കേന്ദ്രമാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കോഴിനേര്‍ച്ച നടത്തുവാന്‍ ഉത്തരേന്ത്യയില്‍ നിന്നു പോലും തീര്‍ത്ഥാടകര്‍ ഇവിടെ എത്താറുണ്ട്. അതിശക്തമായ കാറ്റും കോരിച്ചൊരിയുന്ന മഴയും വകവയ്ക്കാതെ സാഹസികമായി തങ്ങള്പ്പാറയുടെ മുകളില്‍ കയറുവാന്‍ ഞങ്ങള്‍ ഒരു ശ്രമം നടത്തി. മഴയ്ക്ക് മുന്നില്‍ തോറ്റുപിന്മാറുമ്പോള് ഒരു ജാള്യതയുണ്ടായിരുന്നു കൂട്ടുകാരിയുടെ മുഖത്ത്. എങ്കിലും മഴയില്‍ നനഞ്ഞുകുളിച്ച് വിറച്ചിരിക്കുമ്പോള്‍ വല്ലാത്തൊരു സുഖമായിരുന്നു.
കോലഹലമേട്ടില്നിന്നു ചൂടുകാപ്പി കുടിക്കുമ്പോള്‍ പൈന്‍കാടിന്റെ മൂളക്കം ചെവിയില്‍ ആര്‍ത്തലച്ചു കൊണ്ടിരുന്നു. സ്ഥലനാമം യാഥാര്ത്ഥ്യമാക്കുന്നതുപ്പോലെ. പൈന്‍വാലിയില്‍ നിന്നു കട്ടപ്പന റൂട്ടിലേയ്ക്ക് തിരിഞ്ഞപ്പോള്‍ മഴ മാറി ആകാശം തെളിഞ്ഞിരുന്നു. വിദൂരതയില്‍ മാര്ച്ച്പാസ്റ്റിനു റെഡിയായി നില്ക്കുന്ന പട്ടാളക്കാരെപ്പോലെ പൈന്മരങ്ങള്അച്ചടക്കത്തോടെ നില്ക്കുന്നു.
ഇടുക്കിയുടെ മഴക്കാഴ്ച്ചകള്‍ ഇവിടെ പൂര്‍ണ്ണമാകുന്നില്ല... മഴയുടെ തണുപ്പും സംഗീതവും ആസ്വദിച്ച് ഒരു ദിവസമെങ്കിലും തണുപ്പിന്റെ കമ്പിളിപ്പുതപ്പ് വാരിപ്പുതച്ചുറങ്ങണമെന്ന് ഞങ്ങള്‍ക്ക് ആശയുണ്ട്. വാഗമണ്ണിലെ സമ്മര്സാന്ഡും ഹൈഡ്ഔട്ടും പോലുള്ള റിസോര്‍ട്ടുകളും പതിനഞ്ചിലധികംവരുന്ന ഹോംസ്റ്റേകളും ഇവിടെ സന്ദര്‍ശകര്‍ക്കായുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു... വീണ്ടും ഒരിക്കല്‍കൂടി വരാമെന്ന് സ്വപ്നം കണ്ട് ഞങ്ങള്‍ മടങ്ങി.