Breaking News

Trending right now:
Description
 
Nov 09, 2013

കേരളത്തിലെ വിനോദസഞ്ചാര മേഖലയ്‌ക്ക്‌ ആഗോളപുരസ്‌കാരം

image കുടുംബസമേതം സഞ്ചരിക്കാവുന്ന മികച്ച ലോകത്തെ പത്തു വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ലോണ്‍ലി പ്ലാനറ്റ്‌ ട്രാവല്‍ മാഗസിന്‍ കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടനില്‍ നടക്കുന്ന വേള്‍ഡ്‌ ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസം ഡയറക്ടര്‍ എസ്‌. ഹരികിഷോര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ന്യൂയോര്‍ക്ക്‌ സിറ്റി, ഡെന്‍മാര്‍ക്ക്‌, പ്രാഗ്‌, ഐസ്‌ലന്‍ഡ്‌, ഇറ്റലി, ഹവായ്‌ തുടങ്ങിയവയ്‌ക്കൊപ്പമാണ്‌ കുടുംബങ്ങള്‍ക്ക്‌ യോജിച്ചതും ശിശു സൗഹൃദവുമായ വിനോദസഞ്ചാര കേന്ദ്രമായി കേരളത്തെയും തെരഞ്ഞെടുത്തത്‌. ഇന്ത്യയിലെ വിനോദസഞ്ചാര മേഖലകളിലെ തിരക്ക്‌ പലരേയും ഇവിടെ നിന്ന്‌ അകറ്റുന്നുണ്ടെങ്കിലും മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ കേരളം സ്വസ്‌ഥമായി സഞ്ചരിക്കാനാകുന്ന ഇടമാണെന്ന്‌ ലോണ്‍ലി പ്ലാനറ്റ്‌ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ ആയുര്‍വേദത്തിന്‌ പ്രാമുഖ്യം കൊടുത്ത്‌ ലോക ട്രാവല്‍ മാര്‍ട്ടില്‍ ഒരുക്കിയ കേരള പവലിയന്‍ മുന്‍ സൗത്ത്‌ ആഫ്രിക്കന്‍ ക്രിക്കറ്റ്‌ താരവും സൗത്ത്‌ ആഫ്രിക്കന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡറുമായ ജോണ്ടി റോഡ്‌സ്‌ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സന്ദര്‍ശിച്ചിരുന്നു. കേരള ടൂറിസത്തിന്‌ വളരാനാവശ്യമായ വലിയൊരു അവസരമാണ്‌ ട്രാവല്‍ മാര്‍ട്ട്‌ ഒരുക്കിത്തന്നതെന്നും, സാമ്പത്തിക പ്രതിസന്ധിക്കുശേഷം യൂറോപ്പിന്റെ മറ്റു മേഖലകളില്‍ നിന്നുമുള്ള സഞ്ചാരികളുടെ വീണ്ടെടുപ്പിനും വരും വര്‍ഷങ്ങള്‍ സാക്ഷ്യം വഹിക്കുമെന്നും ഹരികിഷോര്‍ പറഞ്ഞു. ഏറെ ശ്രദ്ധേയമായ ലോണ്‍ലി പ്ലാനറ്റ്‌ പുരസ്‌കാരത്തിലൂടെ കേരളം ആദരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ നിന്നുള്ള അബാദ്‌ ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌, കര്‍ണോസൈറ്റ്‌ ബീച്ച്‌ റിസോര്‍ട്ട്‌ ആന്‍ഡ്‌ ആയുര്‍വേദ സ്‌പാ, ഇന്റര്‍സൈറ്റ്‌ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌, ജയശ്രീ ട്രാവല്‍സ്‌ ആന്‍ഡ്‌ ടൂര്‍സ്‌, ജോയ്‌സ്‌ റിസോര്‍ട്ട്‌സ്‌ ആന്‍ഡ്‌ ഹോട്ടല്‍സ്‌, കെടിഡിസി ഹോട്ടല്‍സ്‌ ആന്‍ഡ്‌ റിസോര്‍ട്‌സ്‌, കുമരകം ലേക്‌ റിസോര്‍ട്‌സ്‌, ലേക്‌ പാലസ്‌ റിസോര്‍ട്‌സ്‌, സ്‌പൈസ്‌ലാന്‍ഡ്‌ ഹോളിഡേയ്‌സ്‌, ഉദയസമുദ്ര ലെയ്‌ഷ്വര്‍ ബീച്ച്‌ ഹോട്ടല്‍ ആന്‍ഡ്‌ സ്‌പാ, വൈത്തിരി റിസോര്‍ട്ട്‌, വൈദ്യരത്‌നം ഔഷധശാല എന്നിവയാണ്‌ വേള്‍ഡ്‌ ട്രാവല്‍ മാര്‍ട്ടില്‍ കേരള ടൂറിസത്തിനൊപ്പമുണ്ടായിരുന്നത്‌.