Breaking News

Trending right now:
Description
 
Nov 07, 2013

കോതമംഗംലത്ത്‌ ആത്മഹത്യ ഭീഷണി മുഴക്കിയ നഴ്‌സുമാരും സമര നേതാക്കളും ഇന്ന്‌ എവിടെ?

ജയിച്ചത്‌ മാനേജ്‌മെന്റോ?
image
അടുത്തക്കാലത്ത്‌ കേരളം കണ്ടതില്‍ ഏറ്റവും ശക്തമായ സമരമായിരുന്നു 2012 ആഗസ്‌റ്റ്‌ 15ന്‌ നടന്നത്‌. രാജ്യം അതിന്റെ 63-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍ "ഞങ്ങള്‍ ഇവിടെ അടിമകളാണ്‌, നിങ്ങള്‍ കാണുന്നില്ലേ" എന്നു ലോകത്തോട്‌ വിളിച്ചു പറയാന്‍, കോരിച്ചൊരിയുന്ന മഴയത്ത്‌ ജീവന്‍ തൃണവല്‍ക്കരിച്ചുക്കൊണ്ട്‌ മൂന്നു പെണ്‍കൊടികള്‍ നീതിക്കായി നടത്തിയ പോരാട്ടം ലോകത്തെമ്പാടുമുള്ള നഴ്‌സിംഗ്‌ സമൂഹത്തിന്റെ ദുരിതങ്ങളുടെ നേര്‍ക്കാഴ്‌ച കൂടിയായിരുന്നു. കോതമംഗലം മാര്‍ ബസേലിയോസ്‌ നഴ്‌സിംഗ്‌ കോളേജിലെ മൂന്ന്‌ നഴ്‌സുമാര്‍ അറ്റക്കൈ പ്രയോഗമായി ആത്മഹത്യ ഭീഷണി മുഴക്കി ഹോസ്‌പിറ്റലിന്റെ മുകളില്‍ കയറിയത്‌. 118 ദിവസമായി ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ നടത്തിയ സമരം ലക്ഷ്യം കാണാതെ വന്നതാണ്‌ ഇത്തരം അറ്റക്കൈ സമരത്തിന്‌ അവരെ പ്രേരിപ്പിച്ചത്‌.

അതോടെ മാധ്യമങ്ങളും ഭരണ- പ്രതിപക്ഷങ്ങള്‍ ഉണര്‍ന്നു. ചര്‍ച്ചകള്‍ ചൂടുപിടിച്ചു. അവസാനം സമരം നഴ്‌സുമാര്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ച്‌ അവസാനിപ്പിക്കുന്നതായി മാനേജ്‌മെന്റ്‌ അംഗീകരിച്ചു. സമരനായികമാരായി മാധ്യമങ്ങള്‍ വാഴ്‌ത്തിപ്പാടിയ അവര്‍ക്ക്‌ അതിനപ്പുറം എന്തെങ്കിലും നേടിയെടുക്കാന്‍ ആ ഹോസ്‌പിറ്റലില്‍ നിന്ന്‌ ആയോ?

നഴ്‌സുമാരുടെ നീണ്ട സമരങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആ മേഖലയിലെ സേവന വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിച്ചുക്കൊണ്ട്‌ ഓര്‍ഡര്‍ ഇറക്കിയത്‌ 6.11.13 ലാണ്‌. ചിലപ്പോള്‍ ആ നേട്ടത്തിന്റെ അവകാശത്തിന്‌ മേല്‍ അവര്‍ക്ക്‌ കൂടി കയ്യൊപ്പിടാം അത്രമാത്രം. എന്നാല്‍ അവരെവിടെ എന്ന ചോദ്യം സോഷ്യല്‍ മീഡിയയിലെ ഓണ്‍ലൈന്‍ വായനക്കാര്‍ തേടുന്നുണ്ടാവാം. അവര്‍ക്കായി ഗ്ലോബല്‍ മലയാളം നടത്തിയ അന്വേഷണം.
ആത്മഹത്യ ഭീഷണി മുഴക്കിയ അനു, വിദ്യ എന്നിവര്‍ തികച്ചും ദരിദ്ര കുടുംബാംഗങ്ങളായിരുന്നു. ലോണും കട ബാധ്യതകളും ജപ്‌തി ഭീഷണിയും നേരിട്ടിരുന്ന ഇവര്‍ക്ക്‌ കിട്ടിയിരുന്ന തുച്ഛമായ തുക കൊണ്ട്‌ അവര്‍ക്ക്‌ ഒന്നും നേടിയെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ്‌ അവര്‍ സമരത്തിന്റെ തീച്ചൂളയില്‍ ചാടിയത്‌. സമരത്തില്‍ പങ്കെടുത്ത ഇവരെ തിരിച്ചെടുക്കില്ല എന്ന ശാഠ്യത്തില്‍ മാനേജ്‌മെന്റ്‌ ഉറച്ചു നിന്നു. മാധ്യമ ചര്‍ച്ചകളിലും അവര്‍ ഇത്‌ തുറന്നു പറഞ്ഞിരുന്നു. എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റും മറ്റും നല്‌കണമെങ്കില്‍ സമരത്തില്‍ പങ്കെടുത്തത്‌ യൂണിയനുകളുടെ ചതിയില്‍ പെട്ടാണെന്ന്‌ എഴുതി നല്‌കണമെന്ന്‌ മാനേജ്‌മെന്റ്‌ ആവശ്യം.
സമരത്തില്‍ പങ്കെടുത്തവരെ പീഡിപ്പിച്ചു പുറത്തു ചാടിക്കുക എന്ന നയമാണ്‌ മാനേജ്‌മെന്റ്‌ സ്വീകരിച്ചത്‌. മൂന്നു ഷിഫ്‌റ്റ്‌ ചോദിച്ചവര്‍ക്ക്‌ മാത്രംകരാര്‍ അംഗീകരിക്കാനെന്ന വ്യാജേനെ ന്യൂറോ ഐസിയുവില്‍ രോഗികളെ നല്‌കാതെ പ്രത്യേക ഡ്യൂട്ടി, അകാരണമായ പണിഷ്‌മെന്റ്‌, ശമ്പളം മണിക്കൂര്‍ വ്യവസ്ഥയില്‍ ആക്കുക, ശമ്പളത്തില്‍ വര്‍ധനവ്‌ കാര്യമായില്ല.
ഇനി ഒരു സമരത്തിന്‌ നഴ്‌സുമാരുടെ ആത്മവില്‍ തീപ്പൊരി ഇല്ലെന്ന്‌ മനസിലാക്കി ഹീറ്റ്‌ലര്‍ ഭരണമാണ്‌ ഹോസ്‌പിറ്റലില്‍ മാനേജ്‌മെന്റ്‌ സമരക്കാര്‍ക്ക്‌ നേരെ അഴിച്ചു വിട്ടത്‌. അതോടെ

നഴ്‌സുമാര്‍ ഓരോരുത്തരായി പിരിഞ്ഞു പോകുവാന്‍ തുടങ്ങി. മൂന്നു മാസം പോലും അവിടെ ജോലി ചെയ്യാന്‍ സാധിക്കാതെ വിദ്യയും അനുവും സുഹൃത്തുക്കളുടെ സഹായത്തോടെ ആ ഹോസ്‌പിറ്റല്‍ വിട്ടു. പെരുന്തല്‍മണ്ണയിലെ അല്‍ഷിഷാ ഹോസ്‌പിറ്റലിലാണ്‌ അവര്‍ ജോലിചെയ്യുന്നത്‌. ഞങ്ങള്‍ അവരെ അന്വേഷിച്ചു ചെന്നപ്പോള്‍ അവര്‍ സംസാരിക്കാന്‍ കൂട്ടാക്കിയില്ല. കാരണം അവര്‍ക്ക്‌ സമരങ്ങളെ ഭയമാണ്‌. നീതിക്കേടുകളുടെ ഈ ലോകത്തോട്‌ അവര്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. സുഹൃത്തുക്കളാണ്‌ ജോലി വാങ്ങിത്തന്നത്‌. ആ സമരത്തെക്കുറിച്ച്‌ ഒന്നും ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ല, ഇവിടെ മാന്യമായ ശമ്പളം ഉണ്ട്‌. കാര്യമായ സൗഹൃദങ്ങള്‍ ഇല്ലാതെ അവര്‍ അവിടെ ജോലിചെയ്യുകയാണ്‌. അന്ന്‌ എഗ്രിമെന്റിന്റെ ഭാഗമായി പറഞ്ഞ കേസുകള്‍ പോലും പോലീസ്‌ പിന്‍വലിച്ചിട്ടില്ല. ആകെ ആത്മഹത്യശ്രമത്തിനുള്ള കേസാണ്‌ പിന്‍വലിച്ചത്‌. എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റുമില്ല. അവര്‍ തിരിഞ്ഞു നടന്നു. കൂടുതല്‍ ചോദിച്ച്‌ കുഴപ്പത്തിലാക്കരുതേ എന്ന ദയനീയ ഭാവത്തില്‍. കാരണം വേദനക്കാന്‍ അവര്‍ക്കൊപ്പം ദുരിതങ്ങള്‍ മാത്രമേയുള്ളുവെന്ന്‌ അവര്‍ക്കിന്ന്‌ അറിയാം.

കോതമംഗലം നഴ്‌സിംഗ്‌ സമര നായികയായിരുന്ന ലിന്‍സി ആ ഹോസ്‌പിറ്റലിന്റെ പടിയിറങ്ങി. തൃശൂരിലാണ്‌ ഇപ്പോള്‍. പഠിച്ച നഴ്‌സിംഗ്‌ സ്‌കൂളില്‍ നിന്ന്‌ എക്‌സ്‌പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റോ, നല്ലൊരു സ്വഭാവ സര്‍ട്ടിഫിക്കറ്റൊ മാനേജ്‌മെന്റ്‌ തരാന്‍ തയാറായില്ല. കേസുകള്‍ പഴയതുപോലെ നില്‍ക്കുന്നു.

നാല്‌ പേര്‍ പണിയില്ലാതെ മാര്‍ ബസേലിയോസ്‌ ഹോസ്‌പിറ്റലിന്റെ ന്യൂറോ ഐസിയുവില്‍ ജോലി ചെയ്യുന്നുണ്ട്‌. അവര്‍ക്ക്‌ പോകാന്‍ മറ്റൊരിടമില്ല, വ്യക്തിപരമായ ഒരുപാട്‌ വാദങ്ങളുണ്ട്‌ അതിന്‌. അങ്ങനെ അവസാനം മാനേജ്‌മെന്റ്‌ ജയിച്ചുവെന്ന്‌ മനസിലായത്‌ ഷിബു ബേബി ജോണ്‍ എന്ന തൊഴില്‍ മന്ത്രി ഈ ഹോസ്‌പിറ്റല്‍ മാനേജ്‌മെന്റ്‌ പ്രതിനിധി തമ്പിയുടെ ഒരു സ്വകാര്യ ചടങ്ങിന്‌ പങ്കെടുത്തപ്പോഴാണെന്ന്‌ സമരനായികയായ ലിന്‍സി പറഞ്ഞു.
118 ദിവസം നഴ്‌സുമാര്‍ നടത്തിയ സമരത്തോട്‌ മുഖം തിരിഞ്ഞു നിന്ന ഷിബു ഒരിക്കല്‍ പോലും ആ ദിവസങ്ങളില്‍ അവിടെ എത്തിയില്ല. ആ പ്രദ്ദേശത്തെ എംഎല്‍എയും നഴ്‌സുമാരുടെ ഈ സമരത്തോട്‌ വിയോജിച്ചു നിന്നു.
വി.എസ്‌ അച്യുതാന്ദന്‍ ഇടപ്പെട്ട്‌ അവസാനിപ്പിച്ച ഒരു സമരമായിരുന്നു അത്‌. ജീവന്‍ വച്ചു കളിച്ചിട്ടും ആരോഗ്യ മാഫിയയുടെ കൈപ്പിടിയില്‍ നിന്ന്‌ അവര്‍ക്ക്‌ രക്ഷ നേടാനായില്ല.