Breaking News

Trending right now:
Description
 
Nov 06, 2013

സരോദിന്റെ ഇതിഹാസം ഉസ്താദ് അംജദ് അലിഖാന്‍ നാളെ കൊച്ചിയില്‍

image കൊച്ചി: ആറു വയസു മുതല്‍ സരോദ് അഭ്യസിച്ചു തുടങ്ങിയ സംഗീത വിസ്മയം... സരോദ് എന്ന സംഗീത ഉപകരണം ലോകത്തിനു മുന്‍പില്‍ ജനകീയമാക്കിയ സംഗീതജ്ഞന്‍... ഒരു സംഗീത ഉപകരണം ജനപ്രിയമാക്കിയതിന്റെയും സംഗീതത്തിനു നല്‍കിയ സംഭാവനകളെയും മാനിച്ച് രാജ്യത്തിന്റെ പരമോന്നത ബഹുമതികള്‍ കരസ്ഥമാക്കിയ ഇതിഹാസതാരം... ലോകത്തിനു മുന്നില്‍ വിസ്മയിപ്പിച്ച സംഗീതതാരം ഉസ്താദ് അംജദ് അലിഖാന്‍ കൊച്ചിയിലെ ആസ്വാദകര്‍ക്ക് മുന്നില്‍ നാളെ (08.12.2013) എത്തുമ്പോള്‍, അവിസ്മരണീയമായൊരു സംഗീതസന്ധ്യയ്ക്കാവും എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാള്‍ വേദിയാവുക. 
 
എറണാകുളം ജില്ലാ ഭരണകൂടവും കേരള സംഗീതനാടക അക്കാഡമിയും ഡിടിപിസിയും സംയുക്തമായി നടത്തിവരുന്ന പ്രതിവാരകലാസന്ധ്യയുടെ ഔപചാരിക ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഉസ്താദ് അംജദ് അലിഖാന്‍ നാളെ നഗരത്തിലെത്തുക. വൈകുന്നേരം 6.30 മുതല്‍ സരോദിന്റെ ഈണങ്ങളിലും രാഗങ്ങളിലും ഫൈന്‍ ആര്‍ട്‌സ് ഹാളിലെ ആസ്വാദകര്‍ ലയിക്കും. സരോദ് മാന്ത്രികന്‍ ശാസ്ത്രീയസംഗീതത്തിന്റെ മാസ്മരികത സംഗീതാസ്വാദകര്‍ക്കു പകര്‍ന്നുനല്‍കും. സരോദില്‍ എന്നും തന്റേതായ പരീക്ഷണങ്ങള്‍ നടത്തിവരുന്ന അംജദ് അലിഖാന്‍ ഈ രംഗത്ത് ഒരു ഇതിഹാസപുരുഷന്‍ തന്നെയാണ്. 

ഗ്വാളിയോര്‍ കൊട്ടാരത്തിലെ പ്രശസ്ത സംഗീതജ്ഞനായിരുന്ന ഹാഫിസ് അലി ഖാന്റെയും രാഹത് ജഹാന്റെയും ഏഴു മക്കളില്‍ ഏറ്റവും ഇളയ മകനായാണ് 1945 ഒക്‌ടോബര്‍ ഒമ്പതിന് മസൂം അലി ഖാന്‍ എന്ന അംജദ് അലിഖാന്റെ ജനനം. സംഗീതജ്ഞന്മാരുടെ കുടുംബമായിരുന്നു ഖാനിന്റേത്. അതില്‍ത്തന്നെ ആറാം തലമുറയില്‍പ്പെട്ടയാളാണ് അംജദ് അലി ഖാന്‍. സരോദ് എന്ന സംഗീത ഉപകരണം കണ്ടുപിടിച്ചതുതന്നെ ഖാന്‍ കുടുംബമാണെന്നാണ് പറയപ്പെടുന്നത്.
പിതാവായ ഹാഫിസ് അലി ഖാനില്‍ നിന്നും നന്നേ ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചു തുടങ്ങിയ അംജദ് അലിഖാന്റെ കുടുംബം 1957-ല്‍ ഡല്‍ഹിയിലേയ്ക്ക് താമസം മാറി. ഡല്‍ഹിയില്‍ ഒരു സാംസ്‌കാരിക സംഘടന തങ്ങളുടെ അതിഥിയായി ഹാഫിസ് അലിഖാനെ വിളിച്ചുവരുത്തിയ ആ നാളുകളിലാണ് അംജദ് അലി ഖാന്റെ ജീവിതം വഴിത്തിരിവിലെത്തുന്നത്. 1958 മുതല്‍ ന്യൂഡല്‍ഹി മോഡേണ്‍ സ്‌കൂളില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ച അംജദ്, 1963 മുതല്‍ സംഗീതപരിപാടികളില്‍ സജീവമായിത്തുടങ്ങി. 2000 മുതല്‍ക്കാണ് മക്കളായ അയാന്‍ അലിഖാനും അമാന്‍ അലിഖാനും അംജദ് അലിഖാനൊപ്പം പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. 


 
1975-ല്‍ പദ്മശ്രീ, 1991-ല്‍ പദ്മഭൂഷണ്‍, 2001-ല്‍ പദ്മവിഭൂഷണ്‍ തുടങ്ങി രാജ്യത്തിന്റെ പരമോന്നത ബഹുമതികളോരോന്നും കരസ്ഥമാക്കിയിട്ടുള്ള അംജദ് അലിഖാന്‍, 21-ാമത് രാജീവ് ഗാന്ധി സദ്ഭാവനാ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. 1989-ല്‍ സംഗീതനാടക അക്കാഡമി അവാര്‍ഡ്, 2004-ല്‍ ഫുക്കുവോക്ക ഏഷ്യന്‍ കള്‍ച്ചര്‍ പ്രൈസ്, 2011-ല്‍ സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, ബംഗാ വിഭൂഷന്‍ പുരസ്‌കാരം എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഹോങ്കോങ് ഫിലാര്‍മണിക് ഓര്‍ക്കെസ്ട്രയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഖാന്‍, ന്യൂ മെക്‌സിക്കോ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറും ആയിരുന്നു.

പ്രശസ്ത ഭരതനാട്യം നര്‍ത്തകി സുബ്ബലക്ഷ്മിയുമായി 1976-ലായിരുന്നു അംജദ് അലിഖാന്റെ വിവാഹം. വിവാഹത്തെത്തുടര്‍ന്ന് സുബ്ബലക്ഷ്മി നൃത്തം നിര്‍ത്തിയെങ്കിലും ഇന്നും അവര്‍ ഭരതനാട്യത്തിന്റെ പേരിലും അറിയപ്പെടുന്നു. ഗ്വാളിയോറിലെ ഖാന്റെ കുടുംബവീട് ഇപ്പോള്‍ ഒരു സംഗീതകേന്ദ്രമായി മാറ്റിയിട്ടുണ്ട്. മക്കളും ഭാര്യയുമൊപ്പം ഡല്‍ഹിയിലാണ് ഇപ്പോള്‍ സരോദ് മാന്ത്രികന്റെ താമസം. നാളെ വൈകുന്നേരം 6.30-ന് ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ആരംഭിക്കുന്ന പരിപാടിയിലേയ്ക്കുള്ള പ്രവേശനം പാസുമൂസം നിയന്ത്രിക്കും. പാസുകള്‍ കളക്ടറുടെ ക്യാമ്പ് ഓഫീസ്, ഡി.ടി.പി.സി ഓഫീസ്, പി.ആര്‍.ഡി ഓഫീസ്, ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട് സ്റ്റേജിലെ ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. പ്രതിവാരകലാസന്ധ്യയുടെ ഔപചാരിക ഉദ്ഘാടനം നടക്കുന്നതിനാല്‍ പ്രതിവാരങ്ങളില്‍ നടക്കുന്ന സിനിമ പ്രദര്‍ശനം ഈയാഴ്ച ഉണ്ടായിരിക്കുകയില്ലെന്ന് ജില്ലാ കളക്ടര്‍ പി.ഐ ഷെയ്ക്ക് പരീത് അറിയിച്ചു.