Breaking News

Trending right now:
Description
 
Nov 05, 2013

എന്റെ പിഴ എന്റെ പിഴ, മാപ്പ്‌ തരണം, കല്ലെറിഞ്ഞുകൊല്ലരുതേ.............

ജിജിമോള്‍
image പൊതു സ്ഥലങ്ങളില്‍ സ്‌ത്രീ അപമാനിക്കപ്പെടുമ്പോള്‍ എങ്ങനെയാണ്‌ പുരുഷ കേന്ദ്രീകൃത സമൂഹവും നിയമവ്യവസ്ഥകളും പെരുമാറുന്നതെന്ന്‌ ദൃഷ്ടാന്തമാണ്‌ ശ്വേത സംഭവം.

അപമാനിക്കപ്പെട്ട സ്‌ത്രീകള്‍ ധൈര്യസമേതം പ്രതികരിക്കുമ്പോള്‍ ആദ്യം മാധ്യമങ്ങളും സ്‌ത്രീപക്ഷ ചിന്തകരും എന്തിന്‌ സാധാരണക്കാര്‍ വരെ പ്രതികരിക്കുന്ന സ്‌ത്രീ പക്ഷത്തേക്ക്‌ വരും. അവരുടെ ധൈര്യത്തെയുംപ്രശംസിക്കുകയും സാമൂഹ്യവ്യവസ്ഥകളെയും കുറ്റം പറയുകയും സ്‌ത്രീക്കൊപ്പം തന്നെ നില്‍ക്കുകയും ചെയ്യും. എന്നാല്‍ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതോടെ പ്രതികരിച്ച സ്‌ത്രീ സമൂഹമധ്യത്തില്‍ അപമാനിതയാകുകയും ചിലപ്പോള്‍ ജീവിതത്തില്‍ നിന്നു തന്നെ അവര്‍ ഒളിച്ചോടേണ്ടി വരുകയും ചെയ്യും. അത്‌ സെലിബ്രിറ്റിയാകട്ടെ സാധാരണ സ്‌ത്രീയാവട്ടെ. ഇത്തരം നീതിക്കേടുകളോട്‌ താദാത്മ്യം പ്രാപിച്ചുക്കൊണ്ട്‌ ചില മുട്ടലുകളും തട്ടലുകളും കണ്ടില്ലെന്ന്‌ നടിച്ച്‌ (ഏറെ സഹിക്കാന്‍ ആവാത്തത്‌ ചാരിനില്‍പ്പാണ്‌) ചിലതിനോട്‌ രൂക്ഷമായി പ്രതികരിച്ച്‌ , ചിലപ്പോള്‍ നിശബ്ദമായി കരഞ്ഞ്‌ പെണായി ജനിച്ചതിന്‌ സ്വയം ശപിച്ച്‌ ജീവിതം ജീവിച്ചു തീര്‍ക്കുന്നവരാണ്‌ ബഹുഭൂരിപക്ഷം സ്‌ത്രീകളും.

പ്രത്യേകിച്ച്‌, സ്‌ത്രീകളുടെ രാഷ്ട്രീയ പക്ഷച്ചേരലുകള്‍ ഇത്തരം സംഭവങ്ങളില്‍ സ്‌ത്രീകളുടെ പൊതു ഇടങ്ങളെ ഇല്ലാതാക്കുന്നു. നീണ്ട ചര്‍ച്ചകള്‍ സ്‌ത്രീകളെ അവരുടെ ശരീര ഭാഗങ്ങളില്‍ അവരുടെ അനുമതി ഇല്ലാതെ ഏത്‌ സ്ഥലങ്ങളില്‍ വച്ചും സ്‌പര്‍ശിക്കുവാന്‍ ഏത്‌ പുരുഷനും ആത്മബലം നല്‌കുകയും ചെയ്യുന്നുവെന്ന്‌ പറയാതെ വയ്യ.

സ്‌ത്രീകള്‍ അപമാനിക്കപ്പെടുന്ന ഏത്‌ സംഭവങ്ങളിലും ഇരയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്‌ത്രീ പിന്നീട്‌ അക്രമിയാകുന്നുവെന്നതാണ്‌ വസ്‌തുത.

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റിയിലെ പി.ഇ ഉഷാ എന്ന സ്‌ത്രീ തന്നെ ബസില്‍ വച്ച്‌ ഒരു പുരുഷന്‍ അതിക്രമം കാട്ടിയതിനെതിരെ രംഗത്തു വന്നു. അന്ന്‌ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഈ സ്‌ത്രീക്ക്‌ പിന്നീട്‌ എന്തു സംഭവിച്ചു. അപമാനിതയായ ഈ സ്‌ത്രീ തനിക്ക്‌ സംഭവിച്ചത്‌ മറ്റു സ്‌ത്രീകള്‍ക്കു സംഭവിക്കാതിരിക്കട്ടെ എന്ന ഉദ്ദേശ്യത്തോടെ പ്രതികരിക്കുകയും കുറ്റവാളികളെ നിയമത്തിന്‌ മുമ്പില്‍ എത്തിക്കുകയും ചെയ്‌തു. അതിന്റെ ഫലമായി അവരെ അപമാനിക്കാന്‍ സഹപ്രവര്‍ത്തകന്‍ തന്നെ രംഗത്ത്‌ എത്തി. സിപിഎം അനുകൂല സംഘടനയിലെ നേതാവായിരുന്നഒരാള്‍ ഇവര്‍ക്കെതിരെ അപവാദ പ്രചരണം നടത്തി. വ്യക്തിഹത്യയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പരാതി നല്‌കിയ അവരെ കൈക്കാര്യം ചെയ്യാന്‍ നേതാവിന്റെ സഹ"സഖാക്കള്‍" നടത്തിയ ഉജ്ജ്വലപോരാട്ടത്തില്‍ ഇരയ്‌ക്ക്‌ നീതി നഷ്ടമായി. അവസാനം വിഷയം ഒത്തുത്തീര്‍പ്പിലാക്കിയത്‌ പി.ഇ ഉഷ സ്ഥലം മാറ്റം വാങ്ങി പോയാണ്‌. അഹാഡ്‌സില്‍ എത്തിയവര്‍ക്ക്‌ പിന്നീടും പീഢനങ്ങളുടെ പൂക്കാലമായിരുന്നു. അവരുടെ കുടുംബജീവിതത്തില്‍ പോലും അലോസരമുണ്ടാക്കിയ ആ സംഭവം.

നല്ല ഉദ്ദേശ്യത്തോടെ ഇവര്‍ ചെയ്‌ത ആ കാര്യം അവസാനം അവര്‍ക്കെതിരെ ബുമറാങ്ങായി വന്ന്‌ പതിച്ചുവെന്നാണ്‌ വസ്‌തുത. അവര്‍ ജോലി ചെയ്‌തിരുന്ന സ്ഥാപനം അവര്‍ക്ക്‌ ഉപേക്ഷിക്കേണ്ടതായി വന്നു. ഏറ്റവും മോശം സ്‌ത്രീയായി അവരെ ചിത്രീകരിച്ചത്‌ അവരുടെ സഹപ്രവര്‍ത്തകര്‍ ആയിരുന്നു. സോഷ്യല്‍ മീഡിയകള്‍ ഇല്ലാതിരുന്ന കാലമായത്‌ അവരുടെ ഭാഗ്യം. അല്ലെങ്കില്‍ വിഷലിബ്ദമായ മനസുള്ള ഒരു കൂട്ടം മനുഷ്യര്‍ അവരെ എത്രമാത്രം തേജോവധം ചെയ്യുമായിരുന്നു.
അപമാനിതയായ ആ സ്‌ത്രീ ഇന്നും സ്‌ത്രീ നീതിയുടെ പുരുഷ ദര്‍ശനങ്ങളെ സമൂഹ മധ്യത്തില്‍ ചോദ്യം ചെയ്‌തു ജീവിക്കുന്നു.

പി.ജെ ജോസഫ്‌ മന്ത്രി മുന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കേ വിമാനത്തില്‍ യാത്ര ചെയ്‌ത ഒരു സ്‌ത്രീയോട്‌ അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉണ്ടായി. അവിടെയും ആദ്യഘട്ടത്തില്‍ സ്‌ത്രീലമ്പടനായി ചിത്രികരിച്ച മന്ത്രിയെ രക്ഷിക്കാന്‍ വാദമുഖങ്ങളുമായി എത്തിയത്‌ സ്‌ത്രീകള്‍ തന്നെയാണ്‌. അവസാനം അവരുടെ പൂര്‍വ്വകാല ചരിത്രങ്ങള്‍ തിരഞ്ഞും അവര്‍ മോശക്കാരിയാണെന്ന്‌ വരുത്തി തീര്‍ത്തും പുരുഷകേന്ദ്രീകൃതമായ സമൂഹം അനുഭവിക്കുന്ന ഒരു തരം സുഖം ഈ കേസിലും ഉണ്ടായി. പരാതിക്കാരി നിഷ്‌കരുണം കേസ്‌ പിന്‍വലിച്ച്‌ ഓടിപ്പോയി.

കേസുകളില്‍ ഇരയാക്കപ്പെടുന്നവരുടെ രാഷ്ട്രീയ പിന്‍ബലം മാത്രമല്ല ഇത്തരം വിഷയങ്ങളില്‍ സ്‌ത്രീകള്‍ ഒറ്റപ്പെടുവാന്‍ കാരണം.

അടുത്തക്കാലത്ത്‌ തന്നെ വഴിയില്‍ വച്ച്‌ അപമാനിച്ച സര്‍ക്കാര്‍ ജീവനക്കാരായ പുരുഷന്മാരെ കൈക്കാര്യം ചെയ്‌ത അമൃതയെ ആദ്യം അനുകൂലിച്ചവര്‍ നിമിഷങ്ങള്‍ക്കകം മറുകണ്ടംചാടി. തല്ലിയത്‌ നന്നായിയെന്നു പറഞ്ഞവര്‍

ആ പെണ്‍കുട്ടിയെ ഏറ്റവും മോശക്കാരിയായി ചിത്രീകരിച്ചത്‌ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ കാരണമാകാം. സ്‌ത്രീ വിരുദ്ധവുമായ ആക്ഷേപങ്ങള്‍ ചൊരിഞ്ഞ്‌ ബോള്‍ഡായ ആ സ്‌ത്രീകളെ അപഹാസ്യരാക്കുന്ന കാഴ്‌ച കണ്ട്‌ ചിരിച്ചു മറിഞ്ഞവരില്‍ പക്ഷം പിടിച്ചവരില്‍ സ്‌ത്രീകളും ഉണ്ടാകാം.

പൊതുസമൂഹത്തിലെ വലിയവരുടെ വിഷയങ്ങളില്‍ മാത്രമേ ഇത്തരം ഒറ്റപ്പെടലുകള്‍ ഉണ്ടാകുന്നുള്ളു എന്നാണ്‌ ധാരണയെങ്കില്‍ തെറ്റാണ്‌. സ്‌ത്രീകള്‍ പുരുഷന്‌ എതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ സമൂഹം ഏതായാലും സ്‌ത്രീകളെ സമൂഹം അതി ഭീകരമായി ഒറ്റപ്പെടുത്തും. പറ്റുമെങ്കില്‍ കല്ലെറിഞ്ഞു കൊല്ലും. കാരണം സമൂഹത്തിന്‌ ആവശ്യം സര്‍വംസഹയായ സ്‌ത്രീകളെയാണ്‌. പ്രതികരിക്കുന്നവരെയല്ല, അവസാന പ്രാണനും ഇറ്റു നല്‌കി ജീവന്‍ വെടിയുന്നവളാവണം അവള്‍.. അല്ലെങ്കില്‍..