Breaking News

Trending right now:
Description
 
Nov 05, 2013

വേണ്ടിയിരുന്നോ ശ്വേതേ ഈ വിവാദം?

മാത്യു മൂലേച്ചേരില്‍
image വിവാദങ്ങള്‍ മലയാളികള്‍ക്ക് വളരെ പ്രീയപ്പെട്ട ഒരു വിഷയമാണ്. അതും ജനപ്രീയനായ ഒരു നേതാവും, മലയാളികളുടെ പ്രീയപ്പെട്ട നടിയായ ശ്വേതാ മേനോനും ഉള്‍പ്പെടുന്ന വിവാദമാകുമ്പോള്‍ അതിന് എരിവും, പുളിയും, കുളിരും, രോമാഞ്ചവും വര്‍ദ്ധിക്കുകയും ചെയ്യും. എന്നാല്‍ മലയാളി മനസ്സിനെ നിരാശപ്പെടുത്തിക്കൊണ്ട് വളരെ പെട്ടന്ന് ഈ വിവാദങ്ങളില്‍ നിന്ന് വിവാദനായിക ഉള്‍വലിഞ്ഞത് വളരെ സങ്കടത്തോടെയാണ് പലരും വീക്ഷിക്കുന്നത്. 

എന്തായിരുന്നു വിവാദത്തിന് തിരികൊളുത്തിയ സംഭവം. സംഭവം തുടങ്ങുന്നത് ഒക്ടോബര്‍ 29 വെള്ളിയാഴ്‌ച കൊല്ലത്ത്‌ അഷ്‌ടമുടിക്കായലില്‍ നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരത്തിനിടയില്‍ . വാശിയേറിയ വള്ളംകളി മത്സരത്തില്‍ വിശിഷ്ടാതിഥിയായെത്തിയതായിരുന്നു ശ്വേതാ മേനോന്‍. കൂടെ ഭര്‍ത്താവ് ശ്രീവല്‍സനും വിവാദത്തിലൂടെ വെള്ളിത്തിരയിലേയ്ക്കുതന്നെ പിറന്നുവീണ മകള്‍ സബൈനയും ഒപ്പമുണ്ടായിരുന്നു. 

ശ്വേതയും കുടുംബവും കാറില്‍ വന്നിറങ്ങിയപ്പോള്‍ അവരെ സ്വീകരിച്ച് വേദിയിലേക്കാനയിക്കാന്‍ വള്ളംകളി മത്സര സംഘാടകരില്‍ ഒരാളും എഴുപതുകാരനുമായ വൃദ്ധനും, അവിവാഹിതനും, കൊല്ലം എം.പി യുമായ എന്‍. പീതാംബര കുറുപ്പും ചില സംഘടനാ പ്രതിനിധികളും കാറിനടുത്തേയ്ക്ക് എത്തി. കാറില്‍ നിന്ന് ഇറങ്ങിയ ശ്വേതയെ ഒന്ന് അടുത്ത് കാണുവാന്‍, അവസരം ലഭിക്കുകയാണെങ്കില്‍ ഒന്ന് തൊട്ടുനോക്കുവാന്‍ നൂറുകണക്കിന് ആരാധകരും; അവരുടെ രൂപവും, വായില്‍ നിന്ന് മൊഴിയുന്ന വാക്കുകളും പകര്‍ത്തിയെടുക്കാന്‍ നിരവധി മാധ്യമപ്രവര്‍ത്തകരും തിക്കിത്തിരക്കുന്നുണ്ടായിരുന്നു.

കാറില്‍ നിന്നിറങ്ങിയ ശ്വേതയെ ആരാധകരില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും രക്ഷിച്ച് വേദിയിലേക്ക് പീതാംബര കുറുപ്പും സംഘവും ആനയിച്ചു. അതിനിടയില്‍ ഇടയ്ക്ക് ശ്വേതയുടെ ചെവിയില്‍ പീതാംബരകുശലങ്ങള്‍ നടത്താനും അദ്ദേഹം മറന്നില്ല. തുടര്‍ന്ന് തിക്കിലുംതിരക്കിലും, കല്ലിലും, അവര്‍ അണിഞ്ഞിരുന്ന സാരിത്തുമ്പിലും തട്ടി ശ്വേത വീഴാതിരിക്കാന്‍ ഇടയ്ക്ക് കൈത്തണ്ടയില്‍ പിടിച്ച് നടത്തുകയും പുറത്തും തോളിലും ഒരു പിതാവിനെപ്പോലെ ഒരു കൈത്താങ്ങ് കൊടുക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെ വേദിയിലെത്തിയ ശ്വേതയും കുടുംബവും വള്ളംകളി മത്സരം ഭംഗിയായി ആസ്വദിക്കുകയും, തന്നെ പരിപാടിയിലേക്ക് ക്ഷണിച്ച പീതാംബര കുറുപ്പടക്കമുള്ള സംഘാടക സമിതിയോട് നന്ദി പ്രകാശിപ്പിച്ച് വളരെ വളരെ സന്തോഷത്തൊടെ കടന്നു പോകുകയും ചെയ്തു.

പോയവഴിയില്‍ കൊല്ലത്തെ ചില വ്യാപരവ്യവസായ പ്രമുഖരുടെ ക്ഷണം സ്വീകരിച്ച് കൊല്ലത്തെ ഒരു വന്‍കിട ജൂവലറിയില്‍ നിന്ന് അവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിയതായി (അവര്‍ക്ക് നല്‍കിയതായി) വാര്‍ത്തകളും കിംവദന്തികളും വെളിയില്‍ വരുന്നു. എന്തായാലും ചടങ്ങില്‍ പങ്കെടുത്ത് വളരെ സന്തോഷവതിയായി മടങ്ങിയ അവര്‍ക്ക് ആ ഷോപ്പിങ്ങും പിന്നീടുള്ള ഡിന്നറും കഴിഞ്ഞപ്പോള്‍ തന്റെ സ്ത്രീത്വത്തെ അപമാനിച്ചതായി ഒരു തോന്നല്‍ . വീണ്ടും സമയം കടന്നുപോയപ്പോള്‍ ആ തോന്നല്‍ വെറുപ്പായും അവരുടെയുള്ളില്‍ രൂപപ്പെട്ടു. ഉടനെ മാധ്യമപ്രവര്‍ത്തകരെ എല്ലാവരെയും വിളിച്ചുകൂട്ടി തന്നെ അപമാനിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത സംഭവം അവര്‍ അറിയിച്ചു. ഒരു വിവാദത്തിനുവേണ്ടി വേഴാമ്പലിനെപ്പോലെ കാത്തിരുന്ന ചാനലുകാര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു എരിപൊരിയന്‍ തീപ്പൊരി വാര്‍ത്ത കൈയ്യില്‍ തടഞ്ഞതിന്റെ സന്തോഷത്തില്‍ ആഘോഷങ്ങളായിരുന്നു പിന്നീട്. 

കുറുപ്പിന്റെ കരചലനങ്ങളും, തൊട്ട ഭാഗങ്ങളും അല്ലാത്തതുമെല്ലാം ചുവന്ന വൃത്തത്തില്‍ അടയാളപ്പെടുത്തിയ വീഡിയോകളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചായിരുന്നു ആഘോഷങ്ങള്‍
സംഗതി ഒരു വൃദ്ധന്‍ ഒരു സുന്ദരിയെ പീഡിപ്പിച്ചു. ജാമ്യമില്ലാത്ത കുറ്റകൃത്യം. ഇത് കേള്‍ക്കേണ്ട താമസം സ്ഥലത്തെ കുറുപ്പിന്റെ എതിരാളികള്‍ പ്രകടനങ്ങളാലും, പ്രസ്താവനകളാലും, കവല പ്രസംഗങ്ങളാലും കുറുപ്പിന്റെ രാജിയും, അറസ്റ്റും ആവശ്യപ്പെട്ടു.

ചിലര്‍ കുറുപ്പിന്റെ സഹായത്തിനും, ചിലര്‍ ശ്വേതയെ കരിവാരിത്തേയ്ക്കുന്നതിനും അവസരം മുതലെടുത്തു. പിന്നീട് എന്തുണ്ടായി. സംഗതിയുടെ പോക്ക് നല്ലവഴിക്കല്ലെന്ന് മനസ്സിലാക്കിയ കുറുപ്പ് ശ്വേതയോട് സ്വകാര്യമായും, പൊതുവിലും മാപ്പ് അപേക്ഷിച്ചു.

ശ്വേത തന്റെ ആരോപണത്തില്‍ കുറുപ്പു മാത്രമല്ല വേറെ ചിലരും തന്നെ തൊടുകയും ശരീരഭാഗങ്ങളില്‍ പിടിക്കുകയും ചെയ്തെന്ന തരത്തില്‍ ചില ചില്ലറമാറ്റങ്ങള്‍ വരുത്തുകയും കൊടുത്തിരുന്ന കേസില്‍ നിന്ന് കുറുപ്പിന്റെ മാപ്പ് സ്വീകരിച്ച് പിന്‍വലിയുകയും ചെയ്തു. ആരാണ് ശ്വേതയെന്നും, കുറുപ്പെന്നുമായിരുന്നു പലരുടെയും എഴുത്തുകളും ചര്‍ച്ചകളും.
കുറുപ്പിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഇപ്പോള്‍ ജനപ്രീയ നേതാവും, എഴുപതു വയസ്സുള്ള വൃദ്ധനും, അവിവാഹിതനുമായ അദ്ദേഹം തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളത്താണ് ജനിച്ചത്. വാഗ്മിയും, സാഹിത്യകാരനും, ബി.എ ബിഎല്‍ ഡിഗ്രിയുമുള്ള അദ്ദേഹം കുറച്ചു കാലം നാവായിക്കുളത്തിനും കിളിമാനൂരിനും അടുത്തുള്ള കടമ്പാട്ടുകോണം ഹൈസ്കൂളില്‍ അദ്ധ്യാപകാനായി ജോലി ചെയ്തിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വില്‍ പ്രവര്‍ത്തിക്കുകയും, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) വൈസ് പ്രസിഡന്റായും, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍.സി.പി) ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. കെ.കരുണാകരന്റെ സ്തുതിപാടകനും, വിശ്വസ്തനുമായിരുന്ന കുറുപ്പ് വാമനാപുരത്തുനിന്ന് 1987-ലെ ഇലക്ഷനില്‍ നീയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. തുടര്‍ന്ന് 2009 -ലെ ലോകസഭാ ഇലക്ഷനില്‍ കൊല്ലത്തുനിന്ന് മത്സരിക്കുകയും വര്‍ഷങ്ങളായി അതുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുത്തകയായി കരുതിയിരുന്ന കൊല്ലത്ത് വിജയിക്കുകയും ചെയ്തു. അന്നുതൊട്ട് കൊല്ലം കുറുപ്പിനു സ്വന്തം.

ശ്വേതാ മേനോനെപ്പറ്റി അധികം പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം. ഹരിയാനയുടെയും പഞ്ചാബിന്റെയും തലസ്ഥാന നഗരിയായ ചാണ്ഡിഗറില്‍ 1974 ഏപ്രില്‍ 23-ന് നാരായണന്‍ കുട്ടിയുടെയും ശാരദയുടെയും മകളായി ഇപ്പോള്‍ 39 വയസ്സുള്ള ശ്വേത ജനിച്ചു. അഞ്ചരയടി ഉയരവും സുന്ദരിയുമായിരുന്ന ശ്വേത മിസ് ഇന്‍ഡ്യ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മോഡലായും ഇന്ത്യന്‍ സിനിമകളില്‍ നായികയായും പ്രശസ്തിയാര്‍ജ്ജിച്ച അവര്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യവും ശരീരഭാഗങ്ങളും ക്യാമറയ്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒരു മടിയുമില്ലാത്ത അവര്‍ കയം, രതിനിര്‍വേദം, കളിമണ്ണ്, മുതലായ പല സിനിമകളിലെ അഭിനയത്തിനും, കേരള ഹൗസ് പോലുള്ള ടെലിവിഷന്‍ ഷോ പരിപാടികളില്‍ പങ്കെടുത്തതിനും, കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതിനും നിരവധി വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അതിന്റെയെല്ലാം കൂട്ടത്തില്‍ ഒരു പുതു വിവാദമായി ഇപ്പോള്‍ ഇതും.

ശ്വേതയെ പരിപാടിക്കായി ക്ഷണിച്ചത് സ്ഥലത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ യുവജനസംഘടനയായിരുന്നു എന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങളായി അധികം കളങ്കങ്ങള്‍ ഏല്‍ക്കാതെ പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വ്യക്തി ഒരു അന്യസ്ത്രീയെ സ്വീകരിക്കാന്‍ ചെല്ലുമ്പോള്‍ അത് ആരായിരുന്നാലും അതിന്റേതായ മാന്യതയും, പക്വതയും പ്രകടിപ്പിക്കേണ്ടത് ആവശ്യം തന്നെയാണ്. പ്രത്യേകിച്ച് താനായിരിക്കുന്ന സ്ഥാനത്തുനിന്നും തന്നെ പടിയിറക്കാന്‍ ശത്രുക്കള്‍ ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിവേണം ഏതു കാര്യവും ചെയ്യുവാനും എന്തും പറയുവാനും. ലക്ഷക്കണക്കിന് ജനങ്ങളും പ്രമുഖരും നോക്കി നില്‍ക്കെ അദ്ദേഹം വികാരത്തോടെയായിരിക്കും അവരെ സ്പര്‍ശിച്ചതെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. ആ വീഡിയോ കാണുന്നവര്‍ ആരും അദ്ദേഹം കാമാസക്തിയോടെയാണ് ശ്വേതയുടെ തോളിലും, പുറത്തും കൈത്തണ്ടയിലും സ്പര്‍ശിച്ചതെന്ന് പറയില്ല.

ഒരു ഫോണ്‍ വിളിയില്‍ ഒതുക്കിത്തീര്‍ക്കേണ്ട ഈ വിഷയം വലിച്ചിഴച്ച് മാധ്യമങ്ങളുടെ മുമ്പില്‍ ഇട്ടുകൊടുക്കേണ്ട ആവശ്യം എന്തായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ പേര് പൊതുജനമദ്ധ്യത്തില്‍ കളങ്കപ്പെടുത്തണമെന്ന് ആര്‍ക്കൊക്കെയോ താല്‍പ്പര്യം ഉണ്ടായിരുന്നതായി വേണം അറിയുവാന്‍. 

ഇപ്പോള്‍ ശ്വേത കേസില്‍ നിന്ന് പിന്മാറിയതിന്റെ പിന്നില്‍ എന്താണ് രഹസ്യമെന്നാണ് പലരും ചിന്തിക്കുന്നത്. അവര്‍ക്ക് വലിയ അവാര്‍ഡുകളും പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും, പണവും പണ്ടങ്ങളും നല്‍കിയിട്ടുണ്ടെന്നും വിവാദമാകുമ്പോള്‍ നിലനില്‍ക്കുന്നു. അതോ ഉദ്ദേശിച്ച വിധത്തിലുള്ള ഒരു വന്‍ അപമാനിക്കപ്പെടലിന്റെ കഥ നിലനില്‍ക്കില്ല എന്ന് കരുതിയിട്ടോ? അത് ശ്വേതയ്ക്കും ഈ കേസില്‍ വളരെയടുത്ത് ഇടപഴകുന്നവര്‍ക്കും മാത്രമറിയാവുന്ന വസ്തുതയാണ്. 

എങ്കിലും ഒരു കാര്യം വ്യക്തമാണ്; പണവും സ്ഥാനമാനങ്ങളും, വാര്‍ത്തപ്രാധാന്യവും മനസ്സിലാഗ്രഹിച്ച് ശ്വേതയുടെ മാനത്തിലുപരി രാഷ്ട്രീയ, വ്യവസായിക പകപോക്കലിനോ, വ്യക്തിവൈരാഗ്യങ്ങള്‍ക്കോ വശംവദയായിട്ടായിരുന്നു അവര്‍ ഈ വിവാദം സൃഷ്ടിച്ചത് തന്നെ. എന്തായാലും പല്ലിട കുത്തിമണപ്പിച്ചു സ്വയം നാറ്റിച്ച ഒരു അനുഭവമാണ് അവര്‍ക്കിപ്പോള്‍ ഉണ്ടായിരിക്കുന്നത്.


ഒരു അന്യസ്ത്രീയെ, അതാരായിരുന്നാലും അവരുടെ അനുവാദം കൂടാതെ കമന്റടിക്കുന്നതും, നോക്കുന്നതും, തൊടുന്നതും ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. ഭാരതത്തില്‍ പീഡനങ്ങള്‍ കൂടിയപ്പോള്‍ കൊണ്ടുവന്ന പുതുനീയമങ്ങള്‍ പീഡനങ്ങള്‍ക്ക് ഒരു അറുതി വരുത്തുമെന്ന് കരുതാന്‍ വിഷമമെങ്കിലും നല്ലതു തന്നെ. പണ്ടൊക്കെ വഴിയരികിലുള്ള കലുങ്കുകളിലും പീടികത്തിണ്ണകളിലും മറ്റു പൊതുസ്ഥലങ്ങളിലും വച്ച് സ്ത്രീകളെ കമന്റടിക്കുന്നതും, തിരക്കേറിയ ബസ്സില്‍ക്കയറി മുന്നിലേക്ക് തള്ളി നിന്ന് എര്‍ത്തുവച്ചു സുഖിച്ചിരുന്ന ആണുങ്ങളെയുമൊക്കെ ധാരാളം കാണാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണഫലമായി അതെല്ലാം കുറയുകയും, അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കയ്യോടെ നടപടികള്‍ എടുക്കുന്നതും കാണാം.


പലപ്പോഴും ഒരു താക്കീതില്‍ തീരേണ്ട പല ചെറിയ പ്രശ്നങ്ങളും വലിച്ചുനീട്ടി ഇപ്രകാരം തേജോവധം ചെയ്യുന്നതുമൂലം ആത്മാഭിമാനം നഷ്ടപ്പെട്ട് അനേക ആത്മഹത്യകളും, ശിഥിലമാക്കപ്പെടുന്ന കുടുംബബന്ധങ്ങളും, സാമൂഹികബന്ധങ്ങളും പെരുകുന്നു. അപ്രകാരം ചെയ്യുന്നത് ഭാരതനീതിപീഠത്തോടും, സംസ്കാരത്തോടും, മനുഷ്യജീവനോടും തന്നെ ചെയ്യുന്ന അപരാധമാണ്.

മനുഷ്യന് ദൈവം കഴിവുകള്‍ തരുന്നത് അത് ശരിയാംവിധം ഉപയോഗിക്കാനായിട്ടാണ്. അത് ഉപയോഗിച്ച് പണമുണ്ടാക്കുന്നതും ഒരിക്കലും ഒരു അപരാധമാവില്ല. എന്നാല്‍ കഴിവുകളില്‍ മായം കലര്‍ത്തി എന്തും കലയെന്നും അഭിനയമെന്നും പേരിട്ട് ശരീരത്തിന്റെ അംഗലാവണ്യങ്ങളും രഹസ്യഭാഗങ്ങളും പ്രദര്‍ശിപ്പിച്ച് സാധാരണ ജനങ്ങളില്‍ കാമത്തിന്റെ വിഷം കുത്തിനിറച്ച് പാവങ്ങളെപ്പോലും പ്രലോഭിപ്പിച്ച്, അവരുടെ സമനില തെറ്റിച്ച് അവരെ പീഡകരാക്കുന്ന കലാകാരികളും കലാകാരന്മാരും ഇന്ന് നാട്ടില്‍ നടക്കുന്ന നല്ലൊരു ശതമാനം പീഡനങ്ങളുടെയും ഉത്തരവാദികള്‍ തന്നെയാണ്. അതുപോലുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ നാട്ടില്‍ നീയമങ്ങളില്ല. അതിന് ഇന്നത്തെ താരസംഘടനകളും, രാഷ്ട്രീയ നേതൃത്വവും സമ്മതിക്കുകയുമില്ല!