Breaking News

Trending right now:
Description
 
Nov 05, 2013

ജീവനുള്ള ശില്‍പമായി താജ്‌മഹല്‍ കണ്‍മുന്നില്‍

ആഗ്ര, ഷിംല, ലഡാക്ക്‌ വഴി ശ്രീനഗറിലേയ്‌ക്ക്‌ - 2 ഡിപിന്‍ അഗസ്റ്റിന്‍
image മനോഹരമായ കൊത്തുപണികള്‍ചെയ്‌ത ആഗ്ര കോട്ട മുഴുവന്‍ കണ്ടുതീര്‍ക്കണമെങ്കില്‍ ഒരു പകല്‍ വേണ്ടിവരും. താഴെ കാറ്റിലുലയുന്ന കുറുനിരകള്‍ കണക്കെ ഓളം തല്ലുന്ന യമുനാനദി. യമുനയുടെ തീരത്തുള്ള ബാല്‍ക്കണിയില്‍നിന്ന്‌ നോക്കിയാല്‍ അകലെയായി വെണ്ണക്കല്ലില്‍ തിളങ്ങുന്ന താജ്‌മഹല്‍ കാണാം. അവിടെയെത്തിയപ്പോള്‍ അപൂര്‍ണമായ ആ മഹാപ്രണയത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു എന്റെ മനസു നിറയെ. ആ രാത്രികളില്‍ പ്രിയതമയുടെ ഓര്‍മകളുമായി തന്റെ പ്രണയത്തിന്റെ ഋതുഭേദങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന താജ്‌മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി എത്ര തവണ ദര്‍ശിച്ചുണ്ടാകാം... ചന്ദ്രന്‍ ഉദിച്ചുയരുമ്പോള്‍ വെട്ടിത്തിളങ്ങുന്ന താജ്‌മഹലിന്റെ താഴികക്കുടങ്ങള്‍ അങ്ങകലെ തടവറയില്‍നിന്ന്‌ എത്ര തവണ കണ്ട്‌ നെടുവീര്‍പ്പുകള്‍ ഉതിര്‍ത്തിട്ടുണ്ടാകാം... 

ആഗ്ര കോട്ടയിലെ കാഴ്‌ചകള്‍ മതിയാക്കി ഉച്ചയോടെ മഹത്തായ പ്രണയത്തിന്റെ സാക്ഷാത്‌കാരമായ താജ്‌മഹലിലേയ്‌ക്ക്‌ പുറപ്പെട്ടു. കാലങ്ങളായി ഓര്‍മയുടെ അടരുകളില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങളുമായാണ്‌ അവിടെ എത്തിച്ചേര്‍ന്നത്‌. എന്നാല്‍, തുടക്കത്തില്‍ കാര്യങ്ങള്‍ അത്ര സുഖപ്രദമായിരുന്നില്ല. മദ്ധ്യാഹ്ന സൂര്യന്റെ ഉഗ്രമായ ചൂടേറ്റ്‌ പൊള്ളി നില്‍ക്കുകയാണ്‌ ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍. ഞായറാഴ്‌ച ആയിരുന്നതിനാല്‍ സഞ്ചാരികളുടെ ബാഹുല്യംമൂലം ടിക്കറ്റ്‌ എടുക്കാന്‍തന്നെ നന്നേ പണിപ്പെട്ടു. താജ്‌മഹല്‍ പേര്‍ഷ്യന്‍ സംസ്‌കാരത്തിന്റെയും മുഗള്‍ സംസ്‌കാരത്തിന്റെയും വാസ്‌തുവിദ്യകളുടെ ഒരു സങ്കലനമാണ്‌. ഇതിന്റെ നിര്‍മാണം തുടങ്ങിയത്‌ 1632-ല്‍ ആണ്‌. 1653-ല്‍ പണിതീര്‍ന്നു എന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. പതിനായിരക്കണക്കിന്‌ തൊഴിലാളികള്‍ ചേര്‍ന്നാണ്‌ ഇതിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്‌.

താജ്‌മഹലിന്റെ പുറമെയുള്ള അലങ്കാരങ്ങള്‍ മുഗള്‍വംശത്തിലെ ഏറ്റവും മികച്ച വാസ്‌തുവിദ്യകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങള്‍ എല്ലാം കൃത്യമായിട്ടാണ്‌ ചെയ്‌തിരിക്കുന്നത്‌ എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഇസ്ലാം മതത്തിന്റെ പ്രാധാന്യവും വിലക്കുകളും കണക്കിലെടുത്ത്‌ അലങ്കാരങ്ങള്‍ പ്രധാനമായും കൈയക്ഷരങ്ങള്‍ ഉപയോഗിച്ചും സസ്യലതാദികളുടെ രൂപാകൃതിയുമാണ്‌ ചെയ്‌തിരിക്കുന്നത്‌. താജ്‌മഹലിന്‌ മുന്നിലുള്ള പൂന്തോട്ടത്തോടു ചേര്‍ന്ന്‌ ഇരുവശങ്ങളിലുമായി വന്‍മരങ്ങള്‍ തിങ്ങിവളര്‍ന്നുനില്‍ക്കുന്ന വലിയൊരു ഉദ്യാനമുണ്ട്‌. അവയ്‌ക്കിടയിലെ ബഞ്ചുകളിലൊന്നില്‍ താജ്‌മഹലിന്‌ അഭിമുഖമായി തികഞ്ഞ ശാന്തതയോടുകൂടി അത്ഭുതകരമായി ഭാവഭേദങ്ങളോടെ മഹത്തരമായ ആ പ്രണയസൃഷ്ടി ആസ്വദിച്ചുകൊണ്ട്‌ ഇരിക്കവെ, അതൊരു ജീവനുള്ള ശില്‍പമാണെന്നുപോലും എനിക്കു തോന്നിപ്പോയി. താജ്‌മഹല്‍ ചുറ്റുമുള്ളതെല്ലാം കാണുന്നു, കേള്‍ക്കുന്നു, പ്രണയിക്കുന്നു. അസംഖ്യം പ്രേമഭാജനങ്ങളുടെ പ്രണയംമുഴുവന്‍ ദു:ഖസ്‌മൃതികളോടെ ഏറ്റുവാങ്ങുന്നു, നിറഞ്ഞ ചൈതന്യത്തോടെ ഉയിര്‍ക്കൊണ്ട ആ അത്ഭുതം കൈയെത്തും ദൂരത്തില്‍ തൊട്ടുമുന്നില്‍... വിസ്‌മയം അടക്കാനാവാതെ ഏറെ നേരം ഞങ്ങള്‍ അവിടെത്തന്നെ ഇരുന്നുപോയി.കുറെ നേരം കഴിഞ്ഞ്‌ താജ്‌മഹലിനു പുറത്ത്‌ ആഗ്രയിലെ കാഴ്‌ചകളിലേയ്‌ക്ക്‌ ഊളിയിട്ടു. അവിടുത്തെ പ്രാദേശികവിപണികളിലൊക്കെ കയറിയിറങ്ങി. താജ്‌മഹലിന്റെ ചെറുരൂപങ്ങളും ടൂറിസ്റ്റ്‌ ഗൈഡുകളും കുമ്പളങ്ങകൊണ്ടുണ്ടാക്കിയ ആഗ്ര പേഡയുമൊക്കെ വില്‍ക്കുന്നവരുടെ തിരക്കാണ്‌ എവിടെയും... 


വൈകുന്നേരം അഞ്ചരയ്‌ക്കാണ്‌ ഡല്‍ഹിക്കുള്ള ട്രെയിന്‍. പിറ്റേന്ന്‌ രാവിലെ അവിടെനിന്ന്‌ കല്‍ക്കയിലേയ്‌ക്കുള്ള ശതാബ്ധി എക്‌സ്‌പ്രസിന്‌ പോവേണ്ടതാണ്‌. ഡല്‍ഹിയിലേയ്‌ക്കുള്ള ട്രെയിന്‍ എത്താന്‍ ഇനിയും സമയമുണ്ട്‌. പ്ലാറ്റ്‌ഫോമില്‍ പത്രം വിരിച്ചു കിടന്നു. ഒന്ന്‌ മയങ്ങിയപ്പോഴേയ്‌ക്കും ട്രെയിന്‍ എത്തിക്കഴിഞ്ഞു. (തുടരും)