Breaking News

Trending right now:
Description
 
Nov 05, 2013

അമ്മാവന്‍വണ്ടിയുടെ നിര്‍മാതാക്കളായ ജസോപ്പ്‌ കമ്പനി അടച്ചുപൂട്ടാനൊരുങ്ങുന്നു

image ഇരുപത്തിയഞ്ചുവര്‍ഷം പഴക്കമുള്ള എന്‍ജിനീയറിംഗ്‌ സംരംഭമായ കോല്‍ക്കത്തയിലെ ജെസോപ്പ്‌ ആന്‍ഡ്‌ കമ്പനി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നു. നമ്മുടെ നാട്ടില്‍ അമ്മാവന്‍ വണ്ടി എന്ന ചെല്ലപ്പേരുള്ള റോഡ്‌ റോളര്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാതാക്കളാണ്‌ ജസോപ്പ്‌. തൊഴില്‍ പ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ഡംഡമിലെ ഫാക്‌ടറി അടച്ചുപൂട്ടാന്‍ മമത സര്‍ക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ്‌ മാനേജ്‌മെന്റ്‌. പവന്‍കുമാര്‍ റൂയയുടെ നിയന്ത്രണത്തിലുള്ളതാണ്‌ ജെസോപ്പ്‌. അടച്ചു പൂട്ടുന്നതായി കാണിച്ച്‌ ഫാക്‌ടറി കവാടത്തില്‍ നോട്ടീസ്‌ വരെ പതിപ്പിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ തൊഴില്‍ശക്‌തി പകുതി കുറയ്‌ക്കണമെന്ന മാനേജ്‌മെന്റിന്റെ ആവശ്യം തൊഴില്‍വകുപ്പ്‌ തള്ളിയതോടെയാണിത്‌. ഫാക്‌ടറിക്കുള്ളില്‍ ക്രമസമാധാനനില മോശമാണെന്നും മാനേജ്‌മെന്റ്‌ പറയുന്നു. ഉത്‌പാദനം കുറയുകയും വേതനത്തുക വര്‍ധിക്കുകയും ചെയ്‌തുവത്രെ. 600 തൊഴിലാളികളുടെ വേതനം പ്രതിമാസം രണ്ടുകോടി രൂപയാണ്‌. ഫാക്‌ടറിക്കുള്ളില്‍ നിരന്തരമായി മോഷണം നടക്കുന്നുവെന്നും പറയുന്നു. മാനേജ്‌മെന്റ്‌ നടപടിയില്‍ തൊഴില്‍മന്ത്രി പൂര്‍ണേന്ദു ബോസ്‌ ആശ്ചര്യം പ്രകടിപ്പിച്ചു. 2009ല്‍ മമത ബാനര്‍ജി റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ വന്‍ഓര്‍ഡറുകള്‍ ലഭിച്ച കമ്പനിയാണ്‌ ജെസോപ്പ്‌ എന്ന്‌ മന്ത്രി വ്യക്‌തമാക്കി.