Breaking News

Trending right now:
Description
 
Nov 04, 2013

ബില്‍ ഡെബ്ളാസിയോയ്ക്ക് പിന്തുണയുമായി ന്യൂയോര്‍ക്ക് സിറ്റി ഇമിഗ്രന്റ്സ്

Mathew Moolacheril
image


ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ബില്‍ ഡെബ്ളാസിയോയ്ക്ക് പിന്തുണയുമായി ഇമിഗ്രന്റ്സ് സമൂഹം റാലി നടത്തി. ഒക്ടോബര്‍ 23-ന് രാവിലെ 11 മണിക്ക് റാലിക്കൊടുവില്‍ സിറ്റിഹാളിന്റെ മുമ്പില്‍ കൂടിയ യോഗത്തില്‍ ബില്‍ ഡെബ്ളാസിയോയും, കുടിയേറ്റ സമൂഹങ്ങളില്‍ നിന്ന് നിരവധി പ്രമുഖരും, മറ്റനേകം ആളുകളും പങ്കെടുത്തു. ചടങ്ങില്‍ മലയാളി സമൂഹത്തെ പ്രതിനിധീകരിച്ചെത്തിയ ഫൊക്കാന ട്രസ്റ്റിബോര്‍ഡ് മെംബര്‍ ലീലാ മാരേട്ടിന്റെ സാന്നിധ്യം ശ്രദ്ധേയേയമായി.

ന്യൂയോര്‍ക്ക് സിറ്റി കുടിയേറ്റക്കാരോടൊപ്പം എന്നും നിലകൊണ്ടിട്ടുള്ള ബില്‍ ഡെബ്ളാസിയോയെപ്പോലെയുള്ള ഒരു വ്യക്തിയെ പിന്തുണച്ച് വിജയിപ്പിക്കുന്നതില്‍കൂടി കുടിയേറ്റക്കാര്‍ ഇന്നനുഭവിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് ലീലാ മാരേട്ട് പറഞ്ഞു.

നവംബര്‍ 5-നാണ് ഇലക്ഷന്‍ നടക്കുക. മത്സരത്തിന്റെ ആരംഭം മുതല്‍ നടത്തിയിട്ടുള്ള എല്ലാ പോളിങ്ങിലും തന്റെ പ്രധാന എതിരാളിയായ ജോ ലോട്ടയെക്കാള്‍  45 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം മുന്നിട്ടു നില്‍ക്കുന്നു. ഈ ഇലക്ഷനില്‍ ബില്‍ വിജയിക്കുന്നതില്‍ കൂടി കഴിഞ്ഞ 20 വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ കയ്യടക്കിവച്ചിരുന്ന മേയര്‍ സ്ഥാനമാണ് അവര്‍ക്ക് നഷ്ടപ്പെടുക. നീയമവിരുദ്ധമായി സിറ്റിയില്‍ താമസിക്കുന്നവര്‍ക്ക് ഐ.ഡി കാര്‍ഡും, ഡ്രൈവേഴ്സ് ലൈസന്‍സും കൊടുക്കുക, തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുക, ഇമിഗ്രന്റ് തൊഴിലാളികള്‍ക്ക് അര്‍ഹമായ സ്ഥാനക്കയറ്റം കൊടുക്കുക, ചിലവുകുറഞ്ഞ ഭവനങ്ങള്‍ നിര്‍മ്മിക്കുക, മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ ചിലത്.

വിവിധ നിറങ്ങളും സംസ്കാരങ്ങളും കൂടിച്ചേരുന്നതാണ് ന്യൂയോര്‍ക്കിന്റെ അഴകെന്നും, കഠിനമായി പ്രയത്നിക്കുന്ന കുടിയേറ്റക്കാര്‍ തന്നെയാണ് ന്യൂയോര്‍ക്കിന്റെ സമ്പത്തെന്നും ബില്‍ ഡെബ്ളാസിയോ പറഞ്ഞു. കുടിയേറ്റ സമൂഹത്തില്‍ നിന്ന് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു. അഞ്ഞൂറിലധികം ആളുകള്‍ റാലിയിലും, തുടര്‍ന്നു നടന്ന ചടങ്ങിലും പങ്കെടുത്തു.