Breaking News

Trending right now:
Description
 
Nov 04, 2013

കയറിന്റെ പ്രോത്സാഹനത്തിനു ഫ്‌ളെക്‌സ്‌ അമിതമായി ഉപയോഗിക്കരുത്‌: കോള്‍ഫ്‌

അന്താരാഷ്ട്ര കയര്‍മേള പരസ്യത്തിനു കയറില്ല! ഉള്ളതു നിറയെ ഫ്‌ളെക്‌സ്‌!! കഴിഞ്ഞ പ്രാവശ്യം ഫ്‌ളെക്‌സിനു ചെലവിട്ടത്‌ 33 ലക്ഷം രൂപ!!!
image
ആലപ്പുഴ: പരിസ്ഥിതി സൗഹൃദ സ്വാഭാവിക നാരുകളെ പ്രോത്സാഹിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്ന കയര്‍ കേരള ആന്താരാഷ്ട്ര മേളയുടെ പരസ്യമാധ്യമമായി ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ അമിതമായി ഉപയോഗിക്കുന്നതില്‍ സിറ്റിസണ്‍സ്‌ ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്‌) പ്രസിഡന്റ്‌ തോമസ്‌ മത്തായി 
കരിക്കംപള്ളില്‍, കണ്‍വീനര്‍ അഡ്വ. വി. മഹേന്ദ്രനാഥ്‌ എന്നിവര്‍ ആശങ്ക പ്രകടിപ്പിച്ചു.


മണ്ണില്‍ അലിഞ്ഞു ചേരുന്ന പ്രകൃതിദത്ത വസ്‌തുക്കള്‍ ഉപയോഗിക്കേണ്ടതിനു പകരം ദ്രവിക്കാതെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകളാണ്‌ വ്യാപകമായി സ്ഥാപിച്ചു കണ്ടിട്ടുള്ളത്‌. അതിലാകട്ടെ കയറിന്റെ മാഹാത്മ്യമോ പുതിയ കണ്ടെത്തലുകളോ രൂപരേഖകളോ തരഭേദങ്ങളോ ഇല്ലതാനും. പകരം ഏതാനും ജനപ്രതിനിധികളുടെ ചിരിക്കുന്ന വന്‍ ചിത്രങ്ങള്‍ മാത്രമാണുണ്ടാകുക. ആലപ്പുഴയില്‍ സംഘടിപ്പിച്ച കയര്‍ കേരള 2013 പ്രദര്‍ശനത്തിന്‌ ആകെ ചെലവഴിച്ച തുകയായ 4,54,85,255 രൂപയില്‍ 32,94,894 രൂപയും ഫ്‌ളെക്‌സ്‌, ഹോര്‍ഡിംഗ്‌, ബാനര്‍ എന്നിവയ്‌ക്കായാണ്‌ മുടക്കിയത്‌. മുന്‍ പ്രദര്‍ശനങ്ങള്‍ക്കും ഇതിനായി വന്‍ തുക നല്‌കിയിട്ടുണ്ട്‌. ഇങ്ങനെ ലക്ഷക്കണക്കിനു രൂപ വിവേകശൂന്യമായും ചപലമായും കളഞ്ഞുകുളിച്ച ശേഷം പൊതുജനങ്ങളെ വെറുപ്പിച്ച്‌ വ്യാപകമായി ഹെല്‍മറ്റ്‌ വേട്ട സംഘടിപ്പിച്ചും നികുതി നിരക്കുകള്‍ കുത്തനേ ഉയര്‍ത്തിയും ഖജനാവിലേക്കു തുക കണ്ടെത്താനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.അന്താരാഷ്ട്രതലത്തില്‍ നടത്തുന്ന ഇത്തരമൊരു മേളയെ നിന്ദ്യമാക്കുന്ന രീതിയിലാണ്‌ പൊതുജനങ്ങള്‍ കാണുന്ന പരസ്യമാധ്യമങ്ങള്‍. കയറോ അതുപോലുള്ള പ്രകൃതിദത്ത നാരുകളോ തുണിയോ അടിസ്ഥാനമാക്കിയ പുതുമയാര്‍ന്ന പരസ്യമാധ്യമങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിനു പകരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച്‌ ഏതാനും ആള്‍ക്കാരുടെ ഒറ്റയ്‌ക്കും പെട്ടയ്‌ക്കും മുച്ചയ്‌ക്കുമുള്ള ഫോട്ടോകളാണ്‌ വന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌. ദേശീയപാതയിലേയും മറ്റു റോഡുകളിലേയും പാലങ്ങളിലേയും വശങ്ങളിലുള്ള പോസ്‌റ്റുകളില്‍ ഗതാഗത, കാഴ്‌ച തടസ്സം ഉണ്ടാകും വിധം ഇത്തരം നൂറുകണക്കിനു ബോര്‍ഡുകളാണ്‌ സ്ഥാപിക്കുന്നത്‌. തെറ്റായ പ്രവണതയ്‌ക്ക്‌ സര്‍ക്കാര്‍ പിന്തുണ നല്‌കുന്നതായാണ്‌ ഇതു തെളിയിക്കുന്നത്‌. ഇടക്കാലത്ത്‌ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ നിരോധനം പോലുമുണ്ടായിരുന്നു.പരസ്യമാധ്യമ രംഗത്ത്‌ നേരിയ കയര്‍പായകളും ചണവും മറ്റും അടിസ്ഥാനമാക്കി വിവിധ സാമഗ്രികള്‍ തയാറാക്കാനാകുമെന്നു കയര്‍മേഖലയുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. അതിന്മേല്‍ മുദ്രണവും സാധ്യമാകും. അതിനൊന്നും പരിശ്രമിക്കാതെ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഫ്‌ളെക്‌സിനായി വന്‍തോതില്‍ പണം ചെലവഴിച്ചത്‌ കയര്‍മേഖലയോടുള്ള അവഗണന തന്നെയായെ കണക്കാക്കാനാകൂ. കയറിനോടുള്ള വിശ്വാസക്കുറവായും അതിനെ വ്യാഖ്യാനിക്കാം. ഉപയോഗശേഷം ഉപേക്ഷിക്കുമ്പോള്‍ ദ്രവിക്കുന്ന അഥവാ പുനഃരുപയോഗിക്കാവുന്ന തുണിപോലുള്ള പ്രകൃതിസൗഹൃദ വസ്‌തുക്കള്‍ പരസ്യബോര്‍ഡുകള്‍ക്കും ബാനറുകള്‍ക്കും ഉപയോഗിക്കാമെന്നിരിക്കേയാണ്‌ പരിസ്ഥിതിക്കു നാശമുണ്ടാക്കുന്ന വസ്‌തുക്കള്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്‌. സര്‍ക്കാരിന്റെ പ്രകൃതിസംരംക്ഷണ, പ്ലാസ്റ്റിക്‌ വിരുദ്ധ, കയര്‍ പ്രോത്സാഹന നയങ്ങള്‍ക്കൊക്കെ ഇതു എതിരാണുതാനും. ഇത്‌ സംസ്ഥാന സര്‍ക്കാരില്‍ നിന്നു തെറ്റായ സന്ദേശമാണ്‌ നല്‌കുന്നതെന്നും കോള്‍ഫ്‌
ചൂണ്ടിക്കാട്ടി. ഒരു അന്താരാഷ്ട്ര മേളയേയും പൊതുജനങ്ങളുടെ നികുതിപ്പണത്തേയും വെറും സ്വാര്‍ഥതാത്‌പര്യങ്ങള്‍ക്കായി ജനപ്രതിനിധികള്‍ ഉപയോഗിക്കുന്നതിലുള്ള അമിതാസക്തിയേയും ധൂര്‍ത്തിനേയും സാധാരണജനങ്ങള്‍ വെറുക്കുന്നുവെന്നുള്ളത്‌ മനസ്സിലാക്കാത്തതു പോലെയാണ്‌ ഭരണകര്‍ത്താക്കളുടെ ആവര്‍ത്തിച്ചുള്ള നടപടികള്‍.