Breaking News

Trending right now:
Description
 
Nov 04, 2013

നവീകരിച്ച ടാറ്റാ നാനോ ഇനി യു എസ്സിലേക്കും; വില 10,000 ഡോളറില്‍ താഴെ

സെബാസ്റ്റ്യൻ ആന്റണി ഇടയത്ത്‌
image


ഏതാനും വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആകാംക്ഷകള്‍ക്കും ആശ്ചര്യചിന്തകള്‍ക്കും വിരാമമിട്ടു കൊണ്ട് യു എസ് മറ്റൊരു ചെറു കാറിനെ കൂടി സ്വീകരിക്കാനൊരുങ്ങുന്നു. ഓട്ടോമോട്ടീവ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മാതാവായ ടാറ്റാ തങ്ങളുടെ ചെറു കാര്‍ രംഗത്തെ അത്ഭുതമായ നാനോ കാര്‍ അമേരിക്കന്‍ വിപണിയില്‍ ഇറക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. വാര്‍ത്തകള്‍ പ്രകാരം, ഇന്ത്യന്‍ വിപണിയില്‍ 3000 ഡോളര്‍ വിലയുള്ള നാനോയുടെ പരിഷ്‌കരിച്ച രൂപമാണ് അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയില്‍ അവതരിപ്പിക്കുന്നത്.

 

2009-ല്‍ ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന വിശേഷണവുമായി 2500 ഡോളറിന് പുറത്തിറക്കിയ കാര്‍ ശൈശവ ഘട്ടത്തില്‍ ചില ബാലാരിഷ്ടതകള്‍ പ്രകടിപ്പിച്ചിരുന്നു. നാലു സീറ്റും മുട്ടയുടെ ആകൃതിയുമായി ഇറങ്ങിയ നാനോ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി കാര്‍ കത്തിയമര്‍ന്നതുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആശങ്കകളായിരുന്നു. കൂടാതെ പ്രതീക്ഷിച്ച പോലുള്ള വില്‍പന ലഭിക്കാതെ വന്നതും ഒപ്പം ഹീറ്റിങ്ങും കപ്പ് ഹോള്‍ഡറും പോലുള്ളവയില്ലാത്ത ഫര്‍ണിഷിങ്ങിലെ അപാകതകളും പ്രശ്ങ്ങളുയര്‍ത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ടാറ്റാ ഗ്രൂപ്പ് യു എസ്സിലേയും യൂറോപ്പിലേയും വിപണിയിലേക്ക് തങ്ങളുടെ ഉല്‍പന്നത്തെ അവതരിപ്പിക്കുന്നതിനുള്ള ആഗ്രഹത്തെ കൈവിടുന്നില്ല.

എന്നാല്‍ അമേരിക്കന്‍ നിലവാരത്തിന് അനുസരിച്ച് പുറത്തിറക്കുമ്പോള്‍, അവിശ്വനീയമാം വിധം വില കുറഞ്ഞ കാര്‍ എന്ന വിശേഷണത്തില്‍ നിന്ന് അല്‍പം മാറ്റങ്ങള്‍ വേണ്ടിവരുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 'ചില ഘടനാപരമായ മാറ്റങ്ങള്‍ വേണ്ടിവരും. കൂടാതെ എമിഷന്റെ കാര്യത്തിലും മാറ്റം വേണം. ഇതോടൊപ്പം, നോര്‍ത്ത് അമേരിക്കന്‍ വിപണിക്കു യോജിക്കുന്ന ചില സവിശേഷതകള്‍ കൂടി ചേര്‍ക്കേണ്ടി വരും. അങ്ങനെ വരുമ്പോള്‍ തീര്‍ച്ചയായും വില ഉയര്‍ത്തേണ്ടി വരും,' ടാറ്റാ എക്‌സിക്യൂട്ടിവ് വാറന്‍ ഹാരിസ് അസോസിയേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ശതകോടീശ്വരനായ ടാറ്റാ മേധാവി രത്തന്‍ ടാറ്റാ പറയുന്നത്, പുതിയ സവിശേഷതകളില്‍ പവര്‍ സ്റ്റിയറിംഗ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, വലിയ എഞ്ചിന്‍, കൂടുതല്‍ ശബ്ദ കോലാഹലങ്ങള്‍ തുടങ്ങിയല ഉള്‍പ്പെടുന്നുവന്നാണ്. ഇവയെല്ലാം കൂടി ചേര്‍ക്കുമ്പോള്‍ പുതിയ ടാറ്റാ നാനോയ്ക്ക് വില 8000 ഡോളറിനോട് അടുത്തു വരും. എന്നാല്‍ ഈ വിലയ്ക്കു പോലും നാനോ അമേരിക്കയിലെ ഏറ്റവും വിലകുറഞ്ഞ കാര്‍ ആയിരിക്കും. നിസാന്‍ വേഴ്‌സ (11,750 ഡോളര്‍), ഹ്യൂണ്ടായി ആക്‌സന്റ് (13,205 ഡോളര്‍) തുടങ്ങിയവയായിരിക്കും വിലയുടെ കാര്യത്തില്‍ നാനോയ്ക്ക് തൊട്ടു മുകളിലുള്ള കാറുകള്‍.

 

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഇപ്പോഴും വളരെ മെല്ലെ തിരിച്ചുവരവു നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, 10,000 ഡോളറിനു താഴെയുള്ള കാറിന് സാധ്യതയേറെയാണ്. എന്നാല്‍, ഈ ഇന്ത്യന്‍ കാര്‍ നിര്‍മാതാവിന് തരണം ചെയ്യാന്‍ അമേരിക്കയില്‍ പ്രതിസന്ധികള്‍ ഒരുപാടുണ്ട്. നാനോയ്ക്ക് ഒരു ഡീലര്‍ഷിപ്പ് ഉണ്ടാക്കിയെടുക്കുക എന്നതാണ് അതിലൊന്ന്. ജാഗ്വര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ കമ്പനികള്‍ ടാറ്റയുടെ ഉടമസ്ഥതയിലുണ്ടെങ്കിലും ഇവയുടെ സി ഇ ഒ ആന്‍ഡി ഗോസ് പറയുന്നത് നാനോയുടെ വില്‍പനയ്ക്കായി ഈ ഡീലര്‍മാരെ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല എന്നാണ്.

കഴിഞ്ഞ ഡിസംബറില്‍ കമ്പനിയുടെ തലപ്പത്തു നിന്ന് സ്ഥാനമൊഴിഞ്ഞ ടാറ്റ പറയുന്നത് പുതിയ വിപണിയില്‍ നാനോ വിജയം കൈവരിക്കുമെന്നും ഇന്ത്യയിലെ 'പരാജയം' എന്ന പ്രതിച്ഛായ മറികടക്കുമെന്നുമാണ്. 'സ്മാര്‍ട്ട്, ഫിയറ്റ് 500 കാറുകള്‍ക്ക് ഉയര്‍ന്ന വിലയാണെങ്കിലും അവ ചെറു കാറുകള്‍ ആണെന്നതിനാല്‍ ആളുകള്‍ വാങ്ങുന്നുണ്ട്,' ടാറ്റാ ഓട്ടോമോട്ടീവ് ന്യൂസിനോട് പറഞ്ഞു. 'എന്നാല്‍ എല്ലാവര്‍ക്കുമറിയാം നിങ്ങള്‍ കൂടുതല്‍ പണമാണ് മുടക്കുന്നതെന്ന്. അതുകൊണ്ടു തന്നെ 10,000 ഡോളറിന് താഴെയുള്ള കാറിന് സാധ്യതയുണ്ടെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.'