Breaking News

Trending right now:
Description
 
Nov 04, 2013

ആഗ്ര, ഷിംല, ലഡാക്ക്‌ വഴി ശ്രീനഗറിലേയ്‌ക്ക്‌

മനോഹരയാത്രകള്‍ - ഡിപിന്‍ അഗസ്റ്റിന്‍
image ഒരു മനുഷ്യജീവിതം സന്തോഷപൂര്‍ണമാക്കുവാന്‍തക്ക മന:ശാന്തി നല്‌കുവാന്‍ യാത്രകള്‍ക്കു കഴിയും. എന്നെ സംബന്ധിച്ചിടത്തോളം ഞാനെന്റെ യാത്രകളെ അതിയായി സ്‌നേഹിക്കുകയും മറ്റെന്തിനേക്കാളുമധികം യാത്രകള്‍ക്കായി മനസില്‍ ഇടംകൊടുക്കുകയും ചെയ്യുന്നു. മറ്റെല്ലാ വിചാരങ്ങളില്‍നിന്നും എന്നെക്കുറിച്ച്‌ തന്നെയുള്ള ചിന്തയില്‍നിന്നും എന്നെ അടര്‍ത്തിമാറ്റിക്കൊണ്ട്‌, എകാന്തതയുടെ മാധുര്യം തേടിയാണ്‌ ഞാനെന്റെ യാത്രകളെല്ലാം ആവിഷ്‌കരിച്ചത്‌.

പുതിയയാത്ര തീരുമാനിച്ചപ്പോള്‍ സുഹൃത്ത്‌ സാഗര്‍ കൂടെ വരുന്നുണ്ടെന്നു പറഞ്ഞു. ആഗ്ര, ഡല്‍ഹി, ഷിംല, മണാലി വഴി ലഡാക്കിലേയ്‌ക്കായിരുന്നു യാത്ര തീരുമാനിച്ചത്‌. എനിക്ക്‌ ഏറെ പ്രിയപ്പെട്ട ശ്രീനഗറിലേയ്‌ക്ക്‌ വരുവാന്‍ സാഗര്‍ താത്‌പര്യം പ്രകടിപ്പിക്കാത്തതിനാല്‍ അവിടം ഒഴിവാക്കിയാണ്‌ പ്ലാന്‍ ചെയ്‌തിരുന്നത്‌. ചിരകാലമായ ഒരു അഭിലാഷത്തിന്റെ സാക്ഷാത്‌കാരം കൂടിയായിരുന്നു അത്‌. കല്‍ക്കയില്‍നിന്ന്‌ ഷിംലയിലേയ്‌ക്കുള്ള പൈതൃകതീവണ്ടിയിലൂടെ യാത്ര ചെയ്യണമെന്ന്‌ എത്രയോ തീവ്രമായി ആഗ്രഹിച്ചതാണ്‌. നേരത്തെ ഒരിക്കല്‍ ഈ യാത്രയ്‌ക്കായി ഒരുക്കങ്ങള്‍ നടത്തിയതാണ്‌. എന്നാല്‍, പുതിയ യാത്രകളുടെയും തിരക്കുകളുടെയും തള്ളിക്കയറ്റത്തില്‍ അത്‌ എന്റെ ചിന്താധാരയില്‍നിന്ന്‌ അകന്നുപോകുകയായിരുന്നു.

എറണാകുളത്തുനിന്നും കേരള എക്‌സ്‌പ്രസില്‍ ആഗ്രയിലേയ്‌ക്കു തിരിച്ചു. ആന്ധ്രപ്രദേശിലെ വരണ്ട ഭൂമി ചൂടുകൊണ്ടു പുകയുകയായിരുന്നു. വരണ്ട മണ്ണില്‍ നിന്നടിക്കുന്ന ചൂടുകാറ്റേറ്റ്‌ ചെവിക്കുള്ളില്‍ മുഴക്കം കേള്‍ക്കാമായിരുന്നു. താമസിയാതെ മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ചാറ്റല്‍മഴ സ്വാഗതമേകി. ജനല്‍ അടയ്‌ക്കാതെ മഴയ്‌ക്ക്‌ മുഖം കൊടുത്ത്‌ ഇരിക്കവേ മഴ ശക്തമായി. വാതില്‍പടിയില്‍ ചെന്നുനിന്ന്‌ ഞങ്ങള്‍ രണ്ടുപേരും മഴ മുഴുവന്‍ ഏറ്റുവാങ്ങി. ഗൗരവപ്പെട്ട നോട്ടമെറിഞ്ഞ്‌ ഞങ്ങളുടെ ഈ അബദ്ധപ്രവൃത്തിയെ നോക്കിയവരെ കണ്ടില്ലെന്നു നടിച്ചു. അത്രമേല്‍ ഉല്ലാസപൂര്‍ണമായ ഒരു യാത്ര ആരംഭിക്കാന്‍ ഇതിലധികം മറ്റൊന്നുംതന്നെ വേണമെന്ന്‌ തോന്നിയില്ല.മൂന്നാംദിവസം രാവിലെ പത്തുമണിയോടെ ആഗ്രയിലെത്തി. റെയില്‍വേ സ്‌റ്റേഷനില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ തണുപ്പ്‌ പൂര്‍ണമായും വിട്ടുമാറിയിരുന്നില്ല. ആഗ്ര കോട്ടയിലേക്കാണ്‌ ആദ്യം പോയത്‌. താജ്‌മഹലില്‍നിന്നും രണ്ടര കിലോമീറ്റര്‍ അകലെയാണ്‌ യമുനാനദിക്ക്‌ സമാന്തരമായി നില കൊള്ളുന്ന ആഗ്രയിലെ ഈ ചെങ്കോട്ട. താജ്‌മഹലിനോളംതന്നെ ഒരു പക്ഷേ, അതിനേക്കാളുപരി നിര്‍മാണത്തിലെയും ചരിത്രത്തിന്റെയും പ്രത്യേകതകളാല്‍ എന്റെയുളളില്‍ അനശ്വരമായ പ്രതിധ്വനികള്‍ സൃഷ്ടിച്ചുകൊണ്ട്‌ എന്നെ കീഴ്‌പ്പെടുത്തിക്കളഞ്ഞു ഈ കോട്ട.ബാബര്‍ മുതല്‍ ഔറംഗസേബ്‌ വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ ഈ കോട്ടയില്‍നിന്നാണ്‌ സാമ്രാജ്യം ഭരിച്ചിരുന്നത്‌. ആദ്യകാലത്ത്‌ ചുടുകട്ടകൊണ്ട്‌ നിര്‍മിക്കപ്പെട്ടതായിരുന്നു ഈ കോട്ട. 1080-ല്‍ പണികഴിപ്പിച്ചതാണെന്നാണ്‌ ചരിത്രം പറയുന്നത്‌. പാനിപ്പത്ത്‌ യുദ്ധത്തിലെ വിജയത്തിനുശേഷം മുഗളര്‍ ഈ കോട്ട പിടിച്ചെടുക്കുകയായിരുന്നു. കോഹിനൂര്‍ രത്‌നമടക്കമുള്ള വന്‍ നിധിശേഖരം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഷാജഹാന്റെ ജീവിതാന്ത്യത്തില്‍ അദ്ദേഹത്തിന്റെ പുത്രനായ ഔറംഗസേബ്‌ അദ്ദേഹത്തെ ഈ കോട്ടയില്‍ തടവിലാക്കി. ബംഗാളി-ഗുജറാത്തി ശൈലിയിലുള്ള മനോഹരമായ അഞ്ഞൂറ്‌ കെട്ടിടങ്ങള്‍ ഈ കോട്ടയ്‌ക്കുള്ളിലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇവയില്‍ ചിലത്‌ തന്റെ വെണ്ണക്കല്‍ കെട്ടിടങ്ങളുടെ നിര്‍മിതിക്കായി ഷാജഹാന്‍ പൊളിച്ചുമാറ്റിയത്രേ. കഷ്ടം, അവര്‍ക്കൊക്കെ പിന്നെ എന്തുമാവാമല്ലോ? വെറുതെയായിരിക്കില്ല സ്വന്തം മകന്‍തന്നെ പിടിച്ചുപൂട്ടിയിട്ടത്‌ എന്നാണ്‌ എനിക്കു തോന്നിയത്‌. (തുടരും)

https://www.facebook.com/media/set/?set=a.584770931571134.1073742022.406826496032246&type=3

Contact: dipinaugustine2008@gmail.com